തിരുവനന്തപുരം: പ്രൈമറിതലംമുതൽ ഹയർസെക്കൻഡറിവരെ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാൻ ഖാദർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ താഴേതലത്തിലും നടപ്പാക്കാൻ തീരുമാനം.
നിലവിൽ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഒന്നാക്കിയും സ്കൂൾ മേധാവിയായി ഹയർസെക്കൻഡറി പ്രിൻസിപ്പലിനെ നിയമിച്ചും മുകൾതട്ടിൽ നടപ്പാക്കിയ ലയനം പാക്കേജായി താഴേതലത്തിലും നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗത്തിൽ അറിയിച്ചു. ഇത് നടപ്പാക്കാൻ വിശേഷാൽ ചട്ടം (സ്പെഷൽ റൂൾസ്) രൂപവത്കരിക്കും.
റിപ്പോർട്ട് നടപ്പാക്കുന്നത് വിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അധ്യാപക സംഘടനകളായ കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു നേതാക്കൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ലയനം നടപ്പാക്കുന്നത് അധ്യാപകരുടെ പ്രൊമോഷൻ സാധ്യത വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ, ഉപജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല, മേഖല ഡയറക്ടറേറ്റുകൾ, ഡയറക്ടറേറ്റ് തലങ്ങളിലെ ഘടന പരിഷ്കരണവും അധികാര വിഭജനവും വിശേഷാൽ ചട്ട രൂപവത്കരിക്കുന്നതിന്റെ ഭാഗമായി തയാറാക്കും. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളെയും പ്രൊമോഷൻ സാധ്യതകളെയും ബാധിക്കാത്ത രീതിയിലായിരിക്കും ലയനം നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായ രൂപവത്കരണത്തിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലതലങ്ങളിൽ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഏകീകരണത്തിനുവേണ്ടി തയാറാക്കിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാതെ, അംഗീകൃത അധ്യാപക സംഘടനകളെ മുഴുവൻ വിളിക്കാതെ ക്യു.ഐ.പി സംഘടനകളെ മാത്രം വിളിച്ചാണ് ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ അധ്യാപക സംഘടന ഭാരവാഹികളായ എം. സലാഹുദ്ദീനും, കരീം പടുകുണ്ടിലും പറഞ്ഞു. ക്യു.ഐ.പിയിൽ അംഗമല്ലാത്ത സംഘടനകളുമായി ബുധനാഴ്ച മന്ത്രി പ്രത്യേകം ചർച്ച നടത്തുന്നുണ്ട്.
തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ എണ്ണം പരിശോധിച്ചുള്ള അധ്യാപക തസ്തിക നിർണയം ഈ വർഷം പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗത്തിൽ അറിയിച്ചു. കോവിഡ് കാരണം സ്കൂൾ തുറക്കാത്തതിനാൽ കഴിഞ്ഞ വർഷം തസ്തിക നിർണയം നടത്തിയിരുന്നില്ല. തൊട്ടുമുൻവർഷത്തെ തസ്തിക നിർണയം തന്നെയാണ് കഴിഞ്ഞ വർഷവും തുടർന്നത്. കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റത്തിനനുസരിച്ചുള്ള തസ്തിക നിർണയം നടത്താൻ സ്കൂളുകൾ തുറക്കാത്തത് തടസ്സമായിരുന്നു. എയ്ഡഡ് സ്കൂൾ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്താനും തീരുമാനിച്ചു. ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.