തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലും ചോദ്യപേപ്പറിലും വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന പരിഷ്കരണം എസ്.എസ്.എൽ.സി ഫലത്തിൽ പ്രതിഫലിച്ചു. മോഡറേഷനില്ലാതെ തന്നെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനം ഉയരാൻ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതാണ്. ചോദ്യപേപ്പറിലെ ഒാരോ പാർട്ടിലും 25 ശതമാനം ചോദ്യങ്ങൾ അധികം നൽകി ഇവയിൽനിന്ന് വിദ്യാർഥികൾക്ക് തെരഞ്ഞെടുത്ത് എഴുതാൻ അവസരം നൽകുന്നതായിരുന്നു ചോദ്യപേപ്പറിൽ വരുത്തിയ പ്രധാന മാറ്റം. കഴിഞ്ഞ വർഷം വരെ ഒാരോ പാർട്ടിലും നൽകുന്ന ചോദ്യങ്ങൾക്കും മുഴുവൻ ഉത്തരം എഴുതേണ്ടിയിരുന്നു. ഉത്തരം അറിയാതെ വന്നാൽ വിദ്യാർഥിക്ക് മാർക്ക് നഷ്ടമാകുന്നതായിരുന്നു അവസ്ഥ.
ഇത്തവണ വരുത്തിയ മാറ്റത്തിലൂടെ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം അറിയാത്ത അവസ്ഥയുണ്ടെങ്കിൽ പകരം തെരഞ്ഞെടുത്ത് എഴുതാൻ അധികം ചോദ്യങ്ങൾ നൽകുകയായിരുന്നു. ഇത് വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം കുറക്കാനും അതുവഴി കൂടുതൽ മാർക്ക് നേടാനും സഹായകമായെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ വിലയിരുത്തൽ. വിജയശതമാനത്തിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലുമുണ്ടായ വർധന ഇത് ശരിവെക്കുന്നതാണ്. 100 ശതമാനം നേടിയ സ്കൂളുകളുടെ വിജയത്തിലും ഇത്തവണ വർധനയുണ്ടായി. അധികം ചോദ്യങ്ങർ നൽകിയ സാഹചര്യത്തിൽ നിർദേശിച്ചതിലും അധികം എണ്ണത്തിന് വിദ്യാർഥികൾ ഉത്തരമെഴുതിയാൽ മികച്ച ഉത്തരത്തിന് മാർക്ക് നൽകാനുള്ള തീരുമാനവും നിർണായകമായി.
തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരമൊരുക്കിയതിെൻറ പ്രതിഫലനം വിദ്യാർഥികൾക്ക് പൊതുവെ കടുപ്പമേറിയ കണക്ക്, സോഷ്യൽ സയൻസ് എന്നിവയുടെ ഫലത്തിൽ കാണാനായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കണക്കിെൻറയും സോഷ്യൽ സയൻസിെൻറയും വിജയ ശതമാനത്തിലും മാർക്ക് ശരാശരിയിലും വർധനയുണ്ടായി. കഴിഞ്ഞ വർഷം കണക്കിൽ സംസ്ഥാന ശരാശരി മാർക്ക് 50.97 ശതമാനമായിരുന്നു. ഇത്തവണയിത് 57.85 ശതമാനമായി ഉയർന്നു.
സോഷ്യൽ സയൻസിൽ കഴിഞ്ഞ വർഷം 64.08 ശതമാനമായിരുന്നു ശരാശരി മാർക്ക്. ഇത്തവണയിത് 65.71 ശതമാനമായി ഉയർന്നു. കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയിലും ഇൗ വർധന പ്രകടമായി. അൽപം കടുപ്പമായിരുന്ന ഫിസിക്സിൽ ശരാശരി മാർക്കിൽ കുറവ് വന്നിട്ടുണ്ട്. കണക്കിലെയും സോഷ്യൽ സയൻസിലെയും വിജയശതമാനത്തിലും ഇത്തവണ ഉയർച്ചയുണ്ട്. കണക്കിൽ കഴിഞ്ഞ വർഷം 97.29 ശതമാനമായിരുന്നു വിജയമെങ്കിൽ ഇത്തവണയിത് 99.05 ആയി ഉയർന്നു.
സോഷ്യൽ സയൻസിൽ കഴിഞ്ഞ വർഷം വിജയം 99.19 ശതമാനമായിരുന്നത് ഇത്തവണ 99.50 ആയും ഉയർന്നു. കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുടെ ശതമാനത്തിലും ഇൗ വർധനയുണ്ട്. ഫിസിക്സിൽ വിജയശതമാനം കുറഞ്ഞിട്ടുമുണ്ട്. പഠനഭാരം അധികമുള്ള സോഷ്യൽ സയൻസിൽനിന്ന് നിശ്ചിത ഭാഗങ്ങൾ ഒഴിവാക്കി പഠിക്കാൻ അവസരമൊരുക്കിയ പരിഷ്കാരവും ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.