തിരുവനന്തപുരം: പരീക്ഷ നടത്തി വർഷങ്ങളായിട്ടും റാങ്ക് പട്ടിക ഇല്ലെന്ന ഉദ്യോഗാർഥികളുടെ പരാതിക്ക് പരിഹാരവുമായി കേരള പബ്ലിക് സർവിസ് കമീഷൻ. പരീക്ഷ നടത്തി വേഗത്തിൽ ചുരുക്കപ്പട്ടികയും റാങ്ക് പട്ടികയും പുറത്തിറക്കാനും പരീക്ഷ എഴുതുമെന്ന് ഉറപ്പുനൽകിയിട്ടും ഹാജരാകാത്ത ഉദ്യോഗാർഥികളുടെ വിവരങ്ങൾ ശേഖരിക്കാനുമായി ഇ.എം.എസ് (എക്സാം മാനേജ്മെന്റ് സിസ്റ്റം) സോഫ്റ്റ്വെയർ പി.എസ്.സി ആവിഷ്കരിച്ചു. ഇതോടെ, ഓരോ പരീക്ഷക്കും ഹാജരായ/ ഹാജരാകാത്ത ഉദ്യോഗാർഥികളുടെ വിവരങ്ങൾ പരീക്ഷാദിവസം തന്നെ പി.എസ്.സിക്ക് ലഭിക്കും.
നിലവിൽ പരീക്ഷക്കു ശേഷം ഹാജരായവരുടെയും ഹാജരാകാത്തവരുടെയും വിവരങ്ങൾ അഡീഷനൽ ചീഫ് സൂപ്രണ്ടുമാർ പ്രത്യേക ഫോമിൽ രേഖപ്പെടുത്തി ഉത്തരക്കടലാസുകൾക്കൊപ്പം ജില്ല ഓഫിസുകളിലേക്കും അവിടെനിന്ന് പി.എസ്.സി ആസ്ഥാനത്തേക്കും അയക്കുകയാണ് പതിവ്. ഓരോ ക്ലാസ് മുറികളിലെയും ഫോമുകളിൽനിന്ന് രജിസ്റ്റർ നമ്പറുകൾ തിട്ടപ്പെടുത്തേണ്ടിവരുന്നതിനാൽ മാസങ്ങൾ കഴിഞ്ഞാണ് പരീക്ഷക്ക് ഹാജരായവരുടെ കൃത്യം കണക്ക് പി.എസ്.സിക്ക് ലഭിക്കുന്നത്. എന്നാൽ, സോഫ്റ്റ്വെയർ നിലവിൽ വന്നതിനാൽ കാലതാമസം ഒഴിവാകും. കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള വിവരങ്ങൾ ഇ.എം.എസ് സോഫ്റ്റ്വെയറിലൂടെയാണ് ശേഖരിക്കുന്നത്.
20 ഉദ്യോഗാർഥികൾക്ക് ഒരു ഇൻവിജിലേറ്റർ എന്ന രീതിയിലാണ് സോഫ്റ്റ്വെയർ ക്രമീകരണം. പരീക്ഷ ആരംഭിച്ചാൽ ചീഫ് സൂപ്രണ്ട് ക്ലാസ് സന്ദർശിച്ച് ഹാജരായ ഉദ്യോഗാർഥികളുടെ എണ്ണം രേഖപ്പെടുത്തും. അഡീഷനൽ ചീഫ് സൂപ്രണ്ടെത്തി ഹാജരാകാത്ത ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പർ ശേഖരിക്കും. മൊബൈലിൽ ലഭിക്കുന്ന രഹസ്യ ഒ.ടി.പിയിലൂടെ സോഫ്റ്റ്വെയറിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഓരോ ക്ലാസ് റൂമിലും പരീക്ഷ എഴുതുമെന്ന് ഉറപ്പുനൽകിയവരുടെ ആകെ എണ്ണവുമായി ഇരുവരും നൽകിയ വിവരങ്ങളിലോ രജിസ്റ്റർ നമ്പറിലോ വ്യത്യാസം കണ്ടാൽ സോഫ്റ്റ്വെയർ പിശക് ചൂണ്ടിക്കാണിക്കും.
തെറ്റുകൾ പൂർണമായി പരിഹരിച്ചതിനുശേഷമേ ഇരുവർക്കും പ്രിൻറൗട്ടിൽ ഒപ്പ് രേഖപ്പെടുത്തി പി.എസ്.സി ആസ്ഥാനത്തേക്ക് നൽകാൻ സാധിക്കൂ. വിവരങ്ങൾ പി.എസ്.സിയുടെ ഡേറ്റ സെർവറിലായിരിക്കും അപ്ലോഡ് ആകുക. മറ്റ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഓരോ പരീക്ഷ കേന്ദ്രത്തിലും നിയോഗിക്കപ്പെടുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങളും സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്താനാകും. രണ്ടുവർഷമെടുത്താണ് ഇ.എം.എസ് സോഫ്റ്റ്വെയർ പി.എസ്.സി വികസിപ്പിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.