തിരുവനന്തപുരം: പരാതികളില്ലാതെ സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷക്ക് തുടക്കം. ആദ്യദിനത്തിൽ നടന്ന ഒന്നാംഭാഷ പാർട് ഒന്ന് മലയാളം ഉൾപ്പെടെ ഭാഷ പരീക്ഷ വിദ്യാർഥികളെ വലച്ചില്ല. സംസ്ഥാനത്താകെ 71 വിദ്യാർഥികൾ മാത്രമാണ് പരീക്ഷക്ക് ഹാജരാകാതിരുന്നത്. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത 4,19,362 പേരിൽ 4,19,291 പേരും ഹാജരായി.
ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങും. എസ്.എസ്.എൽ.സിയിൽ മലയാളത്തിന് പുറമെ, തമിഴ്/കന്നട/ഉർദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്റൽ-ഒന്നാം പേപ്പർ/ അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ എന്നീ വിഷയങ്ങളുടെ പരീക്ഷയും ആദ്യദിനത്തിൽ നടന്നു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്കൂളിൽ ഏതാനും ക്ലാസ് മുറികളിൽ ചോദ്യപേപ്പർ വിതരണത്തിൽ കാലതാമസം വന്നെന്നും ഇതുകാരണം കുട്ടികൾക്ക് മതിയായ സമയം ലഭിച്ചില്ലെന്ന പരാതി ഉയരുകയും ചെയ്തിരുന്നു. എന്നാൽ, ജില്ല വിദ്യാഭ്യാസ ഓഫിസർ സ്കൂളിൽ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് പരീക്ഷ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. 13ന് രണ്ടാം ഭാഷയായ ഇംഗ്ലീഷാണ് എസ്.എസ്.എൽ.സിയിൽ അടുത്ത പരീക്ഷ.
വെള്ളിയാഴ്ച 2023 കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർഥികൾ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. രണ്ടാം വർഷ വിദ്യാർഥികൾക്ക് വെള്ളിയാഴ്ച സോഷ്യോളജി/ ആന്ത്രപ്പോളജി/ ഇലക്ട്രോണിക്സ് സിസ്റ്റംസ് എന്നിവയാണ് പരീക്ഷ. ഒന്നാം വർഷ വിദ്യാർഥികൾക്ക് പാർട് രണ്ട് ലാംഗ്വേജസ്/ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയാണ് വെള്ളിയാഴ്ച പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ. മാർച്ച് 30ന് ആണ് ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 389 കേന്ദ്രങ്ങളിലായി നടക്കുന്ന ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷക്ക് 28,820 പേരും രണ്ടാം വർഷത്തിന് 30,740 പേരും ഹാജരാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.