തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റിവ് സർവിസ് പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാർത്തയായതിനെതുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണവുമായി പി.എസ്.സി. ഒ.എം.ആർ ഷീറ്റിന് ഗുണനിലവാരമില്ലാത്തതിനാൽ 9,000 ഒാളം ഉത്തരക്കടലാസുകൾ മെഷീനിലൂടെ മൂല്യനിർണയം നടത്താൻ സാധിക്കുന്നില്ലെന്ന 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ചേർന്ന പി.എസ്.സി യോഗം അന്വേഷണത്തിന് ഉത്തരവിട്ടത്. പി.എസ്.സി വിജിലൻസ് എസ്.പിക്കാണ് അന്വേഷണ ചുമതല.
ഒ.എം.ആർ ഷീറ്റ് സംബന്ധിച്ചും പി.എസ്.സിയുടെ ക്വട്ടേഷൻ വിവരങ്ങളും മൂല്യനിർണയ നടപടികളും ചോർന്നത് ഗൗരവത്തോടെ കാണണമെന്നും അതീവരഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ പുറത്തായത് നീതീകരിക്കാനാകില്ലെന്നും ചെയർമാൻ അഡ്വ. എം.കെ. സക്കീർ കമീഷൻ യോഗത്തിൽ അറിയിച്ചു. വിവരങ്ങൾ ചോർന്നത് പി.എസ്.സിയുടെ അതീവരഹസ്യ വിഭാഗത്തിലെ വീഴ്ചയാണെന്നും അതിനാൽ ഈ സെക്ഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും മൂല്യനിർണയത്തിലേർപ്പെട്ടിരിക്കുന്ന 15 ഓളം ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയർമാെൻറ അഭിപ്രായത്തെ അംഗങ്ങൾ അംഗീകരിച്ചു.
അതേസമയം, ഓരോ ദിവസം കഴിയുന്തോറും മെഷീനിലൂടെ മൂല്യനിർണയം സാധിക്കാത്ത ഉത്തരക്കടലാസുകളുടെ എണ്ണം വർധിക്കുകയാണ്. ഇതിെൻറ അടിസ്ഥാനത്തിൽ ഷീറ്റ് വാങ്ങിയ ഹൈദരാബാദ് കമ്പനി അധികൃതരെ പി.എസ്.സി പരീക്ഷാ വിഭാഗം ബന്ധപ്പെട്ടിട്ടുണ്ട്. ലോക്ഡൗണായതിനാൽ യാത്രക്കും മറ്റും പ്രയാസമുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇവരെ എത്തിക്കാനുള്ള നീക്കം നടക്കുകയാണ്. ഒ.എം.ആർ ഷീറ്റിലെ പ്രത്യേകതകൾ മെഷീനുമായി ഒത്തിണക്കിയാൽ മാത്രമേ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ മെഷീന് സാധിക്കൂ. മുൻകാലങ്ങളിൽ മെഷീൻ വാങ്ങിയ കമ്പനിയിൽനിന്നുതന്നെയാണ് പി.എസ്.സി ഒ.എം.ആർ ഷീറ്റുകളും വാങ്ങുക.
അതിനാൽ 99 ശതമാനം ഉത്തരക്കടലാസുകളും മെഷീനിലൂടെ സ്കാൻ ചെയ്ത് മാർക്ക് നൽകാൻ കഴിയുമായിരുന്നു. എന്നാൽ, ആറുമാസം മുമ്പ് ക്വട്ടേഷൻ ക്ഷണിച്ച് കുറഞ്ഞ തുകക്ക് വാങ്ങിയ ഷീറ്റുകളാണ് ഇപ്പോൾ പി.എസ്.സിക്ക് തലവേദനയായത്. കെ.എസ്.എസിന് പുറമെ കഴിഞ്ഞ ആറുമാസത്തിനിടയിൽ പി.എസ്.സി നടത്തിയ എല്ലാ ഒ.എം.ആർ ഉത്തരക്കടലാസുകളുടെ ഗതി ഇതുതന്നെയാണ്. ഈ മാസം 31നുള്ളിൽ പ്രാഥമികപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി ആഗസ്റ്റിൽ മുഖ്യപരീക്ഷ നടത്താനാണ് പി.എസ്.സിയുടെ തീരുമാനം. മെഷീൻ സ്കാൻ ചെയ്യാത്ത ഉത്തരക്കടലാസുകൾ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പി.എസ്.സി ആസ്ഥാനത്തെ ഓൺലൈൻ പരീക്ഷ സെൻററിലിരുത്തി പരിശോധിപ്പിക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.