റിയാദ്: ഈജിപ്തിൽ എം.ബി.ബി.എസ് പഠനത്തിന് സ്കോളർഷിപ്പോടെ അഡ്മിഷൻ നേടാൻ അവസരമൊരുക്കുന്ന കോൺക്ലേവ് ജിദ്ദയിലും റിയാദിലും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രശസ്ത യൂനിവേഴ്സിറ്റികളിൽ മെഡിസിൻ വിദ്യാഭ്യാസം നടത്താനുള്ള അവസരമാണ് ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് ഒരുങ്ങുന്നത്.
‘സ്റ്റഡി ഇൻ ഈജിപ്ത്’ എന്നപേരിൽ നടക്കുന്ന പരിപാടിയിൽ ഈജിപ്ഷ്യൻ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര - ഗവേഷണ മന്ത്രാലയ തലവൻ ഡോ. ശരീഫ് യൂസഫ് അഹ്മദ് സ്വാലിഹ് മുഖ്യാതിഥിയായി പങ്കെടുക്കും. കോൺക്ലേവിൽ അർഹരായ വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷൻ നേടാനാകുമെന്നും സംഘാടകർ വ്യക്തമാക്കി. പത്ത്, 12 ക്ലാസുകളിലെ മാർക്കുകൾ അവലോകനം ചെയ്ത് സ്കോളർഷിപ്പിന് അർഹതയുള്ളവരെയും തത്സമയം തിരഞ്ഞെടുക്കും.
ജിദ്ദയിൽ ഈ മാസം 15ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വൈകീട്ട് ഏഴുവരെ ഹാബിറ്റാറ്റ് ഹോട്ടലിലും 16ന് (ശനിയാഴ്ച) രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ റിയാദിലെ പാർക്ക് ഇൻ റാഡിസൺ ഹോട്ടലിലുമായാണ് കോൺക്ലേവ് നടക്കുന്നത്.
ഈജിപ്തിൽ എം.ബി.ബി.എസിനും മറ്റേതെങ്കിലും രാജ്യത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് ഉപരിപഠനത്തിനും വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് കാമ്പസ് അബ്രോഡ് എജുക്കേഷനൽ സർവിസ് മാനേജിങ് ഡയറക്ടർ സൈതലവി കണ്ണൻതൊടി അറിയിച്ചു. ഈജിപ്തിലെ പ്രസിദ്ധമായ കൈറോ, മൻസൂറ, അലക്സാൻട്രിയ, ഐൻ ഷംസ്, നഹ്ദ തുടങ്ങിയ യൂനിവേഴ്സിറ്റികളിലാണ് പഠനാവസരം.
ഈജിപ്ത് സർക്കാറിന്റെ ‘സ്റ്റഡി ഇൻ ഈജിപ്ത്’ പദ്ധതിയുടെ പ്രചാരണാർഥമാണ് സ്പോൺസർഷിപ് ഉൾപ്പെടെയുള്ള ആകർഷകമായ പാക്കേജ്. ഈജിപ്ഷ്യൻ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര-ഗവേഷണ മന്ത്രാലയം സൗദിയിൽ ഇതിെൻറ നടത്തിപ്പിനായി കാമ്പസ് അബ്രോഡ് എജുക്കേഷനൽ സർവിസസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ജനറൽ മാനേജർ ഷിഹാബ് പുത്തേഴത്തും ഇൻറർനാഷനൽ റിലേഷൻ ഓഫീസർ മഷ്ഹൂദും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ സ്പോട്ട് അഡ്മിഷൻ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളും വിദ്യാർഥികളും https://bit.ly/480tXqX ൽ രജിസ്റ്റർ ചെയ്യുകയോ 0580464238 / 0562850081 എന്നീ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കുട്ടികൾ സ്ഥലത്തില്ലെങ്കിൽ രക്ഷിതാക്കൾക്ക് പരിപാടിയിൽ സംബന്ധിക്കാമെന്നും പൂർണമായും സൗജന്യമാണ് പരിപാടിയെന്നും സംഘാടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.