തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം ജൂൺ ഒന്നിനുതന്നെ സ്കൂളുകൾ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രവേശനോത്സവത്തോടെയായിരിക്കും സ്കൂളുകൾ തുറക്കുകയെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ മന്ത്രി അറിയിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഏതാനും ദിവസത്തിനകം ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.
എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നതിനനുസരിച്ച് പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കും. പി.ടി.എ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കും. കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്ന നടപടി മേയ് 30ന് മുമ്പ് പൂർത്തീകരിക്കും. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ കാമ്പസ്-ക്ലീൻ കാമ്പസ് പദ്ധതി നടപ്പാക്കും.
പച്ചക്കറിത്തോട്ടം അവധിക്കാലത്ത് നശിച്ചുപോകാതെ സംരക്ഷിക്കുന്നതിന് സമീപമുള്ള വിദ്യാർഥികളുടെയും കർഷക സമൂഹത്തിന്റെയും സ്കൂളുകളിലെ വിവിധ ക്ലബുകളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റി നേതൃത്വത്തിൽ പരിപാലിക്കാൻ നിർദേശം നൽകി.
ആദ്യഘട്ടത്തിൽ വിതരണം ചെയ്യേണ്ട 2,82,47,520 ഒന്നാം വാല്യം പാഠപുസ്തകങ്ങളിൽ 1,74,60,775 എണ്ണത്തിന്റെ അച്ചടി പൂർത്തിയാക്കി വിതരണം പുരോഗമിക്കുന്നു. കൈത്തറി യൂനിഫോം വിതരണവും പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.