representative image

ഇനി ഒരേസമയം രണ്ട് ഡിഗ്രി/പി.ജി കോഴ്സുകൾ പഠിക്കാം

ന്യൂഡൽഹി: രാജ്യത്ത് ഇനി ഒരേ സമയം രണ്ട് ബിരുദ/ബിരുദാനന്തര കോഴ്സുകൾ പഠിക്കാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പരിഷ്കരണം അടുത്ത അധ്യായന വർഷം മുതൽ നടപ്പാക്കാൻ യു.ജി.സി അനുമതി നൽകി. ഇതിനുള്ള മാർഗരേഖ ഇന്ന് പുറത്തിറക്കും.

ഓൺലൈനായും ഓഫ്‌ലൈനായും പഠിക്കാൻ അവസരമുണ്ടാകും. നിലവിൽ ബിരുദത്തിനൊപ്പം ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്‌സോ മാത്രം ചെയ്യാനാണ് യു.ജി.സി അനുമതിയുള്ളത്.

പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒരേ സർവകലാശാലയിലോ വ്യത്യസ്ത സർവകലാശാലകളിലോ കോളജുകളിലോ ഒരേ സമയം വ്യത്യസ്ത ബിരുദ കോഴ്സുകൾക്കു ചേരാൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങും.

ഒരു സർവകലാശാലയിൽ ബിരുദത്തിന് പഠിക്കുമ്പോൾ തന്നെ മറ്റൊരു സർവകലാശാലയുടെ ബിരുദ കോഴ്സിന് ഓൺലൈനായി അഡ്മിഷൻ എടുക്കാം. രണ്ടു കോഴ്സുകളും ഓഫ്‌ലൈനായും അല്ലെങ്കിൽ ഒരു കോഴ്സ് ഓഫ്‌ലൈനും രണ്ടാമത്തേത് ഓൺലൈനിലും അല്ലെങ്കിൽ രണ്ടു കോഴ്സുകളും ഓൺലൈനായുമാണ് ചെയ്യാൻ സാധിക്കുക.

രണ്ട് കോഴ്സും ഓഫ്‍ലൈനായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കോഴ്സ് രാവിലെയും ഒരു കോഴ്സ് വൈകിട്ടുമായാണ് സജീകരിക്കുക. രണ്ട് കോഴ്സുകളും ഓഫ്‌ലൈനാണെങ്കിൽ ഹാജർ നിബന്ധന സർവകലാശാലകൾക്ക് തീരുമാനിക്കാം.

വിദ്യാർഥികൾ വിവിധ കഴിവുകൾ ആർജിക്കുന്നതിനാണ് ഒരേ സമയം രണ്ട് ബിരുദം ചെയ്യാനുള്ള അവസരമൊരുക്കുന്നതെന്നു യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ പറഞ്ഞു.

പി.ജി കോഴ്സ് ചെയ്യാൻ യോഗ്യതയുള്ള വിദ്യാർഥിക്ക് മറ്റൊരു ബിരുദ കോഴ്സും ചെയ്യാം. വ്യത്യസ്ത വിഷയങ്ങൾ ഒരുമിച്ച് പഠിക്കാനും അവസരമുണ്ട്. രണ്ട് കോഴ്സുകളും ഒരേവർഷം തന്നെ ചെയ്യണമെന്നില്ല. രണ്ട് കോഴ്സുകൾ ചെയ്യാനുള്ള സൗകര്യം നൽകണമോ എന്നത് സർവകലാശാലകൾക്ക് തീരുമാനിക്കാം.

Tags:    
News Summary - UGC allows Students to pursue two degrees Simultaneously

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.