തിരുവമ്പാടി: നൂറു ശതമാനം കാഴ്ചപരിമിതിയുള്ള ജ്വൽ മനോജ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയത് സ്വന്തമായി പരീക്ഷയെഴുതി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ പകർത്തെഴുത്തുകാരനില്ലാതെ ജ്വൽ മനോജ് കമ്പ്യൂട്ടറിൽ പരീക്ഷയെഴുതുകയായിരുന്നു.
കമ്പ്യൂട്ടറിൽ മലയാളത്തിലും ഇംഗ്ലീഷിലും നന്നായി ടൈപ്പ് ചെയ്യാനറിയുന്ന ജ്വലിന്റെ സ്വന്തമായി പരീക്ഷയെഴുതണമെന്ന മോഹം സ്കൂൾ അധികൃതരാണ് സഫലമാക്കിയത്. വിദ്യാർഥിയുടെ അപേക്ഷ പരിഗണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതി നൽകുകയായിരുന്നു. കമ്പ്യൂട്ടർ എൻജിനീയറാവുകയാണ് ജ്വൽ മനോജിന്റെ ആഗ്രഹം. പിയാനോ വായനയിലും മിടുക്കനാണ്. ആലുവയിലെ സ്കൂൾ ഫോർ ബ്ലൈൻഡിലായിരുന്നു നാലാം ക്ലാസ് വരെ പഠനം.
അഞ്ചാം ക്ലാസിൽ തൃശൂർ അത്താണിയിലെ ജെ.എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ ചേർന്നതോടെ പൊതുവിദ്യാലയത്തിലായി അധ്യയനം. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെത്തുന്നത് എട്ടാം ക്ലാസിലാണ്. തിരുവമ്പാടി കറ്റ്യാട് പാറേകുടിയിൽ മനോജ്-അമ്പിളി ദമ്പതികളുടെ മകനാണ്. ജ്വൽ മനോജിന്റെ ഇരട്ട സഹോദരിയായ ജുവാന മനോജും ഭിന്നശേഷിക്കാരിയാണ്. ജസ് വിൻ മനോജ്, ജസ് ലിയ മനോജ് എന്നിവരാണ് മറ്റു സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.