ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിൽ (സി.യു.ഇ.ടി -യു.ജി) ഈ വർഷം മുതൽ മാർക്ക് ഏകീകരണം ഒഴിവാക്കാൻ സാധ്യത. പരീക്ഷയിൽ സമൂല മാറ്റം വരുത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പരിഗണിക്കുകയാണ്.
കമ്പ്യൂട്ടറധിഷ്ഠിത രീതി എന്നത് മാറ്റി ഹൈബ്രിഡ് രീതിയിലുള്ള പരീക്ഷാ സമ്പ്രദായമാണ് ഈ വർഷം മുതൽ പരിഗണിക്കുന്നത്. ഈ രീതി നടപ്പാക്കുമ്പോൾ പേനയും പേപ്പറും ഉപയോഗിച്ചും (ഒ.എം.ആർ) കമ്പ്യൂട്ടറധിഷ്ഠിതമായും പരീക്ഷ എഴുതാം. ഇതുവഴി ഒരു മാസത്തോളമെടുത്ത് നടത്തുന്ന പരീക്ഷ ചുരുങ്ങിയ നാളുകൾകൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഒ.എം.ആർ രീതിയിലും പരീക്ഷ നടത്തുമ്പോൾ വിദ്യാർഥികൾക്ക് തൊട്ടടുത്തുള്ള കേന്ദ്രത്തിലെത്തി പരീക്ഷ എഴുതാമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ പറഞ്ഞു. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ മാത്രമാകുമ്പോൾ വിദ്യാർഥികൾക്ക് വിദൂര പ്രദേശങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു.
ഒരു വിഷയത്തിലുള്ള പരീക്ഷ ഒരുദിവസം തന്നെ നടക്കുമ്പോൾ മാർക്ക് ഏകീകരണത്തിെന്റ ആവശ്യമില്ല. കഴിഞ്ഞ രണ്ട് വർഷവും ഒരു പേപ്പറിെന്റ പരീക്ഷ രണ്ടോ മൂന്നോ ദിവസമെടുത്താണ് നടത്തിയിരുന്നത്. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം സാധ്യമായിടത്തോളം അനുവദിക്കുന്നതിനായിരുന്നു ഇത്. എന്നാൽ, ഈ വർഷം ഒ.എം.ആർ രീതി നടപ്പാക്കുമ്പോൾ കൂടുതൽ സ്കൂളുകളും കോളജുകളും പരീക്ഷാ കേന്ദ്രങ്ങളായി വരുന്നതിനാൽ രാജ്യം മുഴുവൻ ഒരുദിവസം പരീക്ഷ നടത്താൻ സാധിക്കും.
ഈ വർഷം മുതൽ വിദ്യാർഥികൾക്ക് എഴുതാവുന്ന പരമാവധി പരീക്ഷാ പേപ്പറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തും. കഴിഞ്ഞ വർഷം 10 പേപ്പറുകൾ വരെ എഴുതാമായിരുന്നു. പരീക്ഷാ ദിനങ്ങളുടെ എണ്ണം കൂടാനും ഇത് കാരണമായിരുന്നു.
അപേക്ഷകരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പരീക്ഷയാണ് സി.യു.ഇ.ടി -യു.ജി. കഴിഞ്ഞ വർഷം 11.11 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.