യു.ജി.സി ഫണ്ട്: എടത്വാ സെന്റ് അലോഷ്യസ് കോളജ് 1.20 ലക്ഷം പലിശസഹിതം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: എടത്വാ സെന്റ് അലോഷ്യസ് കോളജിൽ യു.ജി.സി ഫണ്ട് ക്രമവിരുധമായി വിനിയോഗിച്ചത് പലിശസഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് പരിശോധനയിൽ ആഭ്യന്തര ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ (ഐ.ക്യു.എ.സി) കോർഡിനേറ്റർക്കും ഗോലാബ് എന്ന സ്ഥാപനത്തിനും നൽകിയ 1.20 ലക്ഷം തിരിച്ചടക്കണമെന്നാണ് നിർദേശം.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് യു.ജി.സി ആഭ്യന്തര ക്വാളിറ്റി അഷ്വറൻസ് സെല്ലിലിന്റെ പ്രവർത്തനത്തിന് മൂന്ന് ലക്ഷം രൂപ കോളജിന് നൽകിയത്. പരിശോധനയിൽ ഈ തുക പദ്ധതി നിർവഹണകാലത്ത് ചെലവഴിച്ചില്ലെന്ന് യു.ജി.സി കണ്ടെത്തി. പണത്തിന്റെ വിനിയോഗം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ 2018 ഡിസംബർ 24 വരെ സമയപരിധി അനുവദിച്ചു. തുടർന്ന് 2018 ജൂലൈ 11ന് മൂന്നു ലക്ഷം രൂപ ചെലവഴിച്ചതിന്റെ ഓഡിറ്റ് ചെയ്ത വിനിയോഗ സാക്ഷ്യപത്രം യു.ജി.സിക്ക് കോളജ് അധികൃതർ സമർപ്പിച്ചു.


കോളജ് ഹാജരാക്കിയ കണക്കുകളാണ് ധനകാര്യ വിഭാഗം പരിശോധിച്ചത്. കോർഡിനേറ്റർമാർക്ക് ആകെ 60,000 രൂപ നൽകിയെന്നാണ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കണക്ക്. സ്ഥാപനത്തിലെ അധ്യാപകനായ ഡോ.ജി. ഇന്ദുലാലിന് 2012 ഒക്ടോബർ മുതൽ 2013 മെയ് വരെ കോഡിനേറ്ററായി പ്രവർത്തിച്ചതിന് 8,000 രൂപയും 2013 ജൂൺ മുതൽ 2016 മെയ്‍ വരെ 36,000 രൂപയും നൽകി.

2016 ജൂൺ മുതൽ 2017 സെപ്റ്റംബർ വരെ 16,000 രൂപയും കോഡിനേറ്റർക്ക് നൽകി. തുക ഈ സ്ഥാപനത്തിലെ ജൂനിയർ അധ്യാപികയായ വിനു.വി വടക്കലിന് നൽകിയതായും രേഖയുണ്ടാക്കി. എന്നാൽ, ഈ തുക ഫിസിക്സ് വിഭാത്തിന്റെ വികസനത്തിനായി പ്രിൻസിപ്പലിനെ ഏൽപ്പിച്ചുവെന്നാണ് അധ്യാപിക നൽകിയ മൊഴി. ഐ.ക്യു.എ.സി കോർഡിനേറ്ററായി ആരെയും നിയമിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ കോഡിനേറ്റർ എന്ന നിലയിൽ ഹോണറേറിയമായി നൽകിയ മുഴുവൻ തുകയും (60,000 രൂപ) ചട്ടപ്രകാരമുള്ള പലിശ സഹിതം തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

ഐ.സി.ടി കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് 70,300 രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്. ഗോലാബ് എന്ന സ്ഥാപനത്തിന് 65,200 രൂപ നൽകിയെന്ന് പ്രിൻസിപ്പൽ കണക്ക് നൽകി. അന്വേഷണത്തിൽ 5,200 രൂപയാണ് ഗോലാബിന് നൽകിയത്. പ്രതിഫലം നൽകിയ ഇനത്തിൽ അധികമായി മാറിയെടുത്ത തുകയായ 60,000 രൂപയും ചട്ടപ്രകാരം യു.ജി.സി അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തു. സംസ്ഥാനത്തെ പല കോളജുകലിലും യു.ജി.സി ഫണ്ട് ഇത്തരത്തിൽ തട്ടിയെടുക്കുന്നുണ്ട്. അതിലൊന്നാണിത്.   

Tags:    
News Summary - UGC Fund: Edathua St. Aloysius College to recover 1.20 lakh with interest Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.