തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരിധിയിലെ അണ് എയ്ഡഡ് കോളജുകളിലെ ചില കോഴ്സുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ സിന്‍ഡിക്കേറ്റ് അനുമതി. 2024-25 അധ്യയന വര്‍ഷത്തില്‍ പുനരാരംഭിക്കാമെന്ന വ്യവസ്ഥയില്‍ 2023-24 ല്‍ ചില കോഴ്സുകള്‍ നിര്‍ത്തലാക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് കോളജ് മാനേജ്മെന്റുകള്‍ക്ക് അനുമതി നല്‍കിയത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ അണ്‍എയ്ഡഡ് കോളജുകളാണ് ചില കോഴ്സുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ അനുമതി തേടി സര്‍വകലാശാലയെ സമീപിച്ചത്.
വിദ്യാർഥികളില്ലാത്തതും മറ്റുമാണ് കാരണം. സര്‍വകലാശാല കാമ്പസ് റോഡുകളുടെ നവീകരണത്തിന് 41 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്കി. സര്‍വകലാശാല പ്രസിലേക്ക് മള്‍ട്ടിഫങ്ഷന്‍ മെഷീന് വാങ്ങുന്നതിലും പരീക്ഷഭവനില്‍ പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലും അനുകൂല തീരുമാനമായി. പരീക്ഷഭവനില്‍ ബാര്‍കോഡിങ് സമ്പ്രദായം നടപ്പാക്കിയതിനാല്‍ സൂപ്പര്‍ സൈന്‍ ഉപയോഗിക്കാന്‍ തടസ്സമുണ്ടായിരുന്നു. ഇത് 18 വിദ്യാർഥികളുടെ ബിരുദപ്രവേശനത്തെ ബാധിച്ചു.
ഇക്കാര്യം പരിഹരിക്കാന്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലേക്ക് മാത്രം ഇളവ് നല്കി.അഫിലിയേഷന് ഫീ നല്‍കാത്ത കോളജുകള്‍ക്ക് പിഴ ചുമത്തി. ഭവന നിര്‍മാണ വായ്പയായി 55 ലക്ഷം രൂപ മൂന്ന് ജീവനക്കാര്‍ക്ക് അനുവദിച്ചു. പ്രസവത്തെത്തുടര്‍ന്ന് മരിച്ച സര്‍വകലാശാല ജീവനക്കാരിയുടെ ഭര്‍ത്താവിന് ഓഫിസ് അറ്റന്‍ഡറായി ജോലി നല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.