ശ്രീശങ്കരാചാര്യ സർവകലാശാല: ഗവേഷണ വിദ്യാർഥികളുടെ പ്രവേശനത്തിൽ ക്രമക്കേടെന്ന്

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർഥികളുടെ പ്രവേശനത്തിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. യു.ജി.സി വ്യവസ്ഥ പൂർണമായും ലംഘിച്ചതോടെ ഗവേഷണ വിദ്യാർഥി പ്രവേശനവും സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾക്ക് സമാനമായതായി സർവകലാശാല സംരക്ഷണ സമിതി ആരോപിച്ചു. മലയാളം വകുപ്പിൽ പിഎച്ച്.ഡി ഗവേഷണത്തിന് ഒമ്പത് ഒഴിവുള്ളതിൽ, ഇൻറർവ്യൂ കഴിഞ്ഞപ്പോൾ പ്രവേശന പരീക്ഷയിൽ എട്ടാം റാങ്ക് ലഭിച്ച ജില്ലയിലെ മുൻ കോൺഗ്രസ് എം.എൽ.എയുടെ ഭാര്യയുടെ റാങ്ക് 17 ആയി മാറി.

പ്രവേശന പരീക്ഷയിലെ രണ്ടാം റാങ്ക് പതിനഞ്ചാം സ്ഥാനത്തും മൂന്നാം റാങ്ക് ഒമ്പതാമതും നാലാം റാങ്ക് 36ാമതും ഏഴാം റാങ്ക് 33ാമതുമായി. എന്നാൽ, അഞ്ചാം റാങ്ക് ഒന്നാംസ്ഥാനത്തും പത്തൊമ്പതാം റാങ്ക് നാലിലും പതിനാലാം റാങ്ക് ആറാം സ്ഥാനത്തും പതിനഞ്ചാം റാങ്ക് ഏഴാം സ്ഥാനത്തും റാങ്ക് ചെയ്ത് ഇൻറർവ്യൂ ബോർഡ് പട്ടിക പൂർണമായും അട്ടിമറിച്ചെന്ന് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. യു.ജി.സി നിയമപ്രകാരം പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്‍റെ 70 ശതമാനത്തോടൊപ്പം ഇൻറർവ്യൂവിന്‍റെ 30 ശതമാനം മാർക്ക് കൂട്ടിച്ചേർത്താണ് അവസാന റാങ്ക് പട്ടിക തയാറാക്കേണ്ടത്.

പ്രവേശന പരീക്ഷയുടെ മാർക്ക് പൂർണമായും അവഗണിച്ച് ഇൻറർവ്യൂ ബോർഡ് റാങ്ക് പട്ടിക തയാറാക്കിയതോടെ പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചവർ തഴയപ്പെട്ടു. പ്രവേശനപരീക്ഷ മാർക്ക് അവഗണിച്ച് ഇൻറർവ്യൂ മാർക്കിന്‍റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക നിശ്ചയിക്കുന്നത് സ്വജന പക്ഷപാതം കാട്ടാനാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. ഈ വർഷത്തെ എല്ലാ ഗവേഷണ വിദ്യാർഥി പ്രവേശന നടപടികളും നിർത്തണമെന്നും യു.ജി.സി ചട്ടപ്രകാരം പ്രവേശനം നടത്താൻ വി.സിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Tags:    
News Summary - Sri Shankaracharya University: Irregularity in admission of research students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.