തിരുവനന്തപുരം: എം.ബി.ബി.എസ് പ്രവേശനത്തിന് അടുത്ത അധ്യയന വർഷം മുതൽ രാജ്യമെങ്ങും ഏകീകൃത കൗൺസലിങ് നടപ്പാക്കാൻ നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയതോടെ കേരളത്തിലേതുൾപ്പെടെ പ്രവേശന നടപടികളിൽ മാറ്റംവരും.
സംസ്ഥാന ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷിക്കുന്ന രീതിയില്ലാതാകും. പകരം സംസ്ഥാനത്തെ മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കും നിലവിൽ അഖിലേന്ത്യ ക്വോട്ട സീറ്റിൽ പ്രവേശനം നടത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രവേശനം നടത്തും.
നിലവിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിൽ പ്രവേശന പരീക്ഷ കമീഷണറാണ് അലോട്ട്മെന്റ് നടത്തുന്നത്. സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.ഐ ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കും കമീഷണർ തന്നെയാണ് അലോട്ട്മെന്റ് നടത്തുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കാണ് എം.സി.സി കൗൺസലിങ് നടത്തുന്നത്.
ഏകീകൃത കൗൺസലിങ് നടപ്പാകുന്നതോടെ അടുത്ത വർഷം മുതൽ സ്വാശ്രയ കോളജുകളിലേതുൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കും എം.സി.സി വഴിയാകും കൗൺസലിങ്. മെഡിക്കൽ യു.ജി, പി.ജി സീറ്റുകളിലേക്ക് ഏകീകൃത കൗൺസലിങ് നടത്താനുള്ള നിർദേശം 2023 മാർച്ച് 13ന് അയച്ച കത്തിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ നാഷനൽ മെഡിക്കൽ കമീഷൻ കൂടി അംഗീകാരം നൽകിയത്.
ഏകീകൃത കൗൺസലിങ് നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് പ്രത്യേക റാങ്ക് പട്ടിക തയാറാക്കുന്ന രീതി അവസാനിപ്പിക്കും. നീറ്റ് യു.ജി ഫലം അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷ കമീഷണറാണ് സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. ഇതിനായി വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിക്കാറുണ്ട്.
നീറ്റ് ഫലം പുറത്തുവരുന്ന മുറക്ക് പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകിയവരുടെ നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തി സംസ്ഥാന റാങ്ക് പട്ടിക തയാറാക്കും. ഈ പട്ടികയിൽനിന്നാണ് സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്റ് നടത്തിയിരുന്നത്.
ഇതേ പട്ടികയിൽനിന്നാണ് ഡെന്റൽ, മറ്റ് മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കും അലോട്ട്മെന്റ് നടത്തിയിരുന്നത്. എം.ബി.ബി.എസിന് ഏകീകൃത അലോട്ട്മെന്റ് വരുമ്പോൾ ബി.ഡി.എസ്, മറ്റ് മെഡിക്കൽ, അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിന് സംസ്ഥാനം മറ്റൊരു രീതി സ്വീകരിക്കേണ്ടിവരും.
സംസ്ഥാന ക്വോട്ട സീറ്റിലെ പ്രവേശനം കൂടി ഏകീകൃത കൗൺസലിങ്ങിൽ കൂട്ടിച്ചേർക്കുമ്പോൾ സംസ്ഥാനങ്ങൾ വിദ്യാർഥി പ്രവേശനത്തിൽ പിന്തുടരുന്ന സംവരണ രീതി പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഓരോ സംസ്ഥാനങ്ങളിലും സാമുദായിക സംവരണ രീതിയിലും ശതമാനത്തിലും വ്യത്യാസമുണ്ട്. ഇക്കാര്യങ്ങൾ ഏകീകൃത കൗൺസലിങ് നടത്തുന്ന എം.സി.സി പരിശോധിച്ച് വ്യക്തത വരുത്തേണ്ടിവരും.
മെഡിക്കൽ പ്രവേശനത്തിന് കേരളത്തിൽ ഒ.ബി.സി സംവരണം 30 ശതമാനമാണ്. ഇതിൽതന്നെ സമുദായങ്ങൾ തിരിച്ചുള്ള ഉപസംവരണവുമുണ്ട്. എന്നാൽ, എം.സി.സി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിൽ 27 ശതമാനം സംവരണമാണ് നൽകുന്നത്. ഇതിൽ സമുദായം തിരിച്ചുള്ള ഉപസംവരണം നടപ്പാക്കിയിട്ടുമില്ല.
സംസ്ഥാന ക്വോട്ടയിൽ വരുന്ന സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്ക് സംസ്ഥാനത്തെ സംവരണ മാനദണ്ഡവും 15 ശതമാനം അഖിലേന്ത്യ ക്വോട്ടയിലേക്ക് കേന്ദ്ര മാനദണ്ഡവും എം.സി.സി പിന്തുടരേണ്ടിവരും. സംസ്ഥാനങ്ങൾ പിന്തുടരുന്ന സംവരണ രീതിയും ഇക്കാര്യങ്ങളിൽ ഗ്രാഹ്യവുമുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായും നിശ്ചയിച്ചും അറിയിക്കണമെന്ന് നേരത്തേ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.