കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിലെ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്റ്റംബർ ഒന്നിന് തുടങ്ങാൻ സാധ്യത. യു.ജി.സി അനുമതിക്കായി സർവകലാശാല സമർപ്പിച്ച രേഖകളുടെ ഓൺലൈൻ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിരുന്നു.
ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകളും സമർപ്പിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ബ്യൂറോയുടെ അനുമതി ലഭിച്ചാൽ സെപ്റ്റംബർ ഒന്നിന് പ്രവേശനത്തിനുള്ള വിജ്ഞാപനമിറങ്ങും. തുടർന്ന് അധ്യയനം തുടങ്ങാൻ കഴിയും വിധമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ലേണർ സപ്പോർട്ട് സെന്ററുകളുമായുള്ള ധാരണപത്രം സർവകലാശാല ഒപ്പുവെച്ചിട്ടുണ്ട്.
കൊല്ലം കുരീപ്പുഴയിലുള്ള സർവകലാശാല ആസ്ഥാനത്ത് മികച്ച ലൈബ്രറിയും സജ്ജമാക്കുന്നുണ്ട്. 17 ബിരുദ-ബിരുദാനന്തര കോഴ്സുകളാണ് ആദ്യം തുടങ്ങുന്നത്.
തൃപ്പൂണിത്തുറ ഗവ. കോളജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുറന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഏകോപനം സർവകലാശാല ആസ്ഥാനത്താണ്.
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടേത് തൃപ്പൂണിത്തുറ ഗവ. കോളജിലും പാലക്കാട്, തൃശൂർ ജില്ലകളുടേത് പട്ടാമ്പി ഗവ. സംസ്കൃത കോളജിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേത് കോഴിക്കോട് ഗവ. ആർട്സ് കോളജിലും കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടേത് തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.