തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതോടെ, പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താൻ നടപടി തുടങ്ങി.
മതിയായ കമ്പ്യൂട്ടർ സൗകര്യമുള്ള കോളജുകൾ, സ്കൂളുകൾ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങളാക്കാൻ ആലോചിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ, കേപ് ഡയറക്ടർ, എൽ.ബി.എസ് ഡയറക്ടർ തുടങ്ങിയവർക്ക് പ്രവേശന പരീക്ഷ കമീഷണർ കത്തയക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നാണ് നടപടികൾ ആരംഭിച്ചത്. ആർട്സ് ആൻഡ് സയൻസ് കോളജുകൾ, എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ തുടങ്ങിയവയാണ് പരീക്ഷ കേന്ദ്രങ്ങളാക്കാൻ ആലോചിക്കുന്നത്. വയനാട്, ഇടുക്കി പോലുള്ള മലയോര ജില്ലകളിലുൾപ്പെടെ കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങളൊരുക്കൽ വെല്ലുവിളിയാണ്.
പരീക്ഷ നടത്തുന്നതിന് സാങ്കേതിക സഹായം ലഭ്യമാക്കേണ്ട ഏജൻസിയുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും. നേരത്തേ ടെൻഡറിലൂടെ കണ്ടെത്തിയ ടി.സി.എസിനെയോ സർക്കാർ ഏജൻസി എന്ന നിലയിൽ സി.ഡിറ്റിനെയോ ആണ് പരിഗണിക്കുന്നത്. സി.ഡിറ്റ് നിലവിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് നടത്തുന്ന എൽഎൽ.ബി, എൽഎൽ.എം, കെ.മാറ്റ് തുടങ്ങിയ ഓൺലൈൻ പരീക്ഷ നടത്തുന്നുണ്ട്. എന്നാൽ, ഒരു ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന എൻജിനീയറിങ് എൻട്രൻസ് ഒരു ദിവസം കൊണ്ട് നടത്താൻ കഴിയില്ല.
വ്യത്യസ്ത ചോദ്യമുപയോഗിച്ച് ഒന്നിലധികം ദിവസം കൊണ്ട് മാത്രമേ എൻജിനീയറിങ് എൻട്രൻസ് നടത്തിയെടുക്കാനാകൂ. വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുമ്പോൾ പരീക്ഷ സ്കോർ ശാസ്ത്രീയ രീതിയിൽ നോർമലൈസ് ചെയ്യാനുള്ള സോഫ്റ്റ്വെയർ ഉൾപ്പെടെ ആവശ്യമാണ്. ഒരു ദിവസം തന്നെ രണ്ട് ബാച്ചായി പരീക്ഷ നടത്തുകയും വേണ്ടിവരും. ഇത്തരം സൗകര്യങ്ങളൊരുക്കാൻ താരതമ്യേന ചെറിയ പരീക്ഷ നടത്തുന്ന സി.ഡിറ്റിന് കഴിയുമോ എന്നതിൽ സംശയമുണ്ട്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകൾ നടത്തി പരിചയമുള്ള ടി.സി.എസ് സ്വകാര്യ ഏജൻസിയാണെന്നതും സർക്കാറിനെ കുഴക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.