മനോരോഗ ചികിത്സയും വകുപ്പുതല തസ്തിക മാറ്റവും

മനോരോഗ ചികിത്സയും വകുപ്പുതല തസ്തിക മാറ്റവും
ഞാന്‍ എല്‍.എസ്.ജി.ഡി യില്‍ അസി. എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിക്കുകയും നാലുമാസം കഴിഞ്ഞപ്പോള്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ (മനോരോഗം) പിടിപെടുകയും ചെയ്തു. അസുഖമായതിനാല്‍ തുടര്‍ന്നങ്ങോട്ട് ജോലിചെയ്യാന്‍ കഴിയുകയുണ്ടായില്ല. നാലുമാസത്തിനുശേഷം 10 മാസം മെഡിക്കല്‍ ലീവില്‍ പ്രവേശിക്കുകയും തുടര്‍ന്ന് LWA (വിദേശത്ത് പോകുന്നതിനുവേണ്ടി)യില്‍ അഞ്ചുകൊല്ലം പ്രവേശിക്കുകയുണ്ടായി. ഇപ്പോള്‍ അസുഖത്തിന് ചികില്‍സ എടുത്തുകൊണ്ടിരിക്കുന്ന എനിക്ക് വേറെ ഏതെങ്കിലും വകുപ്പിലേക്ക് മാറുന്നതിനും അല്ളെങ്കില്‍ എല്‍.എസ്.ജി.ഡിയില്‍തന്നെ ജോലി സമ്മര്‍ദം കുറഞ്ഞ തസ്തികയിലേക്ക് മാറുന്നതിനും എന്തെങ്കിലും ഉപായമുണ്ടോ? പ്രത്യേകിച്ചും മനോരോഗം പിടിപെട്ടതിനാല്‍. 
മുഹമ്മദ്, തിരുവനന്തപുരം
വളരെ വ്യവസ്ഥാപിതമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പിന്‍ബലത്തിലാണല്ളോ പൊതു സര്‍വിസിലേക്കുള്ള നിയമനം. വകുപ്പോ തസ്തികയോ മാറുക എന്നത് അസാധാരണമായ അവശ്യഘട്ടങ്ങളില്‍ മാത്രം. അതും സര്‍ക്കാറിന്‍െറ പ്രത്യേകാനുമതിയോടെ മാത്രം നടത്തേണ്ട ഒന്നാണ്. 
Bipolar Disorder (Bipolar affective Disorder) ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന ഒരസുഖംതന്നെയാണ്. എത്രത്തോളം തീഷ്ണമാണ് താങ്കളുടെ രോഗാവസ്ഥ എന്നറിയില്ല. ഇടക്കാലത്ത് ശൂന്യവേതനാവധിയെടുത്ത് വിദേശത്ത് പോയല്ളോ. 
നിരന്തരം പരിശോധന വേണ്ട ഒരസുഖമെന്ന നിലയില്‍ താങ്കള്‍ മാനസിക സമ്മര്‍ദം കുറഞ്ഞ ഒരു ലാവണത്തിലേക്ക് മാറുന്നതിന് ശ്രമിക്കുന്നതാകും നല്ലത്. അതും സ്വന്തം വകുപ്പില്‍. വകുപ്പ് മാറ്റത്തെക്കാളും എളുപ്പം അതാണുതാനും. 
താങ്കളുടെ വകുപ്പുതലവനെ നേരില്‍ക്കണ്ട് നിജസ്ഥിതി ബോധ്യപ്പെടുത്തുക. 
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍: ദിവസവേതനം
ഞാന്‍ 2014-15 മുതല്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടീച്ചറായി ജോലിചെയ്തുവരുകയാണ്. ഇതുവരെ പോസ്റ്റ് ക്രിയേഷന്‍ നടന്നിട്ടില്ല. കൂടാതെ, ഗെസ്റ്റ് ടീച്ചറുടെ വേതനവും ലഭിച്ചിട്ടില്ല. ഇതിനെ സംബന്ധിച്ച് എന്തെങ്കിലും ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതിന്‍െറ വിശദമായ വിവരം ഓഡര്‍ നമ്പര്‍ അടക്കം  അറിയിക്കാന്‍ അപേക്ഷിക്കുന്നു. 
സി. രമ്യ, കതിരൂര്‍
എന്‍െറ മകള്‍ 2014-15 മുതല്‍ അപ്ഗ്രേഡ് ചെയ്ത ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലിചെയ്യുന്നുണ്ട്. ഇതുവരെ ഗെസ്റ്റ് അധ്യാപകരുടെ വേതനം ലഭിച്ചിട്ടില്ല. എന്നുമാത്രമല്ല, രണ്ടര വര്‍ഷമായിട്ടും പോസ്റ്റ് ക്രിയേഷനും നടന്നിട്ടില്ല. ഉടനെ ശരിയാവാന്‍ സാധ്യതയുണ്ടോ?
ഗംഗാധരന്‍, വേങ്ങാട്
തസ്തിക സൃഷ്ടിച്ചില്ളെങ്കില്‍ ശമ്പളം ലഭിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. 2014-15, 2015-16 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ബാച്ചുകളിലും അധികബാച്ചുകളിലും ജോലിചെയ്തുവരുന്ന ദിവസവേതന അധ്യാപകര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വേതനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 31.10.2016ലെ G.O (MS) No. 185/2016/Gl.Edn കാണുക.
31.7.2014ലെയും 24.11.2014 ലെയും സര്‍ക്കാര്‍ ഉത്തരവുകളില്‍ യഥാക്രമം (MS) No. 143/2014/Gl. Edn. (MS) No.247/2014/Gl. Edn ഉത്തരവുകള്‍) നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സ്കൂള്‍ പാലിച്ചിട്ടുണ്ടെന്നും ദിവസവേതന അധ്യാപകര്‍ക്ക് Higher Secondary Subordinate Service Rule/ State Service Rule പ്രകാരമുള്ള എല്ലാ അക്കാദമിക യോഗ്യതകളും ഉണ്ടെന്നും സ്കൂളുകളിലെ സേവന കാലയളവ്/ നിയമാനുസൃത പീരിയഡ് എന്നിവ പരിശോധിച്ചിട്ടുണ്ടെന്നും റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തി വേണം വേതനം നല്‍കാന്‍. 
2014-15, 2015-16 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ച സ്കൂളുകളിലും 31.7.2014ലെ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എണ്ണം കുട്ടികളില്ളെങ്കിലും പ്രസ്തുത സ്കൂളുകള്‍ക്ക് / ബാച്ചുകള്‍ക്ക് സര്‍ക്കാര്‍ തുടര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ പ്രസ്തുത സ്കൂളുകളിലെ താല്‍ക്കാലിക അധ്യാപകരും ദിവസവേതനത്തിന് അര്‍ഹരാണ്. 

സര്‍ക്കാര്‍ ഉത്തരവുകള്‍
റവന്യൂ റിക്കവറി കുടിശ്ശിക: ഗഡുക്കള്‍ അനുവദിക്കുന്നതിനുള്ള സാമ്പത്തിക പരിധി ഉയര്‍ത്തി
റവന്യൂ കുടിശ്ശിക കേസുകളില്‍ കുടിശ്ശിക തുകക്ക് ഗഡുക്കള്‍ അനുവദിക്കുന്നതിന് വിവിധ ഒൗദ്യോഗിക തലങ്ങളില്‍ നിശ്ചയിച്ച സാമ്പത്തിക പരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം തഹസില്‍ദാര്‍ക്ക് 25,000 രൂപ വരെയും (പരമാവധി 10 ഗഡുക്കള്‍), ജില്ല കലക്ടര്‍ക്ക് സര്‍ക്കാര്‍ കുടിശ്ശിക ഒരു ലക്ഷം രൂപ വരെയും ബാങ്ക് വായ്പ കുടിശ്ശിക രണ്ടു ലക്ഷം വരെയും റവന്യൂ മന്ത്രിക്ക് അഞ്ചു ലക്ഷം വരെയും ധനകാര്യ മന്ത്രിക്ക് അഞ്ചു മുതല്‍ 10 ലക്ഷം രൂപവരെയുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷം രൂപക്ക് മുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. -G.O (MS) No. 20/2017/Revenue dated 17.1.2017
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത/ക്ഷാമാശ്വാസം: മൂന്നുശതമാനം വര്‍ധന
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത /ക്ഷാമാശ്വാസം 1.7.2016 മുതല്‍ സര്‍ക്കാര്‍ മൂന്നുശതമാനം വര്‍ധിപ്പിച്ചു. ഇതോടെ, ഡി.എ നിലവിലെ ഒമ്പതു ശതമാനം 12 ആയി. വര്‍ധിപ്പിച്ച ക്ഷാമബത്ത ജനുവരി ശമ്പളത്തോടൊപ്പം നല്‍കും. 2016 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കുടിശ്ശിക 2017 ജനുവരി മുതല്‍ ജൂലൈ വരെയുള്ള ഏതെങ്കിലും ശമ്പള ബില്ലിലൂടെ ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കാം. വര്‍ധിപ്പിച്ച ഡി.ആര്‍ പെന്‍ഷന്‍കാര്‍ക്ക് ഫെബ്രുവരി പെന്‍ഷനോടൊപ്പം കുടിശ്ശിക സഹിതം നല്‍കും. G.O (P) No. 6/2017/ Fin dated 19/1/2017.
ജീവനക്കാരുടെ പെരുമാറ്റച്ചട്ടം: സ്വത്തുവിവരങ്ങള്‍ ജനുവരി 31 വരെ
ഭൂസ്വത്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച 2016ലെ പത്രിക സമര്‍പ്പണത്തിന് നിര്‍ദേശിച്ചിരുന്ന കാലാവധി സര്‍ക്കാര്‍ നീട്ടി ഉത്തരവായി. പൊതുഭരണ-നിയമ-ധനകാര്യ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ മുതല്‍ സ്പെഷല്‍ സെക്രട്ടറിവരെയുള്ള (ഡെപ്യൂട്ടേഷനില്‍ തുടരുന്നവരുള്‍പ്പെടെ) ഉദ്യോഗസ്ഥര്‍ക്ക് 2017 ജനുവരി 31 വരെ) ഓണ്‍ലൈനായി പത്രിക സമര്‍പ്പണം നടത്താം. -circular No. 1175/SCI/2016/GAD-SC dated: 13.1.2017
ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ വേതനം
സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ ധനവകുപ്പ് 26/2/2016ല്‍ പുറപ്പെടുവിച്ച G.O(P) No. 28/2016/Fin നമ്പര്‍ ഉത്തരവിലെ കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തി അവരുടെ പ്രതിമാസ വേതനം 20,000 രൂപയായി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. G.O (Rt) No. 109/2017/LSGD dated 13.1.2017
ഭവന വായ്പ ഫെബ്രുവരി 15 വരെ പണമാക്കാം
 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9.11.2016ലെ അലോട്ട്മെന്‍റിലൂടെ (Letter No. 143/HBA2/2016/fin) അനുവദിച്ച 2016-17ലെ ഭവന നിര്‍മാണ വായ്പ പണമാക്കിമാറ്റാന്‍ 15/2/2017 വരെ ധനവകുപ്പ് സമയമനുവദിച്ചു. ഉപയോഗിക്കാത്ത ഫണ്ട് 20/2/2017ന് മുമ്പായി വകുപ്പുകള്‍ ധനകാര്യ (എച്ച്.ബി.എ) വകുപ്പിന് തിരിച്ചുനല്‍കണം. -Circular No. 3/2017/fin dated 13/1/2017.

സര്‍വീസ് സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം, 
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in

Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.