തിരുവനന്തപുരം: ഹയർ സെക്കൻഡറി കഴിഞ്ഞ് അധ്യാപകരാകാൻ ആഗ്രഹമുണ്ടെങ്കിൽ പണ്ടത്തെപ്പോലെ ഏറെ കാത്തിരിക്കേണ്ടി വരില്ല. നാലുവർഷം കൊണ്ട് ബിരുദവും ബി.എഡും ഒരുമിച്ച് നൽകാൻ നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) കോഴ്സുണ്ട്. കാസർകോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.
നിലവിൽ മൂന്നുവർഷ ബിരുദം പൂർത്തിയാക്കി വീണ്ടും പ്രവേശന കടമ്പകൾ കടന്ന് രണ്ടുവർഷത്തെ ബി.എഡ് കൂടി പൂർത്തിയാക്കാൻ എടുക്കുന്ന പ്രയാസം ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം പ്രയോജനകരമാകുന്നത്. ഒറ്റ പ്രവേശന പരീക്ഷയിലൂടെ ബിരുദവും ബി.എഡും നാലുവർഷംകൊണ്ട് പൂർത്തിയാക്കാം. ന്യൂ എജുക്കേഷൻ പോളിസിയുമായി ബന്ധപ്പെടുത്തിയാണ് ഈ കോഴ്സ് രൂപകൽപന ചെയ്തത്. ഈ കോഴ്സ് പഠിച്ചിറങ്ങുന്നവർക്കായിരിക്കും ഭാവിയിൽ അധ്യാപനജോലിസാധ്യത.
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി)യിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. ബി.എസ്സി ബി.എഡ് (ഫിസിക്സ്), ബി.എസ്സി ബി.എഡ് (സുവോളജി), ബി.എ ബി.എഡ് (ഇംഗ്ലീഷ്), ബി.എ ബിഎഡ് (ഇക്കണോമിക്സ്), ബി.കോം ബി.എഡ് എന്നീ പ്രോഗ്രാമുകളാണുള്ളത്.
ബി.കോം ബി.എഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുണ്ട്. ആദ്യമായാണ് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ സര്‍വകലാശാല ആരംഭിക്കുന്നത്. ncet.samarth.ac.in സന്ദര്‍ശിച്ച് ജൂലൈ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അന്നുരാത്രി 11.50 വരെ ഫീസ് അടക്കാം. ജൂലൈ 20നും 21നും അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരമുണ്ട്. പരീക്ഷാതീയതി പിന്നീട്. പരീക്ഷക്ക് മൂന്ന് ദിവസം മുമ്പ് പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എൻ.ടി.എ ഹെല്പ് െഡസ്ക്: 01140759000. ഇ-മെയില്‍: cuetpg@nta.ac.in. വിവരങ്ങള്‍ക്ക് www.cukerala.ac.in. അടുത്തിടെ നാക് പരിശോധനയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കേരള കേന്ദ്ര സര്‍വകലാശാല രാജ്യത്തെ മുന്‍നിരയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.