പാല: രാജ്യത്തെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസിൽ പാലാ ബില്യന്റ് സ്റ്റഡിസെന്ററിലെ വിദ്യാർഥിയായ തോമസ് ബിജു ചീരംവേലിൽ ദേശീയതലത്തിൽ മൂന്നാം റാങ്കും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കാണ് തോമസ് നേടിയത്.
ബ്രില്യന്റിന്റെ 50 ലക്ഷം രൂപയുടെ കാഷ് അവാർഡിന് അതോടെ തോമസ് അർഹനായി. ജെ.ഇ.ഇ മെയിൻ പ്രവേശനപ്പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 17ാം റാങ്കും കേരളത്തിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ കാവ്യാഞ്ജലി വീട്ടിൽ ഐ.എസ്.ആർ.ഒ സീനിയർ സയന്റിസ്റ്റ് ബിജു സി. തോമസിന്റെയും, വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളജ് അധ്യാപിക റീനി രാജന്റെയും മകനാണ് തോമസ്. ഐ.ഐ.റ്റി ബോംബെയിൽ കമ്പ്യൂട്ടർ സയൻസിന് ചേർന്ന് പഠിക്കാനായിരുന്നു ആഗ്രഹം.
ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വിശ്വനാഥ് വിനോദ് ദേശീയ തലത്തിൽ 252ാം റാങ്കും കേരളത്തിൽ 2ാം സ്ഥാനവും കരസ്ഥമാക്കി. ഇടുക്കി അണക്കര ശങ്കരമംഗലം വീട്ടിൽ വിനോദ് കുമാറിന്റെയും ചാന്ദിനി വിനോദിന്റെയും മകനാണ് വിശ്വനാഥ്. കേരള എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ ബ്രില്യന്റിന്റെ 10 ലക്ഷം രൂപ യുടെ കാഷ് അവാർഡിന് വിശ്വനാഥ് അർഹനായി.
തൃശൂർ പുതുക്കാട് കണ്ണത്തുവീട്ടിൽ എൽവിസിന്റെയും സംഗീതയുടെയും മകനാണ് 318ാം റാങ്ക് നേടിയ ദേവ് എൽവിസ്. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 144ാം റാങ്കോടെ കേരളത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കേരള എൻജിനീയറിങ് പരീക്ഷയിൽ 9ാം റാങ്ക് ഉണ്ടായിരുന്നു.
നീൽ ജോർജ് ഓൾഇന്ത്യ റാങ്ക് - 374, നോബിൻ കിടങ്ങൻ ബെന്നി 454, കെവിൻ തോമസ് ജേക്കബ് 519, അനുപം ലോയ് ജീറ്റോ - 549, നയൻ കിഷോർ നായർ - 566, നവജോത് ബി കൃഷ്ണൻ - 660, ആര്യൻ എസ് നമ്പൂതിരി - 677, ആദിത്യ ദീലിപ് - 733, അമൻ റിഷാൽ സി.എച്ച്, - 752, വിക്ടർ ബിജു - 859, അജീറ്റ് ഇ എസ്. - 947 എന്നിവർ അഖിലേന്ത്യതലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ ഇടം നേടി.
കേരളത്തിൽനിന്നും അഖിലേന്ത്യാതലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ ഇടംനേടിയ 14 കുട്ടികളും ആദ്യ 2000 റാങ്കിനുള്ളിൽ 25ഉം ആദ്യ 3000 റാങ്കിനുള്ളിൽ 35ഉം ആദ്യ 5000 റാങ്കിനുള്ളിൽ 50ഉം പാലാ ബ്രില്യന്റിൽനിന്നാണെന്ന് ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.