ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിഴൽനോക്കി സമയമറിയുന്ന സൺ ഡയൽ (സൂര്യഘടികാരം) വിദ്യാലയമുറ്റത്ത് വീണ്ടും ചലിച്ചുതുടങ്ങി. ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലാണ് പഴമയുടെ സ്മാരകമായ ‘നിഴൽഘടികാരം’ നവീകരിച്ചത്. മുൻ ചിത്രകലാ അധ്യാപകൻ മോഹൻകുമാറിന്റെ നേതൃത്വത്തിൽ പൂർവിദ്യാർഥി സംഗമത്തിന്റെ ഭാഗമായി ഒത്തുചേർന്ന 1972 എസ്.എസ്.എൽ.സി എ ബാച്ചിലെ വിദ്യാർഥികളാണ് സൺഡയൽ തിരിച്ചുകൊണ്ടുവന്നത്. 1905ലാണ് സനാതനധർമ വിദ്യാശാല സ്ഥാപിച്ചത്.
എക്കാലത്തും ഉപയോഗിക്കാൻ കഴിയുന്നവിധം 1938ലാണ് സൂര്യഘടികാരത്തിന്റെ പിറവി. ഭൂമിയിൽ അക്ഷാംശരേഖ കടന്നുപോകുന്ന സ്ഥലം കണ്ടെത്തിയായിരുന്നു നിർമാണം. വെയിലേൽക്കുമ്പോൾ ഘടികാരത്തിന്റെ താഴെയുള്ള വരയിൽ രൂപപ്പെടുന്ന നിഴൽനോക്കിയാണ് പകൽസമയം നിശ്ചയിക്കുന്നത്. അക്കാലത്ത് ഈ സമയം നോക്കിയാണ് സ്കൂളിൽ ബെല്ലടിച്ചിരുന്നത്.
വർഷങ്ങളോളം അത് തുടർന്നു. സമയമറിയാൻ വാച്ചും ക്ലോക്കും അടക്കം എത്തിയതോടെ പഴയ സംവിധാനം ഉപയോഗശൂന്യമായി. 1975ൽ നവീകരണം നടത്തിയെങ്കിലും അധികകാലം മുന്നോട്ടുപോയില്ല.
വെയിൽ ഉദിക്കുന്നത് മുതൽ നിഴൽ നോക്കിയാണ് സൺഡയലിന്റെ പ്രവർത്തനം. ചരിഞ്ഞ പ്രതലത്തിൽ തീർത്ത മുകൾഭാഗത്തെ ഭിത്തിയുടെ നിഴലാണ് സമയമായി കണക്കാക്കുന്നത്.
നിഴലിന്റെ സഞ്ചാരം നോക്കി മിനിറ്റും കണ്ടെത്താം. സമർപ്പണച്ചടങ്ങിൽ എസ്.ഡി.വി സ്കൂൾ മാനേജർ പ്രഫ. എസ്. രാമാനന്ദ്, പി.ടി.എ പ്രസിഡന്റ് അഡ്വ. മനോജ്കുമാർ, പ്രിൻസിപ്പൽ എസ്. ജയശ്രീ, മാനേജിങ് കമ്മിറ്റി അംഗം എ. ശിവസുബ്രഹ്മണ്യം, 1972 എസ്.എസ്.എൽ.സി ബാച്ചിലെ രാജീവ്, മുരളി, കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.