മലപ്പുറം: ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്കുള്ള കേന്ദ്രസർക്കാർ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാൻ അവസരം നൽകാത്തതിനെതിരെ ഗവേഷക വിദ്യാർഥികൾ കോടതിയെ സമീപിക്കുന്നു. മൗലാന ആസാദ് നാഷനൽ ഫെലോഷിപ് (എം.എ.എൻ.എഫ്), നാഷനൽ ഫെലോഷിപ് ഫോർ അദർ ബാക്ക്വേഡ് ക്ലാസ് (എൻ.എഫ്.ഒ.ബി.സി), നാഷനൽ ഫെലോഷിപ് ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് (എൻ.എഫ്.എസ്.സി) എന്നിവക്ക് ഗവേഷണ വിഷയവും യു.ജി.സി നെറ്റ് യോഗ്യതയും പി.ജി മാർക്കും വരുമാനവുമെല്ലാമായിരുന്നു മാനദണ്ഡം.
ഇക്കുറി അപേക്ഷ പോലും ക്ഷണിക്കാതെ 2019ലെ നെറ്റ് പരീക്ഷകളിലെ പ്രകടനത്തിെൻറ മാത്രം അടിസ്ഥാനത്തിൽ ഫെലോഷിപ് ലിസ്റ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി). മാനദണ്ഡങ്ങളിലും മാറ്റം വരുത്തി.നേരത്തെ ഏത് വർഷം നെറ്റ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാമായിരുന്നു. 2019 ജൂൺ, ഡിസംബർ മാസങ്ങളിൽ നെറ്റ് ജയിച്ചവർക്ക് മാത്രമേ അപേക്ഷിക്കാവൂവെന്നാണ് പുതിയ നിബന്ധന. 2018 ഡിസംബറിലെ നെറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ വൈകിയതിനാൽ 2019ലും 2020ലും അപേക്ഷിക്കാൻ കഴിയാതെ പോയവരുണ്ട്.
2019 ഏപ്രിലിലാണ് ഇതിെൻറ ഫലം വന്നത്. എം.എ.എൻ.എഫ് അപേക്ഷ സമർപ്പണം ഇതേ വർഷം ജനുവരിയിൽ അവസാനിച്ചിരുന്നു. 2020ലെ എൻ.എഫ്.ഒ.ബി.സി, എൻ.എഫ്.എസ്.സി പട്ടികകളിലും 2018 ഡിസംബർ നെറ്റുകാരെ പരിഗണിച്ചില്ല. മൗലാന ആസാദ് നാഷനൽ ഫെലോഷിപ്പിന് അപേക്ഷിക്കാൻ പ്രത്യേക പോർട്ടലുണ്ടായിരുന്നു.
ഇത്തവണ യു.ജി.സി വെബ്സൈറ്റിൽത്തന്നെയാണ് അവസരം നൽകിയത്. വിജ്ഞാപനം വരുന്നതിെൻറ ഒരുമാസം മുമ്പ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു.എല്ലാ വർഷവും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്കുള്ള ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചിരുന്നത് ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം പലപ്പോഴും രണ്ട് വർഷം കൂടുമ്പോഴായി. 2018ൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി വിജ്ഞാപനം ഇറക്കിയപ്പോൾ ഗവേഷക വിദ്യാർഥികളുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കേണ്ടിവന്നിരുന്നു. കോവിഡ് കാലത്ത് പ്രതിഷേധമുണ്ടാവില്ലെന്ന ധാരണയിലാണ് സർക്കാറെന്ന് ഇവർ ആരോപിച്ചു.
യു.ജി.സിയുടെ നടപടിക്കെതിരെ വിവിധ കേന്ദ്ര സർവകലാശാലകളിൽ ഗവേഷണം നടത്തുന്നവർ കേരള ഹൈകോടതിയെയാണ് സമീപിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, യു.ജി.സി അധികൃതർ തുടങ്ങിയവർക്കെല്ലാം പലതവണ മെയിൽ അയച്ചെങ്കിലും പ്രതികരണമില്ലെന്ന് ഹൈദരാബാദ് മൗലാന ആസാദ് സർവകലാശാല ഗവേഷക വിദ്യാർഥിനി നജ്മുന്നീസ ചെമ്പയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.