ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് രാജ്യത്ത് എം.ബി.ബി.എസ് പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ. എം.ബി.ബി.എസ് പാർട്ട് 1, പാർട് 2 എന്നിവ പാസാകാൻ വിദ്യാർഥികൾക്ക് അന്തിമ അവസരം നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ത്യൻ എംബിബിഎസ് പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിയറി പരീക്ഷ. തെരഞ്ഞെടുത്ത സർക്കാർ മെഡിക്കൽ കോളജുകളിലാണ് പ്രാക്ടിക്കൽ നടത്തുക. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാർഥികൾ രണ്ട് വർഷ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. ആദ്യ വർഷം സൗജന്യമായിരിക്കും. രണ്ടാം വർഷം എൻഎംസി (നാഷനൽ മെഡിക്കൽ കമീഷൻ) തീരുമാനിച്ച പ്രകാരമുള്ള തുക നൽകുമെന്നും കേന്ദ്രം അറിയിച്ചു.
ഇത് ഒറ്റത്തവണത്തേക്ക് മാത്രമുള്ള തീരുമാനമാണെന്നും നിലവിലുള്ള കാര്യങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യക്കാരായ നിരവധി പേരാണ് യുക്രെയ്നിൽ എം.ബി.ബി.എസ് പഠിതാക്കളായി ഉണ്ടായിരുന്നത്. റഷ്യൻ അധിനിവേശത്തോടെ ഇവരുടെ പഠനം തകിടം മറിഞ്ഞു. യുദ്ധത്തെത്തുടർന്ന് പലായനം ചെയ്ത വിദ്യാർത്ഥികൾക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.