തിരുവനന്തപുരം: അധ്യാപകർക്ക് മറ്റ് തസ്തികകളിൽ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നതിന് പിന്നാലെ സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങൾക്ക് താഴുവീഴും. ഇൗ വിദ്യാലയങ്ങളിലെ വിദ്യ വളണ്ടിയർമാർ എന്നറിയപ്പെടുന്ന 344 അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം/ പാർട്ട് ടൈം മീനിയൽ തസ്തികകളിലേക്ക് ഒാപ്ഷൻ പ്രകാരം മാറ്റി സ്ഥിരം നിയമനം നൽകാൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെ ഇത്തരം സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ സമീപത്തെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കുകയോ സർക്കാർ ഹോസ്റ്റലുകളിലേക്ക് മാറ്റിയോ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മലയോര, തീര മേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായി 1994 -95 വർഷത്തിലാണ് വിവിധ ഭാഗങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. 3000 രൂപ ഒാണറേറിയം നൽകിയാണ് പഠിപ്പിക്കാനുള്ള അധ്യാപകരെ നിയമിച്ചിരുന്നത്.
വനത്തിനുള്ളിൽവരെയെത്തി വർഷങ്ങളോളം ജോലി ചെയ്യുന്ന ഇവർക്ക് േജാലി സ്ഥിരത ഉറപ്പാക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ, ഇവരിൽ മിക്കവർക്കും പൊതുവിദ്യാലയങ്ങളിൽ അധ്യാപകരാകാൻ വേണ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സാഹചര്യത്തിലാണ് ഫുൾ ടൈം/ പാർട്ട് ടൈം മീനിയൽ തസ്തികകളിൽ ഒഴിവനുസരിച്ച് ബന്ധപ്പെട്ട ജില്ലകളിൽ നിയമനം നൽകാൻ തീരുമാനിച്ചത്.
ഡി.പി.ഇ.പി നിർത്തലാക്കുകയും സർവശിക്ഷ അഭിയാൻ പദ്ധതി നിലവിൽ വരുകയും ചെയ്തപ്പോൾ ഏകാധ്യാപക വിദ്യാലയങ്ങൾക്കുള്ള പണം അനുവദിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമം നിലവിൽവന്നതോടെ കുട്ടികളെ വ്യവസ്ഥാപിത സ്കൂളുകളിലെത്തിച്ച് വിദ്യാഭ്യാസം നൽകണമെന്നായി.
ഇതിന് പിന്നാലെ എസ്.എസ്.എ ഫണ്ട് നിർത്തലാക്കുകയും ചെയ്തതോടെ സംസ്ഥാന സർക്കാറാണ് 2011 മുതൽ ഏകാധ്യാപക വിദ്യാലയങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഏകാധ്യാപക വിദ്യാലയങ്ങൾ തുടരാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് അധ്യാപകർക്ക് ജോലി സ്ഥിരത നൽകി ഇവ അവസാനിപ്പിക്കാൻ നടപടി തുടങ്ങിയത്.
നിലവിൽ ഇൗ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തും. വനത്തിനുള്ളിലെ താമസസ്ഥലത്തിനടുത്ത് പഠിക്കുന്ന ആദിവാസി കുട്ടികൾ ഉൾപ്പെടെയുള്ളവർ ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടുന്നതോടെ മറ്റിടങ്ങളിലേക്ക് മാറാൻ തയാറാകുമോ എന്നത് സംശയകരമാണ്. ഇത് ആദിവാസി മേഖലയിലെ ഉൾപ്പെടെ പിന്നാക്ക മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വഴിയടയ്ക്കുന്ന നടപടിയാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.