തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നാല് ഡെയറി സയൻസ് കോളജുകളിൽ മൂന്നിലും 12നു താഴെ മാത്രം വിദ്യാർഥികൾ. രണ്ട് കോളജുകൾ പ്രവർത്തിക്കുന്നതാകട്ടെ പ്രാഥമിക സൗകര്യങ്ങൾപോലും ഇല്ലാത്ത താൽക്കാലിക കെട്ടിടങ്ങളിൽ.
10 വർഷം പിന്നിട്ടിട്ടും ഇവിടെ സ്ഥിരംകെട്ടിടം നിർമിക്കാനുള്ള നടപടിയെടുക്കാതെയാണ് കോടികൾ ബാധ്യത വരുത്തുന്ന അധിക അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താൻ സർവകലാശാല തീരുമാനിച്ചതെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.
വെറ്ററിനറി സർവകലാശാല നിലവിൽ വരുംമുമ്പ് കാർഷിക സർവകലാശാലയുടെ കീഴിൽ തൃശൂർ മണ്ണുത്തിയിലാണ് ഡെയറി കോളജ് പ്രവർത്തിച്ചത്. അതു പിന്നീട് വെറ്ററിനറി സർവകലാശാലയുടെ ഭാഗമായി. പിന്നീടാണ് പൂക്കോടും, തിരുവനന്തപുരത്തെ കൈമനത്തും, വാഗമണിലും പുതിയ കോളജുകൾ ആരംഭിച്ചത്.
പൂക്കോട് കോളജ് ഇപ്പോൾ വെറ്ററിനറി കോളജ് ഹോസ്പിറ്റലിന് മുകളിൽ യാതൊരു സൗകര്യവുമില്ലാതെ പ്രവർത്തിക്കുകയാണ്. കൈമനത്ത് 50 ലക്ഷം രൂപ കെട്ടിടവാടക നൽകിയാണ് കോളജ് പ്രവർത്തിപ്പിക്കുന്നത്.
ഈ രണ്ടു കോളജിലെയും 12നു താഴെ മാത്രമുള്ള വിദ്യാർഥികളെ വാഗമണിലേക്കോ, മണ്ണുത്തിയിലേക്കോ മാറ്റിയാൽ പഠനഗവേഷണ സൗകര്യങ്ങൾ ലഭിക്കും. യഥാർഥ വസ്തുതകൾ മറച്ചുവെച്ച്, ഡെയറി കോളജിൽ 59 അധ്യാപകരുടെ അധികതസ്തിക സൃഷ്ടിക്കാനാണ് പൂക്കോട്ടും കൈമനത്തും കോളജുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.