ദുബൈ: ലോകത്തിലെ വലിയ വിദ്യാഭ്യാസ മേളകളിൽ ഒന്നായ ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനവും മിഡിലീസ്റ്റിലെ പ്രധാന ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മേളയായ 'ഗൾഫ് മാധ്യമം'എജുകഫെയും ഒരു കുടക്കീഴിൽ അണിനിരക്കുന്നു. ലോകരാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും വിദഗ്ധരും പങ്കെടുക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനും എജുകഫെ എട്ടാം സീസണും ബുധനാഴ്ച ഷാർജ എക്സ്പോ സെന്ററിൽ തുടക്കമാകും. 22വരെ നീണ്ടുനിൽക്കും. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടക്കുന്ന അന്താരാഷ്ട്രമേളയിലെ ഏക ഇന്ത്യൻ മാധ്യമ സാന്നിധ്യം 'ഗൾഫ് മാധ്യമ'മാണ്. മേളയുടെ മീഡിയ പാർട്ണറായ 'ഗൾഫ് മാധ്യമ'ത്തിനാണ് ഇന്ത്യൻ പവിലിയന്റെ നടത്തിപ്പുചുമതലയും.
18 സീസൺ പിന്നിടുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിൽ ആദ്യമായി 'എജുകഫെ'യും നടക്കുന്നു എന്നതാണ് ഈ സീസണിന്റെ പ്രത്യേകത. കഴിഞ്ഞ ഏഴ് സീസണുകളിൽ എജുകഫെ വിദ്യാഭ്യാസമേഖലക്ക് നൽകിയ സംഭാവനകളാണ് അന്താരാഷ്ട്രമേളയിലെ സുപ്രധാന സാരഥ്യത്തിലേക്ക് നയിച്ചത്. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ രണ്ട് മാസം മുമ്പ് ഒപ്പുവെച്ചിരുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളിലെ യൂനിവേഴ്സിറ്റികൾ, കോളജുകൾ, ഹൈസ്കൂളുകൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കരിയർ ഗൈഡൻസ് സെന്ററുകൾ, ഡിസ്റ്റൻസ് ലേണിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്, ഇമിഗ്രേഷൻ കൺസൽട്ടന്റുകൾ തുടങ്ങിയവരെല്ലാം വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായുണ്ടാകും.
വിദേശരാജ്യങ്ങളിലെ കോഴ്സുകളെ കുറിച്ചും ജോലിസാധ്യതകളെ കുറിച്ചും നേരിട്ടറിയാൻ ഇവിടെ എത്തിയാൽ മതി. ഗ്രാജ്വേഷൻ, പോസ്റ്റ് ഗ്രാജ്വേഷൻ, വൊക്കേഷനൽ കോഴ്സ്, ടെക്നിക്കൽ കോഴ്സ്, മെഡിക്കൽ വിദ്യാഭ്യാസം, സിവിൽ ഏവിയേഷൻ തുടങ്ങിയവയുടെ സാധ്യതകളെ കുറിച്ചുള്ള സംശയങ്ങൾ നേരിൽ ചോദിച്ചറിയാം.
കേരള മുൻ ഡി.ജി.പി ഋഷിരാജ് സിങ്, ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സന്തതസഹചാരിയും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീജൻപാൽ സിങ്, അവതാരകനും കേരള യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ ഡോ. അരുൺകുമാർ, മജീഷ്യൻ രാജ മൂർത്തി, ബയോ ഹാക്കിങ് വിദഗ്ധൻ മഹ്റൂഫ്, ഹരികിഷോർ ഐ.എ.എസ് തുടങ്ങിയവരാണ് എജുകഫെയിലെ മുഖ്യാതിഥികൾ. പുതിയ കോഴ്സുകൾ തേടുന്ന വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും കരിയറിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർക്കും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും പ്രചോദനം പകരുന്ന വിവിധ സെഷനുകൾ ഉണ്ടാകും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച മൂന്ന് വരെയും വെള്ളി, ശനി ദിവസങ്ങളിൽ ഉച്ച മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുമായിരിക്കും പ്രദർശനം. ഉദ്ഘാടനച്ചടങ്ങിൽ ഷാർജ രാജകുടുംബാംഗങ്ങളും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ഇവിടെയെത്തുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അമ്പതോളം പേർക്ക് ഒമാനിലെ മുസന്തത്തിലേക്ക് 'സ്മാർട്ട് ട്രാവൽസ്'യാത്രയൊരുക്കും. ലണ്ടൻ ബൈക്ക് നൽകുന്ന ജി.ടി അഗ്രസർ സൈക്കിളും സമ്മാനമായി ലഭിക്കും.
കഴിഞ്ഞ വർഷം നടന്ന 17ാമത് വിദ്യാഭ്യാസ പ്രദർശനത്തിൽ 20 രാജ്യങ്ങളിലെ 75ഓളം എക്സിബിറ്റർമാർ എത്തിയിരുന്നു. 18,000ത്തോളം സന്ദർശകരാണ് ഷാർജ എക്സ്പോ സെന്ററിൽ എത്തിയത്.
കോഡിങ്ങും റോബോട്ടിക്സും പഠിക്കാം
ഭാവിയുടെ സാങ്കേതികവിദ്യയായ കോഡിങ്ങിന് അതിപ്രാധാന്യം നൽകുന്ന നാടാണ് യു.എ.ഇ. 10 ലക്ഷം അറബ് കോഡർമാരെ സൃഷ്ടിക്കുന്ന പദ്ധതിക്ക് അഞ്ചു വർഷം മുമ്പേ യു.എ.ഇ തുടക്കംകുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി അടുത്തിടെ മികച്ച കോഡർമാരെ തിരഞ്ഞെടുത്ത് വമ്പൻ സമ്മാനങ്ങളും നൽകി. കരിയർ മേഖലയിൽ ഒഴിവാക്കാനാവാത്ത സാങ്കേതികവിദ്യയായി കോഡിങ് മാറുമ്പോൾ 'ഗൾഫ് മാധ്യമം'എജുകഫേയിൽ കോഡിങ്ങിനെക്കുറിച്ച് വിശദമാക്കാൻ വിദഗ്ധരെത്തുന്നു.
കുട്ടികളെ കോഡിങ്ങിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് വലിയ അവസരമാണ് എജുകഫേ. കോഡിങ് സ്കൂൾ അധികൃതരാണ് എജുകഫേയിൽ ക്ലാസുകളും സ്റ്റാളുമായി എത്തുന്നത്. റോബോട്ടിക്സ്, നിർമിതബുദ്ധി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും അവയുടെ പഠനരീതികളും ജോലിസാധ്യതകളുമെല്ലാം ഇവർ വിവരിക്കും.
കോഡിങ് സ്കൂളിന്റെ സ്റ്റാളിൽ 30 മിനിറ്റ് നീണ്ടുനിൽക്കുന്ന സൗജന്യ കോഡിങ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസ് നടക്കും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ കോഡിങ് പഠിക്കാനുള്ള സൗകര്യവുമൊരുക്കും. ഭാഗ്യമുണ്ടെങ്കിൽ, താൽപര്യമുണ്ടെങ്കിൽ 100 ശതമാനം സ്കോളർഷിപ്പോടെ കോഡിങ് പഠിക്കാനുള്ള അവസരം നിങ്ങളുടെ മക്കളെ തേടിയെത്തിയേക്കാം. ഇന്നുതന്നെ myeducafe.comൽ രജിസ്റ്റർ ചെയ്ത് എജുകഫേയുടെ ഭാഗമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.