തിരുവനന്തപുരം: പി.എസ്.സി, നിയമസഭ സെക്രട്ടേറിയറ്റ്, ഓഡിറ്റ് വകുപ്പ്, അഡ്വക്കറ്റ് ജനറല്‍ ഓഫിസ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കെ.എ.എസിലെ രണ്ടാം സ്ട്രീമുകളിലേക്ക് ഉപാധികള്‍ക്ക് വിധേയമായി അപേക്ഷിക്കാമെന്ന് പി.എസ്.സി അറിയിച്ചു. സര്‍വിസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന മുറക്കാണ് ഇവര്‍ക്ക് കെ.എ.എസിന് അപേക്ഷിക്കാനാകുന്നത്. ഇവരെ കെ.എ.എസില്‍ പ്രവേശിപ്പിക്കുന്നതില്‍ സര്‍ക്കാര്‍തലത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നേരത്തേ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കെ.എ.എസിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് സർക്കാർ ചട്ടം പുറത്തിറക്കിയിരുന്നു. എന്നാൽ, സർക്കാർ നിർദേശം മറികടന്ന് ചില ഭരണഘടനാസ്ഥാപനങ്ങൾ ജീവനക്കാർക്ക് സർവിസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ഇതുപയോഗിച്ച് ഒരുവിഭാഗം രണ്ടാം സ്ട്രീമിലേക്ക് അപേക്ഷിക്കുകയും ചെയ്തു.
ഇതോടെയാണ് എല്ലാ ഭരണഘടന സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും സർവിസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് സ്ട്രീം രണ്ടിലേക്ക് അപേക്ഷ നൽകാമെന്ന് പി.എസ്.സി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പി.എസ്.സി സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. കത്തിൽ സർക്കാറിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അഭിമുഖവേളയിൽ ഇവരെ പുറത്താക്കുമെന്നാണ് പി.എസ്.സിയുടെ നിലപാട്.
സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും സ്ട്രീം രണ്ടില്‍ അപേക്ഷിക്കാം. ഡിവിഷനല്‍ അക്കൗണ്ടൻറ് ട്രെയിനികള്‍ക്ക് സ്ട്രീം രണ്ടിലും പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സ്ട്രീം മൂന്നിലും അപേക്ഷിക്കാനുള്ള വ്യവസ്ഥയും പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികനീതി വകുപ്പില്‍നിന്ന് വേര്‍പെടുത്തിയ വനിതാ-ശിശുക്ഷേമ വകുപ്പിലെ ജീവനക്കാര്‍ക്ക് സ്ട്രീം മൂന്നിലും അവസരം ലഭിക്കും.
ഏതെങ്കിലും തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ട്രീം രണ്ടില്‍ അപേക്ഷിക്കാം. നിലവിലുള്ള തസ്തികയില്‍ അവര്‍ പ്രൊബേഷണറാണെങ്കിലും അപേക്ഷ സ്വീകരിക്കും. എന്നാല്‍, ഇവര്‍ ഷെഡ്യൂള്‍ ഒന്നില്‍ പറയുന്ന വകുപ്പുകളില്‍ ഒന്നാം ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്നവരാകരുത്. അവര്‍ക്ക് ഷെഡ്യൂള്‍ മൂന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ.
നിലവില്‍ പ്രൊബേഷനിലാണെങ്കിലും അവരുടെ അപേക്ഷകള്‍ സ്വീകരിക്കും. ഡിസംബർ നാലാണ് കെ.എ.എസിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി. ഇതുവരെ മൂന്ന് സ്ട്രീമിലേക്കുമുള്ള അപേക്ഷകരുടെ എണ്ണം നാലരലക്ഷം കടന്നതായി പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.