പണമില്ലാതെ എം.ബി.ബി.എസ് മോഹം ഉപേക്ഷിച്ച് വിദ്യാർഥികൾ

തിരുവനന്തപുരം: മെച്ചപ്പെട്ട റാങ്കുണ്ടായിട്ടും പണമില്ലാത്തതിന്‍റെ പേരിൽ എം.ബി.ബി.എസ് പഠനമോഹം പൂർത്തീകരിക്കാനാകാതെ ഇത്തവണയും ഒട്ടേറെ വിദ്യാർഥികൾ. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഭീമമായ ഫീസ് താങ്ങാനാവാത്തതിനാൽ ഈ വിദ്യാർഥികൾ കൂട്ടത്തോടെ സർക്കാർ ഡെന്‍റൽ കോളജുകളിൽ ബി.ഡി.എസ് കോഴ്സിന് ചേരാൻ നിർബന്ധിതരാവുകയാണ്.

ആദ്യ അലോട്ട്മെന്‍റ് വന്നപ്പോൾ കേരള റാങ്കിൽ 6321 വരെ സ്റ്റേറ്റ് മെറിറ്റിൽ സ്വാശ്രയ മെഡിക്കൽ കോളജിൽ അലോട്ട്മെന്‍റ് ലഭിച്ചു. എന്നാൽ, റാങ്ക് പട്ടികയിലെ ആദ്യ രണ്ടായിരത്തിൽ ഉൾപ്പെട്ടിട്ടും 22 പേർക്ക് പ്രവേശനം ഡെന്‍റൽ കോളജുകളിലാണ്.

സ്വാശ്രയ കോളജുകളിൽ ചേർന്ന് പഠിക്കാൻ കഴിയാത്തവർ, സർക്കാർ കോളജുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ ഗവ. ഡെന്‍റൽ കോളജുകളെ ആശ്രയിക്കുന്നതാണ് രീതി. റാങ്ക് പട്ടികയിലെ ആദ്യ 3000 റാങ്കിൽ 95 പേരും 4000 റാങ്കിൽ 156 പേരും 5000 റാങ്കിൽ 183 പേരുമാണ് സർക്കാർ ഡെന്‍റൽ കോളജുകളിൽ ചേർന്നത്.

ഇവരേക്കാൾ പിറകിലുള്ള നൂറുകണക്കിന് വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ചേർന്നു പഠിക്കുമ്പോഴാണ് പണമില്ലാത്തതിന്‍റെ പേരിൽ എം.ബി.ബി.എസ് പഠനമോഹം ഉപേക്ഷിക്കേണ്ടിവരുന്നത്. ആദ്യ അലോട്ട്മെന്‍റ് വന്നപ്പോൾ സർക്കാർ മെഡിക്കൽ കോളജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 696 റാങ്ക് വരെയുള്ളവർക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്.

മെറിറ്റുള്ള വിദ്യാർഥികൾക്ക് സ്വാശ്രയ മെഡിക്കൽ കോളജിൽ കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യം 2017 മുതലാണ് നിർത്തിയത്.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത ഫീസ് ഘടന നിലവിൽ വന്നതാണ് കാരണം. നിലവിൽ ആറുലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഏകീകൃത വാർഷിക ഫീസ്. പുറമെ ലക്ഷത്തോളം രൂപ സ്പെഷൽ ഫീസായും നൽകണം. സർക്കാർ കോളജിൽ 22,050 രൂപയാണ് ഫീസ്.

ഏകീകൃത ഫീസ് ഘടന വന്നതോടെ സ്വാശ്രയ പഠനം വഴിമുട്ടിയ ബി.പി.എൽ വിദ്യാർഥികൾക്കായി സർക്കാർ പ്രത്യേക സ്കോളർഷിപ് ഏർപ്പെടുത്തി ഇതിനായി സഞ്ചിതനിധി രൂപവത്കരിച്ചിരുന്നു. എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനം നേടുന്നവരോട് ഈടാക്കുന്ന 20 ലക്ഷം രൂപ വാർഷിക ഫീസിൽനിന്ന് അഞ്ചു ലക്ഷം രൂപ സ്വരൂപിച്ചായിരുന്നു പദ്ധതി.

ആദ്യവർഷം പ്രവേശന സമയത്ത് പ്രവേശന പരീക്ഷ കമീഷണർ തുക സ്വരൂപിക്കുമെങ്കിലും തുടർവർഷങ്ങളിൽ കോളജുകൾ തുക ഈടാക്കി നൽകാറില്ല. തുക ഈടാക്കി നൽകുന്നതിനെതിരെ കോളജുകൾ കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചതോടെ പദ്ധതി പാളി.  

സ്വാശ്രയ കോളജിലെ പകുതി സീറ്റിൽ ഗവ. ഫീസ് നടപ്പായില്ല

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ ഫീസിൽ പ്രവേശനം നടത്താൻ നാഷനൽ മെഡിക്കൽ കമീഷൻ നിർദേശം പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കാൻ സർക്കാർ താൽപര്യം പ്രകടിപ്പിച്ചില്ല.

സർക്കാർ തീരുമാനം വൈകിയപ്പോൾ മാനേജ്മെന്‍റുകൾ ഹൈകോടതിയെ സമീപിക്കുകയും ഏകീകൃത ഫീസ് ഘടന തുടരാൻ അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. മെഡിക്കൽ കമീഷൻ നിർദേശം നടപ്പാക്കുന്നതിലോ കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിലോ സർക്കാർ താൽപര്യം പ്രകടിപ്പിച്ചതുമില്ല.

Tags:    
News Summary - Students give up MBBS dream without money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.