മാത്തമാറ്റിക്സില്‍ ഗവേഷണപഠനത്തിന് സ്കോളര്‍ഷിപ്പുകള്‍

രാജ്യത്തെ മൂന്ന് പ്രമുഖ സ്ഥാപനങ്ങളില്‍ സ്കോളര്‍ഷിപ്പോടെ മാത്തമാറ്റിക്സില്‍ പിഎച്ച്.ഡി/ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി പഠനത്തിന് കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള നാഷനല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സ് (എന്‍.ബി.എച്ച്.എം) അപേക്ഷകള്‍ ക്ഷണിച്ചു. ജോയന്‍റ് സ്ക്രീനിങ് ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. 2017-18 അധ്യയനവര്‍ഷം ഹരീഷ്- ചന്ദ്ര റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് അലഹബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ഐസര്‍) പുണെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് ചെന്നൈ എന്നിവിടങ്ങളിലാണ് പിഎച്ച്.ഡി/ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളില്‍ മാത്തമാറ്റിക്സില്‍ ഗവേഷണ പഠനാവസരം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
മാത്തമാറ്റിക്സില്‍ ഗവേഷണപഠനം ലക്ഷ്യമിടുന്നവരും (പ്യുവര്‍/അപൈ്ളഡ്) മാത്തമാറ്റിക്സ് അല്ളെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നല്ല അക്കാദമിക് മികവോടെ മാസ്റ്റേഴ്സ് ഡിഗ്രിയെടുത്തവരുമായിരിക്കണം. ഫൈനല്‍ മാസ്റ്റേഴ്സ് ഡിഗ്രി യോഗ്യതാ പരീക്ഷയെഴുതുന്നവരേയും പരിഗണിക്കും. പ്ളസ് ടു മുതല്‍ മാസ്റ്റേഴ്സ് ഡിഗ്രി വരെയുള്ള പരീക്ഷകളില്‍ ഫസ്റ്റ്ക്ളാസ്/തുല്യ ഗ്രേഡില്‍ വിജയിച്ചിരിക്കുകയും വേണം. സെക്കന്‍ഡ് ക്ളാസ് ബി.എസ്സി ഹോണേഴ്സ് ഡിഗ്രിയെടുത്തശേഷം മാസ്റ്റേഴ്സ് ഡിഗ്രി നേടിയവരേയും അഡീഷനല്‍ ഫൈനല്‍ മാസ്റ്റേഴ്സ് ഡിഗ്രി പരീക്ഷയെഴുതുന്നവരേയും പരിഗണിക്കുന്നതാണ്.
അക്കാദമിക് മികവോടെ നാലുവര്‍ഷത്തെ ബാച്ലര്‍ ഓഫ് സയന്‍സ് (ബി.എസ്) ഡിഗ്രിയെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍, 2017 ആഗസ്റ്റിനകം പിഎച്ച്.ഡി പ്രവേശം നേടണം. എങ്കില്‍മാത്രമേ എന്‍.ബി.എച്ച്.എം സ്കോളര്‍ഷിപ് ലഭ്യമാവുകയുള്ളൂ.
ഈ മൂന്ന് സ്ഥാപനങ്ങളിലേക്കുള്ള പിഎച്ച്.ഡി/ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയന്‍റ്-സ്ക്രീനിങ് ടെസ്റ്റില്‍ ഗവേഷണാഭിരുചിയും അക്കാദമിക് മികവുമുള്ള ബി.എസ്സി/ബി.സ്റ്റാറ്റ്/ബി.എസ്/ബി.ടെക്/ബി.ഇ ബിരുദധാരികള്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്ളസ് ടു തലം മുതല്‍ അക്കാദമിക് മികവ് പുലര്‍ത്തുന്നവരാകണം.
2017 ആഗസ്റ്റ് ഒന്നിനുമുമ്പായി പിഎച്ച്.ഡി പ്രവേശം നേടുന്നവര്‍ക്കാണ് എന്‍.ബി.എച്ച്.എം-പിഎച്ച്.ഡി സ്കോളര്‍ഷിപ് ലഭ്യമാവുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 25,000 രൂപ വീതവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രതിമാസം 28,000 രൂപ വീതവും സ്കോളര്‍ഷിപ്പായി ലഭിക്കും. ഇതിനുപുറമെ വാര്‍ഷിക കണ്ടിന്‍ജന്‍സി ഗ്രാന്‍റായി 32,000 രൂപയും ലഭിക്കുന്നതാണ്. കേന്ദ്രസര്‍ക്കാറിന്‍െറ നിയമാനുസൃതമായ ഹൗസ്റെന്‍റ് അലവന്‍സിനും അര്‍ഹതയുണ്ടായിരിക്കും. ഗവേഷണ പഠനകാലാവധി നാലുവര്‍ഷമാണെങ്കിലും തൃപ്തികരമായ പഠനപുരോഗതി വിലയിരുത്തി ഓരോ വര്‍ഷാന്ത്യവും സ്കോളര്‍ഷിപ് പുതുക്കിനല്‍കും.
അംഗീകൃത പിഎച്ച്.ഡി പ്രോഗ്രാമുകളില്‍ പ്രവേശം ലഭിക്കുന്നവരെ മാത്രമേ സ്കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളൂ.
 ഗവേഷണം നടത്തുന്ന സ്ഥാപനം മുഖേനയാണ് സ്കോളര്‍ഷിപ് ലഭിക്കുന്നത്. പാര്‍ട്ട്ടൈം റിസര്‍ച് നടത്തുന്നവര്‍ക്ക് ഈ സ്കോളര്‍ഷിപ് ലഭിക്കുന്നതല്ല.
ടെസ്റ്റ്: മാത്തമാറ്റിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി നിലവാരത്തിലുള്ള 150 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറുവിവരണരീതിയില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളാവും ടെസ്റ്റിലുണ്ടാവുക. മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ വെബ്സൈറ്റില്‍ റഫറന്‍സിന് ലഭിക്കും. 2017 ജനുവരി 21ന് ടെസ്റ്റ് നടത്തും. അഞ്ചുമേഖലകളായി തിരിച്ചാണ് ടെസ്റ്റ് നടത്തുന്നത്. തെക്കന്‍ മേഖലകളില്‍ കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവ ടെസ്റ്റ് സെന്‍ററുകളായിരിക്കും. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഇന്‍റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും.
അപേക്ഷ: മാതൃകാ അപേക്ഷാഫോറവും വിശദവിവരങ്ങളും www.nbhm.dae.gov.in എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 
നിശ്ചിത മാതൃകയില്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം സ്വന്തം വിലാസമെഴുതി അഞ്ചുരൂപയുടെ തപാല്‍സ്റ്റാമ്പ് പതിച്ച ഒരു കവര്‍ ഉള്ളടക്കം ചെയ്യണം. അപേക്ഷയില്‍ അടുത്തിടെ എടുത്ത ഒരു പാസ്പോര്‍ട്ട്സൈസ് ഫോട്ടോ പതിക്കണം. അപേക്ഷ ഉള്ളടക്കം ചെയ്ത കവറിനുപുറത്ത് ‘NBHM Ph.d Scholarship’ എന്ന് എഴുതണം. തെക്കന്‍ മേഖലയിലുള്ളവര്‍ 2016 ഡിസംബര്‍ ഒമ്പതിന് മുമ്പായി കിട്ടത്തക്കവണ്ണം Prof. S. Kesavan, C/o Institute of Mathematical Sciences, CIT Campus, Taramani, Chennai-600113 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.nbhm.dae.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 


 

Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.