ശമ്പള കുടിശിക കണക്കാക്കിയതിലെ ക്രമക്കേട് : 33.16 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ 10-ാം ശമ്പള പരിഷ്കണത്തെ തുടർന്ന് ശമ്പള കുടിശിക കണക്കാക്കിയതിലെ ക്രമക്കേടിൽ അധികമായി വാങ്ങിയ 33.16 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വിവിധ സർവകലാശാലകളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 50 ജീവനക്കാർക്കാണ് ശമ്പള പരിഷ്കരണ കുടിശികയിനത്തിൽ 33,16,456 രൂപ അധികമായി നൽകിയത്.

അതേസമയം രണ്ട് ജീവനക്കാർക്ക് കുടിശിക നൽകിയപ്പോൾ 16,692 രൂപ കുറവുണ്ടായെന്നും പരിശോധനയിൽ കണ്ടെത്തി. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും കൃത്യവിലോപവുമാണ് ജീവനക്കാർക്ക് കുടിശിക ഇനത്തിൽ അനർഹമായി അധികം തുക നൽകാനിടയായത്. നടപടിക്രമങ്ങൾ പാലിച്ചല്ല കുടിശിക കണക്കാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തി.

50 ജീവനക്കാർക്ക് അധികമായി നൽകിയ 33,16,456 രൂപ അവരിൽനിന്നും ആവശ്യമെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ച് ഈടാക്കി സർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് ശിപാർശ. ഏതെങ്കിലും സാഹചര്യത്തിൽ ഈ തുക ഈടാക്കാൻ കഴിയാതെ വന്നാൽ 2013ലെ സർക്കുലർ പ്രകാരം അനർഹമായി അനുവദിച്ച ഈ തുകയും ഇതിന്റെ 18 ശതമാനം പലിശയും ഉത്തരവാദിയായ ഡി.ഡി.ഒ യിൽ നിന്നും ഈടാക്കണം.

ശമ്പളപരിഷ്കരണ കുടിശിക തെറ്റായി കണക്കാക്കിയതിലൂടെ കുടിശികത്തുകയിൽ കുറവുണ്ടായ രണ്ട് ജീവനക്കാർക്ക് 16,692 രൂപ അനുവദിക്കണം. ശമ്പളപരിഷ്കരണ കുടിശിക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ച ജീവനക്കാരുടെ കാര്യത്തിൽ, അനർഹമായ കുടിശിക തുകയ്ക്ക് പ്രോവിഡന്റ് ഫണ്ടിൽനിന്നും ലഭിച്ച പലിശത്തുക കണക്കാക്കി അവരിൽനിന്നും ഈടാക്കുകയോ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ കുറവ് വരുത്തുകയോ ചെയ്യണമെന്നാണ് അഡീഷണൽ സെക്രട്ടറി കെ.എസ്. അജയകുമാറിന്റെ റിപ്പേർട്ട്.

കോളജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തിയ അവസരത്തിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഭാരം ക്രമീകരിക്കുവാൻ വേണ്ടി കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എത്തിയ ജീവനക്കാരാണിവർ.

ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ്, ശമ്പള കുടിശിക, ഡി.എ വർധനവ് തുടങ്ങിയവ സൂക്ഷ്മതയില്ലാതെയും ക്രമപ്രകരമല്ലാതെയും കൈകാര്യം ചെയ്തതായും കണ്ടെത്തി. ശമ്പളപരിഷ്കരണ കുടിശിക കൊടുത്ത കാലയളവിൽ ഹയർ സെക്കൻഡറിവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സേവ്യർ സെബാസ്റ്റ്യൻ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (അഡീഷണൽ സെക്രട്ടറി, ഗവ. സെക്രട്ടറിയേറ്റ് ആണ് ഡി.ഡി.ഒ. ആയി ചുമതലയിൽ ഉണ്ടായിരുന്നത്.

കുടിശിക കണക്കാക്കിയ സന്ദർഭത്തിൽ ശ്രദ്ധിരിച്ചിരുന്നെങ്കിൽ കണ്ടെത്താൻ കഴിയുമായിരുന്ന ഈ ക്രമക്കേട്, പിന്നീട് ഈ വിഷയത്തിൽ പരാതിയും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും ഉണ്ടായിട്ടും പരിശോധിച്ച് കണ്ടെത്തി തിരുത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചില്ല. 

Tags:    
News Summary - Irregularity in calculation of salary arrears : 33.16 lakhs reported to be recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.