കൊച്ചി: സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. യോഗ്യതയെ ചൊല്ലിയുള്ള കേസുകൾ സ്ഥാനക്കയറ്റ നടപടികൾ വൈകിപ്പിക്കുന്നതാണ് റിപ്പോർട്ട് വൈകിപ്പിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം 130ഓളം പ്രധാനാധ്യാപക തസ്തിക ഒഴിവുണ്ട്.
എൽ.പി സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2021 ഡിസംബർ 28ന് അവസാനിക്കും. മാസങ്ങൾ ബാക്കിനിൽക്കെ എറണാകുളം ജില്ലയിൽ ഈ വർഷം 45ഓളം അധ്യാപകർ വിരമിക്കുന്നുണ്ട്. എങ്കിലും ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്യുന്നില്ല. അതിനിടെ, പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികളിലാണ് പി.എസ്.സിയെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം വിരമിച്ച 60ഓളം പ്രധാനാധ്യാപകരുടെ ഒഴിവുകൾ സുപ്രീംകോടതിയിലെ കേസ് മൂലം നിലനിൽക്കുകയാണ്. 2018 ഡിസംബറിൽ വന്ന റാങ്ക് ലിസ്റ്റിലെ 150ഓളം പേർക്ക് നിയമനം ലഭിക്കാനുണ്ട്. 2021ലെ പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കി 2020 ഒക്ടോബർ 30നകം പി.എസ്.സിയെ അറിയിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിെൻറ നിർദേശം എറണാകുളം ജില്ലയിൽ നടപ്പായില്ല. അതേസമയം കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അധ്യാപകർക്ക് പ്രധാനാധ്യാപകരാകാൻ വേണ്ട യോഗ്യതയെ ചൊല്ലിയുള്ള തർക്കമാണ് സ്ഥാനക്കയറ്റവും നിയമനവും തടസ്സപ്പെടുത്തുന്നത്. 50 വയസ്സു കഴിഞ്ഞവർക്ക് പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് ദേശീയ വിദ്യാഭ്യാസ നിയമം യോഗ്യത പരീക്ഷ നിർദേശിക്കുന്നു. ഇതിൽ ഇളവ് നൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് യോഗ്യത പരീക്ഷ പാസായ ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെയും ഹൈകോടതിയെയും സമീപിച്ചു. യോഗ്യതയുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയിൽ തീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.