കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയുടെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതിയുമായി മീഡിയവൺ. ഇന്ത്യയെ നേരിൽക്കണ്ടു പഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈ വർഷം ‘ആൽപൈൻ ഔറ’ എന്ന പേരിൽ ഹിമാലയൻ യാത്രയാണ് സംഘടിപ്പിക്കുന്നത്. ലഡാക്ക്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.
20 ദിവസത്തെ യാത്ര ജൂലൈ 10ന് കേരളത്തിൽനിന്ന് ആരംഭിക്കും. യാത്ര മീഡിയവൺ സംപ്രേഷണം ചെയ്യും. തിബത്തൻ ഗോമ്പകൾക്ക് പേരുകേട്ട ലേ, മലമുകളിലെ നീലത്തടാകമായ പാംഗോങ്, ഇരട്ടക്കൂനൻ ഒട്ടകങ്ങളുടെ താവളമായ നുബ്ര താഴ്വര, ആകാശപ്പാതയെന്ന് വിശേഷിപ്പിക്കാവുന്ന ഖാർദുങ് ചുരം, അതിർത്തി ഗ്രാമങ്ങളായ തുർതുക്, താങ്ങ്, യുദ്ധഭൂമിയായ ദ്രാസ്, ഭൂമിയിലെ സ്വർഗമെന്ന് വിളിക്കുന്ന കശ്മീർ, ബാക്ക്പാക്കർമാരുടെ ഹിമാലയൻ ഹോട്ട്സ്പോട്ടായ കസോൾ, മലനിരകളുടെ റാണിയായ മസൂറി തുടങ്ങിയ അത്യപൂർവ സ്ഥലങ്ങളിലൂടെ സംഘം സഞ്ചരിക്കും. ദിസ്കിറ്റ്, കാർഗിൽ, ദ്രാസ്, സോണാമാർഗ്, ശ്രീനഗർ, പഹൽഗാം, കുളു, മണാലി, മണികരൻ, ടോഷ്, ഡെറാഡൂൺ, മൊസൂറി, ധനോൾട്ടി തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
14നും 17നുമിടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് യാത്രക്ക് അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ explore.mediaoneonline.com എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +91 89433 47444 എന്ന നമ്പറിൽ ബന്ധപ്പെടണം. കൊച്ചിയിലെ എക്സ്േപ്ലാർ ട്രിപ്സുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.