കോഴിക്കോട്: കേരള വാട്ടർ അതോറിറ്റി അസി. എൻജിനീയർ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയുടെ സിലബസിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിന് കൂടുതൽ പരിഗണനയെന്ന് ആക്ഷേപം. സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന തരത്തിലാണ് 137/2022 കാറ്റഗറി നമ്പറായി മേയ് അഞ്ചിന് അപേക്ഷ ക്ഷണിച്ചത്.
കഴിഞ്ഞ ദിവസം സിലബസ് പുറത്തിറക്കിയപ്പോഴാണ് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് 60 മാർക്കിനും മെക്കാനിക്കൽ -25, കെമിക്കൽ -15 എന്ന നിലയിലുമാവും ചോദ്യങ്ങളുണ്ടാവുകയെന്ന് വ്യക്തമായത്. നേരത്തെ മൂന്ന് വിഭാഗങ്ങൾക്കും അപേക്ഷിക്കാവുന്ന പരീക്ഷക്ക് മൂന്നുവിഭാഗത്തിൽ നിന്നും തുല്യമായാണ് ചോദ്യങ്ങളുണ്ടാവാറ് എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
വിവിധ ജില്ലകളിലായി നിലവിൽ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. അരലക്ഷത്തിലധികം പേരാണ് പരീക്ഷയെഴുതാൻ അപേക്ഷിച്ചത്. ഒക്ടോബർ 15നാണ് പരീക്ഷ. ഒരു വിഭാഗത്തിൽനിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്നറിയിച്ചതോടെ വിവിധ കോണുകളിൽനിന്ന് വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.