ജാമിഅ മില്ലിയ ഇസ്‍ലാമിയ: മികവിന്റെ സർവകലാശാല

കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ 250ഓളം പ്രമുഖ സർവകലാശാലകൾ പ്രവേശനത്തിന് അടിസ്ഥാനമാക്കുന്ന പൊതുപരീക്ഷയായ സി.യു.ഇ.ടിക്ക് അപേക്ഷിക്കുന്ന സമയമാണ്. ധാരാളം മലയാളി വിദ്യാർഥികൾ എഴുതുന്ന പരീക്ഷയാണിത്. സി.യു.ഇ.ടി എഴുതുന്നതിനുപുറമെ ഏതു സ്ഥാപനത്തില്‍, ഏത് കോഴ്സിനു മുന്‍ഗണന നൽകണം, വിവിധ വിഷയങ്ങളിൽ ഏതാണ് മികച്ച വാഴ്സിറ്റി എന്നെല്ലാം വിദ്യാർഥികൾ അറിഞ്ഞിരിക്കണം. രാജ്യത്തെ അത്തരം പ്രമുഖ സർവകലാശാലകളെ നമുക്ക് മനസ്സിലാക്കാം. ആദ്യ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയെക്കുറിച്ച്

രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ മൂന്നാം സ്ഥാനം. ഇന്ത്യയിലെ മൊത്തം സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാമത്. മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ റാങ്ക് 30. ക്യൂ എസ് റാങ്കിങ്ങില്‍ ലോകത്ത് മികച്ച സര്‍വകലാശാലകളില്‍ ആദ്യത്തെ 801 - 1000ല്‍. ഏഷ്യയില്‍ 188. ദേശീയ തലത്തില്‍ എൻജിനീയറിങ് പഠനത്തില്‍ 26 സ്ഥാനം, നിയമപഠനത്തില്‍ ആറ്, ആര്‍ക്കിടെക്ച്ചറില്‍ ഒമ്പത്, ബി ഡി എസ് സ്ഥാപനങ്ങളില്‍ 26ാം സ്ഥാനം. ഇങ്ങനെ പരിശോധിച്ചാല്‍ ഡൽഹി ജാമിഅ മില്ലിയ ഇസ്‍ലാമിയ രാജ്യത്തെ ഏറ്റവും മുന്‍നിരയിലാണ്.

ഇവിടത്തെ സിവില്‍ സര്‍വിസ് കോച്ചിങ് സെന്‍റര്‍ വഴി ഇതുവരെ 600 അധികം പേര്‍ വിജയിച്ചിട്ടുണ്ട്. 2021ലെ ഒന്നാം റാങ്ക് ഇവിടെ ആയിരുന്നു. വനിത, ന്യൂനപക്ഷ, പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമാണ് പരിശീലനം.

പിഎച്ച്.ഡി, പി.ജി, ഡിഗ്രി, പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലായി 190ലധികം കോഴ്സുകളും മുപ്പതോളം ഗവേഷണ പഠനകേന്ദ്രങ്ങളുമുള്ള വളരെ വലിയ അക്കാദമിക ഗവേഷണ പഠന സ്ഥാപനമാണിത്.

രാജ്യത്തെതന്നെ ഏറ്റവും മികച്ച മാസ് മീഡിയ പി.ജി പ്രോഗ്രാം, ഏറ്റവും മികച്ച ലോ കോളജുകളില്‍ ഒന്ന്, മികച്ച സോഷ്യല്‍ വര്‍ക്ക്‌ കാമ്പസ്, ഏറ്റവും നല്ല ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം. എ.ജെ കിദ്വായ് ഇൻസ്റ്റിട്യൂട്ടില്‍ നല്‍കിവരുന്ന ബ്രോഡ്കാസ്റ്റ് ടെക്നോളജിയിലെ പി ജി ഡിപ്ലോമ കോഴ്സ് പോലെ വളരെ വേറിട്ട കോഴ്സുകള്‍ ജാമിഅക്ക് സ്വന്തമാണ്.

സർവകലാശാലയുടെ ചരിത്ര പശ്ചാത്തലം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. സര്‍വകലാശാല സ്ഥാപകരില്‍ പ്രധാനികൾ മുഹമ്മദലി ജൌഹറും ഹക്കിം അജ്മല്‍ ഖാനും മുക്താര്‍ അഹ്മദ് അൻസാരിയുമാണ്. സ്വദേശീ വിദ്യാഭ്യാസം നടപ്പാക്കാനുള്ള രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആഹ്വാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്‍റെ ആശീര്‍വാദത്തോടെയാണ് ഇത് സ്ഥാപിച്ചത്. 1920ല്‍ അലീഗഢിലാണ് സര്‍വകലാശാല ആരംഭിച്ചത്. പിന്നീട് 1935ല്‍ ഡല്‍ഹിയില്‍ ഓക്‍ലയിലേക്ക് മാറ്റി.

ജാമിഅ മില്ലിയ പ്രവേശനത്തിനായി അപേക്ഷിക്കാവുന്ന സമയമാണിത്. അവസാന തീയതി മാര്‍ച്ച്‌ 30. ഏപ്രില്‍ 25 മുതല്‍ മേയ് അവസാനം വരെയാണ് വിവിധ പ്രവേശന പരീക്ഷകള്‍. ജാമിഅയിലെ പഠനം നിങ്ങളുടെ വ്യക്തിത്വം, അക്കാദമിക മികവ്, കരിയര്‍ ആസൂത്രണം എന്നിവയെ കൂടുതല്‍ പരിപോഷിപ്പിക്കും.

ജാമിഅ മില്ലിയയിലെ പ്രവേശനം ഇങ്ങനെ:

1. ഇവിടുത്തെ എൻജിനീയറിങ് പ്രവേശനത്തിന് ജെ.ഇ.ഇ പരീക്ഷ എഴുതുകയും ജാമിയ്യക്ക് പ്രത്യേകം അപേക്ഷിക്കുകയും വേണം. പിന്നീട് ജെ.ഇ.ഇ റാങ്ക് വരുന്നതിനനുസരിച്ച് അത് ജാമിഅ സൈറ്റില്‍ സമര്‍പ്പിക്കണം.

2. ബി.ഡി.എസ് പ്രവേശനം ‘നീറ്റ്’ അടിസ്ഥാനത്തിലാണ്. ജാമിഅയില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

3. ആര്‍ക്കിടെക്ച്ചര്‍ കോഴ്സിനു ‘നാറ്റ​' എഴുതുകയും ജാമിഅയില്‍ അപേക്ഷിക്കുകയും വേണം. പിന്നീട് നാറ്റ മാര്‍ക്ക് ജാമിഅ സൈറ്റില്‍ സമര്‍പ്പിക്കണം.

4. പി.ജി തലത്തില്‍ എം.എ പേര്‍ഷ്യന്‍, സംസ്കൃതം, എജുക്കേഷനല്‍ പ്ലാനിങ് ആന്‍ഡ്‌ അഡ്മിനിസ്ട്രേഷന്‍, എം.എസ്.സി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആന്‍ഡ്‌ ക്ലൈമറ്റ് സസ്റ്റൈനബിലിറ്റി സ്റ്റഡീസ്, പി.ജി ഡിപ്ലോമ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിഗ്രിതലത്തില്‍ ബി.എ പേര്‍ഷ്യന്‍, ഉർദു, ഫ്രഞ്ച്, ടര്‍ക്കിഷ്, സ്പാനിഷ്, കൊറിയന്‍, സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്‌, ബി.എസ്.സി ഫിസിക്സ്‌, കെമിസ്ട്രി, അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോടെക്നോളജി, ബി വോക്ക് സോളാര്‍ എനര്‍ജി എന്നിവക്ക് സി.യു.ഇ. ടി വഴിയാണ് പ്രവേശനം. എങ്കിലും ജാമിഅയിൽ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മുൻഗണന അനുസരിച്ച് കോഴ്സുകള്‍ നല്‍കണം. ശേഷം സി.യു.ഇ.ടി സ്കോര്‍ നല്‍കിയാല്‍ മതി.

5. പ്രവേശന പരീക്ഷ കേന്ദ്രം ജാമിഅ കാമ്പസ്‌ തന്നെയാണ്. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രം ആണെങ്കിലും വളരെ കുറഞ്ഞ കോഴ്സുകള്‍ക്ക് മാത്രമാണത്. എം.സി.എ, എം.ബി.എ (ഇന്റര്‍നാഷനല്‍ ബിസിനസ്, എന്റര്‍പ്രിണര്‍ഷിപ് ആന്‍ഡ്‌ ഫാമിലി ബിസിനസ്), എം.എ ഇംഗ്ലീഷ്, അറബിക്, ഇക്കണോമിക്സ്‌, ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ്‌, സൈക്കോളജി, ഹിസ്റ്ററി, ബി.എഡ്, ബി.എസ്.സി എയറോനോട്ടിക്സ്, ഡിപ്ലോമ എൻജനീയറിംഗ് എന്നീ കോഴ്സുകള്‍ക്കാണ് തിരുവനന്തപുരത്ത് പരീക്ഷകേന്ദ്രം.

6. ഓരോ കോഴ്സിന്റെയും പ്രവേശന പരീക്ഷ വ്യത്യസ്തമായതിനാൽ അതിന്റെ ഘടനയെ കുറിച്ച് നല്ല ധാരണ വേണം.

7. ഓരോ കോഴ്സിനും അപേക്ഷ ഫീസ്‌ വേറെത്തന്നെ അടക്കണം

8.സി.യു.ഇ.ടി - യു.ജി മേയ്‌ 15 മുതല്‍ 31 വരെയാണ്. കേരളത്തില്‍ 15 പരീക്ഷ കേന്ദ്രങ്ങളുണ്ട്. അതിനാല്‍ അധികപേരും കേരളത്തിലെ കേന്ദ്രം തെരഞ്ഞെടുക്കാനാണ് സാധ്യത. ആ സമയത്ത് തന്നെയാണ് ജാമിഅ ടെസ്റ്റ്‌ നടക്കുന്നതെങ്കില്‍ യാത്ര പ്രയാസം ആവാത്ത രീതിയില്‍ പ്ലാന്‍ ചെയ്യണം. വേണമെങ്കില്‍ സി.യു.ഇ.ടിക്ക് ഡല്‍ഹി​ കേന്ദ്രമാക്കാം.

Tags:    
News Summary - Jamia Millia Islamia- University of Excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.