കാസർകോട്: ബിരുദാനന്തര പഠനത്തിന് സീറ്റിനായി നെട്ടോട്ടമോടുന്ന നാട്ടിൽ കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ പഠിതാക്കളെത്താതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ചില വകുപ്പുകളിൽ പൊതു, സംവരണ വിഭാഗങ്ങളിലായി പകുതിയിലധികം സീറ്റുകളിലും ആളില്ല.
രണ്ട് സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ഒരു സീറ്റിലും ആളെത്തിയില്ല. രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലെ പി.ജി പ്രവേശനത്തിന് കേന്ദ്രീകൃത പ്രവേശന നടപടികൾ പൂർത്തിയാക്കിയശേഷമാണ് ഇത്രയും ഒഴിവുകൾ. ഒഴിവ് നികത്താൻ സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് സർവകലാശാല.
40 സീറ്റുള്ള എം.എ കന്നഡ പഠനവകുപ്പിൽ 28 സീറ്റിൽ ആളില്ല. ജനറൽ-നാല്, ഒ.ബി.സി-11, പട്ടികജാതി ആറ്, പട്ടികവർഗം മൂന്ന്, മുന്നാക്ക സംവരണം-നാല് എന്നിങ്ങനെയാണ് ഒഴിവുകൾ. 40 സീറ്റുള്ള എം.എ മലയാളത്തിൽ പകുതി സീറ്റും കാലിയാണ്. ജനറൽ നാല്, ഒ.ബി.സി 10, പട്ടികജാതി മൂന്ന്, പട്ടികവർഗം മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. എം.എഡിൽ ഒ.ബി.സി ആറ്, പട്ടികജാതി ആറ്, പട്ടികവർഗം മൂന്ന് എന്നിങ്ങനെ സീറ്റ് ഒഴിവുണ്ട്.
ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്കില്‍സ് പ്രോഗ്രാമിൽ 100 സീറ്റിലും ആളെത്തിയില്ലെന്നതാണ് ആശ്ചര്യകരം. ജനറൽ 40, ഒ.ബി.സി 27, പട്ടികജാതി 15, പട്ടികവർഗം എട്ട്, മുന്നാക്ക സംവരണം 10 എന്നിങ്ങനെയാണ് ഒഴിവ്. ഒരുവർഷത്തെ പി.ജി ഡിപ്ലോമ ഇന്‍ ലൈഫ് സ്കില്‍സ് എജുക്കേഷനിൽ 100 സീറ്റും കാലിയാണ്. ജനറൽ 40, ഒ.ബി.സി 27, പട്ടികജാതി 15, പട്ടികവർഗം എട്ട്, മുന്നാക്കസംവരണം 10 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
സ്പോട്ട് അഡ്മിഷന് താൽപര്യമുള്ളവര് നവംബര്‍ 14ന് രാവിലെ 10ന് അതത് പഠനവകുപ്പുകളിൽ എത്താനാണ് നിർദേശം. പ്രവേശനനടപടികൾ വൈകിയതും കാസർകോട് തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലുള്ള കുറവുമാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.