തിരുവനന്തപുരം: ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനം വഴി മൂല്യനിർണം നടത്തുന്ന ഉത്തരക്കടലാസ് ഇനി ഉദ്യോഗാർഥികൾക്ക് പുനഃപരിശോധനക്ക് നൽകേണ്ടതില്ലെന്ന് കേരള പബ്ലിക് സർവിസ് കമീഷൻ. പകരം ഓരോ ചോദ്യത്തിനും ലഭിച്ച മാർക്ക് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുന്നതിന് ടാബുലേഷൻ ഷീറ്റ് സംവിധാനം ഏർപ്പെടുത്തും. ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനത്തിനെതിരെ വ്യാപക ആക്ഷേപവും കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിൽ കേസുകളും നിലനിൽക്കെയാണ് പി.എസ്.സിയുടെ സുപ്രധാന നീക്കം.
പുനർ മൂല്യനിർണയം ഇല്ലാത്തതിനാൽ പുനഃപരിശോധനയും ഉത്തരക്കടലാസുകളുടെ പകർപ്പും സാധാരണ പി.എസ്.സി അനുവദിക്കാറുണ്ടായിരുന്നു. എന്നാൽ, ഒ.എസ്.എമ്മിൽ പുനഃപരിശോധനയുടെ ആവശ്യമില്ലെന്നാണ് പി.എസ്.സി വാദം. സാധാരണഗതിയിൽ ഒ.എം.ആർ ഷീറ്റിൽ നടത്തുന്ന മൂല്യനിർണയത്തിൽ ചില ഉത്തരങ്ങൾ മാർക്കിടാതെ പോയേക്കാം. ഈ ഘട്ടത്തിലാണ് മാർക്കിൽ സംശയമുള്ളവർ നിശ്ചിത തുക അടച്ച് പുനഃപരിശോധനക്ക് നൽകുന്നത്. എന്നാൽ, ഒ.എസ്.എം സംവിധാനത്തിൽ ഓരോ ഉത്തരത്തിനും മാർക്ക് നൽകിയാൽ മാത്രമേ മൂല്യനിർണയം പൂർത്തിയാക്കാൻ സാധിക്കൂ. അതിനാൽതന്നെ മാർക്ക് കൂട്ടുന്നതിലും പിശകുണ്ടാകില്ലെന്നാണ് പി.എസ്.സി വാദം. ടാബുലേഷൻ ഷീറ്റിൽ ഓരോ ചോദ്യത്തിനും ലഭിച്ച മാർക്ക് അറിയാൻ സാധിക്കും ഇതിന് നിശ്ചിത തുക ഉദ്യോഗാർഥികൾ അടയ്ക്കേണ്ടിവരും. ഒ.എം.ആർ പരീക്ഷകളിൽ നിലവിലുള്ളതുപോലെ പുനഃപരിശോധനക്ക് അവസരം തുടരും.
പി.എസ്.സി നിലപാട് ഇരട്ടത്താപ്പാണെന്നാണ് ഉദ്യോഗാർഥികളുടെ വാദം. കെ.എ.എസ്, അസി.ഇൻഫർമേഷൻ ഓഫിസർ തുടങ്ങിയ വിവരണാത്മക പരീക്ഷകളിൽ മലയാളത്തിൽ ഉത്തരമെഴുതിയ നല്ലൊരു ശതമാനവും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന പരാതി വ്യാപകമാണ്. ഇംഗ്ലീഷ് ഉത്തരസൂചിക ഉപയോഗിച്ചാണ് രണ്ടു പരീക്ഷകളുടെ മൂല്യനിർണയം നടത്തിയത്. അസി.ഇൻഫർമേഷൻ ഓഫിസർ പരീക്ഷക്ക് പുനഃപരിശോധന അനുവദിക്കുമെന്നായിരുന്നു മുൻ തീരുമാനം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അവസരം നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് തിരുത്തൽ ഉത്തരവിറക്കി വേണ്ടെന്നുവെച്ചു. ഇത് അനീതിയാണെന്നാണ് ഉദ്യോഗാർഥികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.