കൊച്ചി: അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ എഴുതാനാവാത്ത വിദ്യാർഥികളെ ജൂനിയർ ബാച്ചിനായി നടത്തുന്ന സെപ്റ്റംബർ 19ലെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈകോടതി. ജൂനിയർ ബാച്ചിനൊപ്പമോ അധിക ബാച്ചുണ്ടാക്കിയോ പരീക്ഷയെഴുതാനാവാത്തവരെ ഉൾപ്പെടുത്തണം. ആരോഗ്യ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ഇക്കാര്യത്തിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിട്ടു. അതേസമയം, നിലവിലെ പരീക്ഷ എഴുതുന്ന വിദ്യാർഥികളെ ചിലർ ഭീഷണിപ്പെടുത്തുന്ന നടപടി അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ചട്ടപ്രകാരം ആവശ്യമായ പരിശീലനം ലഭിക്കാത്ത സാഹചര്യത്തിൽ മാർച്ച് 31ന് ആരംഭിച്ച പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറിലധികം വിദ്യാർഥികൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
മാർച്ച് 31ന് ആരംഭിച്ച പരീക്ഷ 2171 വിദ്യാർഥികൾ എഴുതാതിരുന്നപ്പോൾ 1516 പേർ എഴുതിയതായി സർവകലാശാല അറിയിച്ചു. മാർച്ച് 31ന് പരീക്ഷ എഴുതുന്നവരുടെ സാന്നിധ്യം പരിശോധിച്ച് പരീക്ഷയുടെ സമയക്രമം മാറ്റുമെന്ന് തലേദിവസം സർവകലാശാല അറിയിച്ചിരുന്നു.
കൂടുതൽ വിദ്യാർഥികൾ വിട്ടുനിന്നാൽ പരീക്ഷ മാറ്റുമെന്ന തരത്തിൽ ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കൂടുതൽപേർ വിട്ടുനിൽക്കാൻ ഇത് കാരണമായിട്ടുണ്ടാവാമെന്ന് കോടതിയും അഭിപ്രായപ്പെട്ടു.
മെഡിക്കൽ പി.ജി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്നതടക്കം ചൂണ്ടിക്കാട്ടി പരീക്ഷ മാറ്റിവെക്കുന്നതിനെ എതിർത്തും ചില വിദ്യാർഥികൾ ഹരജി നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച കോടതി പരീക്ഷ മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. അതേസമയം, സെപ്റ്റംബറിലെ പരീക്ഷ നേരത്തേയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് തീരുമാനമെടുക്കണം. കോളജ് അധികാരികളോട് അടക്കം ആലോചിച്ചുവേണം തീരുമാനമെടുക്കാനെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.