തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളിലേക്കുള്ള എൽ.ഡി ക്ലർക്ക് പരീക്ഷയിലെ വിവാദ ചോദ്യങ്ങൾ നീക്കിയേക്കും. പൊതുവിജ്ഞാനം വിഭാഗത്തിലെ ചോദ്യങ്ങളെക്കുറിച്ച് വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണിത്. ബുധനാഴ്ച ചേരുന്ന പരീക്ഷ മോണിറ്ററിങ് സമിതിയാണ് വിഷയം പരിഗണിക്കുക. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കേണ്ടെന്നാണ് പി.എസ്.സിയുടെ പൊതുവായ നിലപാട്. വിവാദമുണ്ടാക്കിയ ചോദ്യങ്ങൾ പിൻവലിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്ന നിഗമനത്തിലാണ് വിദഗ്ധ സമിതിയുമെത്തിയത്.
എന്നാൽ, എത്ര ചോദ്യങ്ങൾ പിൻവലിക്കുമെന്നതിനെക്കുറിച്ച് ധാരണയിലെത്തിയിട്ടില്ല. ഇക്കാര്യവും മോണിറ്ററിങ് സമിതി വിലയിരുത്തും. ചോദ്യകർത്താവിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു പകരം പൂർണമായും വിലക്കണമെന്ന നിർദേശവും പരിഗണനയിലുണ്ട്. പുതുതായുണ്ടാക്കുന്ന പാനലിൽ ബന്ധപ്പെട്ട ചോദ്യകർത്താക്കൾ ഉണ്ടാവില്ല. പാലക്കാട്, പത്തനംതിട്ട എൽ.ഡി ക്ലർക്ക് പരീക്ഷകൾ മാത്രമാണ് വിവാദമായത്. നിയമസഭയിൽ പ്രതിപക്ഷത്തിെൻറ രൂക്ഷവിമർശനത്തിന് ഇരയായ വിവാദം ഗൗരവമായാണ് കൈകാര്യം ചെയ്യുന്നത്. പൊതുവിജ്ഞാനം പരിധിയിൽ എന്തും വരാമെന്ന മുൻനിലപാടിൽനിന്ന് പി.എസ്.സി അൽപം അയഞ്ഞിട്ടുണ്ട്.
പൊതുവിജ്ഞാന വിഭാഗത്തിലെ 30 ചോദ്യങ്ങളിൽ ഒന്നുപോലും ഇന്ത്യയെയോ കേരളത്തെയോ കുറിച്ചുണ്ടായില്ലെന്നാണ് പ്രധാന പരാതി. ചൈനയും ജർമനിയും ഇറ്റലിയും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങളിലധികവും. മധ്യ അറ്റ്ലാൻറിക് പർവതനിരയുടെ നീളം, കിഴക്കൻ അയർലൻഡിൽ 1922-ൽ രൂപവത്കരിച്ച സ്റ്റേറ്റ്, ദക്ഷിണാർധ ഗോളത്തിലുണ്ടായിരുന്ന വൻകര, 1945-ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമൻ തലസ്ഥാനം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വിവാദമായത്.
സുഡാനിലെ നീഗ്രോകളുമായി ബന്ധപ്പെട്ട ചോദ്യം വംശീയാധിക്ഷേപമാണെന്ന ആരോപണവുമുയർന്നു. കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കുന്നതാണ് ചോദ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമാണ് നിയമസഭയിൽ വിഷയം ഉന്നയിച്ചത്. രണ്ടുലക്ഷത്തിലേറെ പേരാണ് പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.