തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനുശേഷം രണ്ടുവർഷത്തിനടുത്ത ഇടവേള കഴിഞ്ഞാണ് സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 21 മുതൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നത്.
2020 മാർച്ച് 20നാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഉൾപ്പെടെ പാതിവഴിയിൽ നിർത്തി സ്കൂളുകൾ അടച്ചത്. ഈ മാസം 21ന് പൂർണരീതിയിൽ തുറക്കുമ്പോൾ പിന്നിടുന്നത് അധ്യയനം തടസ്സപ്പെടുകയോ ഭാഗികമാകുകയോ ചെയ്ത 702 ദിനങ്ങളാണ്.
2020 മാർച്ചിൽ പാതിവഴിയിൽ നിർത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മേയിൽ പൂർത്തിയാക്കിയെങ്കിലും ജൂണിൽ പുതിയ അധ്യയന വർഷം ഓൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ആരംഭിച്ചത്. 2020-21 വർഷം ഏറക്കുറെ പൂർണമായും സ്കൂളുകൾ അടഞ്ഞുകിടന്നു.
പൊതുപരീക്ഷ എഴുതുന്ന വിദ്യാർഥികളെന്ന നിലയിൽ 2021 ജനുവരി ഒന്ന് മുതൽ മാർച്ച് വരെ 10, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ ബാച്ചുകളാക്കി സ്കൂളിലെത്തിച്ച് റിവിഷൻ ക്ലാസും സംശയനിവാരണവും നടത്തി. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഒരു അധ്യയന വർഷം പൂർണമായും അടഞ്ഞുകിടന്നു. 2021 ജൂണിലും പുതിയ അധ്യയന വർഷം ഓൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തുടങ്ങേണ്ടിവന്നു. രണ്ടാം തരംഗ ഭീതി അവസാനിച്ചപ്പോൾ ആദ്യമായി ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ ബാച്ചുകളായി ഉച്ചവരെ സ്കൂളിലെത്തിച്ച് നവംബർ ഒന്ന് മുതൽ അധ്യയനം ആരംഭിച്ചു. വൈകാതെ, മൂന്നാംതരംഗമെത്തിയതോടെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ജനുവരി 21ന് അടയ്ക്കുകയും ഓൺലൈൻ ക്ലാസുകൾ തുടരുകയും ചെയ്തു.
രണ്ടാഴ്ചത്തേക്കാണ് അടച്ചതെങ്കിലും രോഗ വ്യാപനം കുറഞ്ഞ് ക്ലാസുകൾ പുനരാരംഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. മൂന്നാംതരംഗ ഭീതി അവസാനിച്ചതോടെയാണ് തിങ്കളാഴ്ച മുതൽ ബാച്ചുകളായി ഉച്ചവരെ അധ്യയനം പുനരാരംഭിക്കുന്നത്. ഈ മാസം 21 മുതൽ പൂർണതോതിൽ ക്ലാസ് തുടങ്ങും.
പ്രീ പ്രൈമറി ക്ലാസുകൾ കോവിഡിനുശേഷം ആദ്യമായാണ് തിങ്കളാഴ്ച തുറക്കുന്നതെന്നതും പ്രത്യേകതയാണ്. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും പുറമെ മുഴുവൻ ക്ലാസുകൾക്കും ഇത്തവണ വാർഷിക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷം ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് വാർഷിക പരീക്ഷ നടത്താൻ കഴിഞ്ഞിരുന്നില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് അവസാനത്തിലും ഏപ്രിലിലുമായി നടത്തും. മറ്റുള്ളവയുടെ തീയതി പിന്നീട് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.