കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ സ്ഥാനാർഥിത്വവും പ്രാതിനിധ്യവും സംബന്ധിച്ച സ്വന്തം രാഷ്ട്രീയപാർട്ടിയുടെ ഏകപക്ഷീയ പുരുഷാധികാര തീരുമാനങ്ങളെ തുറന്ന് വിമർശിക്കാനും പ്രതികരിക്കാനും ലതിക സുഭാഷ് കാണിച്ച ആർജവവും ധൈര്യവും അഭിനന്ദനമർഹിക്കുന്നു. കോൺഗ്രസിന്‍റെ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നശേഷം കോൺഗ്രസിന്‍റെ മുതിർന്ന നേതാവും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമായ ലതിക സുഭാഷ്, പാർട്ടി പുരുഷനേതൃത്വത്തിെൻറ തീരുമാനത്തോട് എതിർത്ത് കെ.പി.സി.സി ഓഫിസിന് മുന്നിൽ തലമുണ്ഡനം ചെയ്യുകയും തുടർന്ന് തെൻറ പാർട്ടി സ്ഥാനമാനങ്ങൾ രാജിവെക്കുകയും ചെയ്തു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണല്ലോ. അപ്പോൾ അതിനുള്ളിൽനിന്ന് പുരുഷാധിപത്യത്തിനെതിരായ പൊട്ടിത്തെറി പുറത്തേക്ക് പ്രകടമായതിൽ പുരുഷന്മാരായ നേതാക്കളും വിശേഷിച്ച് ലാലി വിൻസെൻറിനെപ്പോലെയും ദീപ്തി മേരിയെപ്പോലെയുമുള്ള കോൺഗ്രസിലെ വനിതനേതാക്കളും പരിഭവിക്കുകയും ലതിക സുഭാഷിനെ എതിർക്കുകയും ചെയ്യുന്നതിൽ പ്രസക്തിയും ന്യായവുമുണ്ടെന്ന് തോന്നുന്നില്ല. പാർട്ടികളിലെ പുരുഷാധിപത്യത്തിനുള്ളിൽനിന്നുകൊണ്ടാണ് നാളിതുവരെയും എല്ലാ സ്ത്രീകളും പ്രവർത്തിച്ചുവന്നിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയിലെ മുൻകാല നേതാക്കളായിരുന്ന റോസമ്മ ചാക്കോയും ശോഭന ജോർജുമൊക്കെ ലതിക സുഭാഷിന് പിന്തുണ നൽകി ഇപ്പോഴും വേദനയോടുകൂടിത്തന്നെയാണ് അവരുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. ആ തുറന്നുപറയലുകളിലുള്ള സത്യസന്ധതയും നീതിബോധവും യഥാർഥത്തിൽ ലതികക്കല്ല, കോൺഗ്രസിൽ ഇനിയും അവശേഷിക്കുന്ന സ്ത്രീകൾക്കാണ് ഗുണംചെയ്യുക. കോൺഗ്രസ് പാർട്ടിയിൽ മാത്രമല്ല, മറ്റെല്ലാ രാഷ്ട്രീയപാർട്ടികളിലേയും പുരുഷനേതൃത്വങ്ങളെ സമ്മർദത്തിലാക്കാനും സ്ത്രീസ്ഥാനാർഥിത്വത്തെക്കുറിച്ച് ഗൗരവപൂർവം ആലോചിക്കാനും സ്ത്രീകളെയാകെ അവകാശബോധത്തിനുവേണ്ടി ഉണർത്തിവിടാനും ലതികയുടെ പ്രതിഷേധവും മുണ്ഡനംചെയ്ത ശിരസ്സും കേരള പൊതുസമൂഹത്തിൽ ഒരു സ്ത്രീസമര ബിംബമായി ഉയർന്നുനിൽക്കുന്നു.
രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരും പ്രവർത്തിക്കാനാഗ്രഹിക്കുന്നവരുമായ ഒട്ടേറെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വലിയ ആശ്വാസവും പ്രതീക്ഷയും നൽകാൻ ഈ ശക്തമായ പ്രതിഷേധ പ്രതികരണത്തിന് ശേഷിയുണ്ട്. രാഷ്ട്രീയാധികാരത്തിലെ പുരുഷാധിപത്യത്തെ എതിർത്ത് സ്വതന്ത്രസ്ഥാനാർഥിയായി ലതിക മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതുപോലും, തോറ്റാലും ജയിച്ചാലും പൊതുവേ കേരളത്തിലെ സ്ത്രീസമൂഹത്തിന് ആത്മവിശ്വാസവും ആത്മാഭിമാനവും നൽകും എന്നകാര്യത്തിൽ സംശയമില്ല.
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ രാഷ്ട്രീയപ്രാതിനിധ്യ വിഷയത്തിൽ എല്ലാ പാർട്ടികളും നടപ്പാക്കിവരുന്ന പുരുഷ പക്ഷപാതിത്വവും അധികാരപ്രമാണിത്തവും മുമ്പെങ്ങുമില്ലാത്തവിധം തുറന്നുകാട്ടപ്പെടുന്നതും തെരഞ്ഞെടുപ്പുവേളയിൽ ചർച്ചാവിധേയമാകുന്നതും ആരോഗ്യകരമാണ്. കേരളസമൂഹത്തിലെ ലിംഗാധികാര സമവാക്യങ്ങൾ അടിസ്ഥാനപരമായി സ്ത്രീകളാൽ വെല്ലുവിളിക്കപ്പെടുകയും സമൂഹം പുരോഗമിക്കുകയും ചെയ്യുന്നതിെൻറ ലക്ഷണമാണത്. ഇതൊരു ശക്തമായ തുടർച്ചയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി ലോകമാകെയും പടർത്തിവിട്ട സ്ത്രീപ്രക്ഷോഭങ്ങളുടെ സമകാലികമായ ഇന്ത്യൻ, കേരളീയ തുടർച്ചയാണിത്. അതിനാൽ ലതിക സുഭാഷിേൻറത് ഒരു ഒറ്റപ്പെട്ട പ്രതിഷേധമായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കണക്കാക്കരുത്.
1957 മുതൽ കേരളത്തിൽ ഇന്നോളമുണ്ടായ രാഷ്ട്രീയാധികാരത്തിലെ സ്ത്രീ പ്രാതിനിധ്യം നോക്കുക. കോൺഗ്രസ് മുന്നണിയും ഇടതുമുന്നണിയും മാറിമാറി ഭരിച്ച സംസ്ഥാനത്ത് മുഖ്യമന്ത്രി– 0, സ്പീക്കർ–പൂജ്യം, ഡെപ്യൂട്ടി സ്പീക്കർ–മൂന്ന്, മന്ത്രിമാർ–എട്ട് (4.6), രാജ്യസഭയിൽ എം.പിമാർ–നാല്, ലോക്സഭയിൽ എം.പിമാർ -ഒമ്പത്. 10 ശതമാനം സീറ്റുപോലും ഒരു പാർട്ടിയും ഇതുവരെ സ്ത്രീകൾക്ക് നൽകിയിട്ടില്ല. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് യഥാക്രമം 8, 9 സീറ്റുകളാണ് സ്ത്രീകൾക്ക് നൽകിയത്. 2011 ൽ അതിൽ ഒരാൾ മാത്രം ജയിച്ചു. 2016ൽ ആരും ജയിച്ചില്ല. ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോൺഗ്രസിനുള്ളിലെ സ്ത്രീകൾ ആ സമ്പൂർണ അദൃശ്യതയെ മറികടന്നത്. ഘടകകക്ഷികളാകട്ടെ, തങ്ങളുടെ പാർട്ടിയിൽ ഇങ്ങനെയൊരു ജനവിഭാഗമുണ്ട് എന്നതുപോലും കാണാൻ തയാറായില്ല. യു.ഡി.എഫിനെക്കാൾ മെച്ചപ്പെട്ട സ്ത്രീപ്രാതിനിധ്യം സ്ഥാനാർഥിത്വത്തിലൂടെ മാത്രമല്ല, വിജയിക്കുന്ന പകുതിസീറ്റുകളെങ്കിലും നൽകുന്നത് ഇടതുപക്ഷംതന്നെ. സി.പി.എം ആണ് കൂട്ടത്തിൽ അൽപം കൂടുതൽ സീറ്റുകൾ (2011ൽ 10, 2016ൽ 12, 2021ലും 12) പരിഗണിച്ചത്. ഇത്തവണ ലതിക സുഭാഷിെൻറ ശക്തമായ പ്രതിഷേധത്തിെൻറ ഗുണഭോക്താക്കളായി പിന്നീട് രണ്ടു സ്ത്രീകൾക്കുകൂടി സ്ഥാനാർഥി ലിസ്റ്റിൽ ഇടംകിട്ടി. വട്ടിയൂർക്കാവിലെ സ്ത്രീസ്ഥാനാർഥിയായ വീണ എസ്. നായർ യഥാർഥത്തിൽ ലതിക സുഭാഷിനോടാണ് തനിക്കുകിട്ടിയ സ്ഥാനാർഥിത്വത്തിന് കടപ്പെട്ടിരിക്കുന്നത്. എന്തായാലും ചുരുക്കിപ്പറഞ്ഞാൽ ജനസംഖ്യയിൽ പകുതിയിലധികം സ്ത്രീകളുള്ള കേരളത്തിെൻറ നിയമസഭ ഇന്നോളം കണ്ടിട്ടുള്ളത് 90 ശതമാനവും പുരുഷ സാമാജികരെയാണ്. എത്ര വലിയ നിന്ദ്യമായ അനീതിയാണിത്!
പുരുഷാധികാര സമൂഹത്തിൽ ഒരു പാർട്ടിയും പുരുഷനും കൈയടക്കിവെച്ചിരിക്കുന്ന സ്വന്തം അധികാരം സ്വമേധയാ സ്ത്രീകൾക്ക് വിട്ടുകൊടുക്കാൻ തയാറാവുകയില്ലെന്ന് എല്ലാവർക്കുമറിയാം. വികസനം സംബന്ധിച്ച ഏറ്റവും സുപ്രധാനമായ രാഷ്ട്രീയപങ്കാളിത്തം, തീരുമാനമെടുക്കൽ പ്രക്രിയകളിലുള്ള നേതൃത്വം എന്നിവയ്ക്കുള്ള അവസരങ്ങൾ ഇപ്രകാരം സ്ത്രീകൾക്ക് നാളിതുവരെ നിഷേധിച്ചതുകൊണ്ടുമാത്രമാണ് സമൂഹത്തിൽ സ്ത്രീകളുടെ നില ഇത്രയധികം പിന്നിലായിപ്പോയത്. അതുകൊണ്ടാണ് നിയമസഭയിലും പാർലമെൻറിലും 33 ശതമാനം സ്ത്രീസംവരണം വേണമെന്ന ആവശ്യം ഉയർന്നുവന്നത്. 33 ശതമാനമല്ല, 50 ശതമാനം സീറ്റുകളും സ്ത്രീകൾക്കുതന്നെ നീക്കിവെക്കണം എന്നതിലാണ് ജനാധിപത്യവും ലിംഗ നീതിയും തുല്യതയും ഉറപ്പാക്കാനാവുക.
തത്വത്തിൽ സ്ത്രീസംവരണത്തെ അനുകൂലിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളാണ് കോൺഗ്രസും ഇടതുപക്ഷവും. സ്ത്രീസംവരണ ബിൽ പാർലമെൻറിൽ പാസായാൽ മാത്രമേ സ്ത്രീകൾക്ക് തുല്യനിലയിൽ രാഷ്ട്രീയാധികാരം പങ്കുവെക്കൂ എന്ന നിലപാട് അതിനാൽ ഇനിയും തുടരുന്നത് നീതിയല്ല, ധാർമികതയല്ല. സ്ത്രീസംവരണ ചർച്ചകളും മുദ്രാവാക്യവും ഇന്ത്യയിൽ ഉയർന്നു വന്നിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. എന്നാൽ, ഇപ്പോഴും പാസാക്കാതെ തടസ്സപ്പെടുത്തിവെച്ചിരിക്കുന്ന സ്ത്രീസംവരണ ബിൽ ഇനിയെങ്കിലും പാസായി നിയമമാകണമെങ്കിൽ രാഷ്ട്രീയപാർട്ടി നേതൃനിരയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ഒത്തൊരുമിച്ച മുൻകൈയിൽ വലിയ കലാപങ്ങൾ തന്നെയുണ്ടാകണമെന്നായിരിക്കുന്നു. അതുണ്ടാകാത്തിടത്തോളം സ്ത്രീകളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും അടക്കിനിർത്തിയും ഈ അനീതി അനുസ്യൂതം തുടരും. ലതിക സുഭാഷിേൻറത് അനീതിക്കെതിരായ കലാപമാണ്. അത് ഫലത്തിൽ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ളതാണ്.
ജനാധിപത്യ രാഷ്ട്രീയപാർട്ടികളിൽ ലിംഗനീതി സംബന്ധിച്ച ചർച്ചകൾ ഇനിയുള്ളകാലം സജീവമായി ഉയർന്നുനിൽക്കണം. ജനാധിപത്യ പാർട്ടികളിൽ ആൺകോയ്മയുടെ മൂല്യങ്ങൾ സംരക്ഷിച്ചുനിൽക്കുന്ന സ്ത്രീകളാണുള്ളതെങ്കിൽ വ്യക്തിപരമായി അവർക്ക് നേട്ടങ്ങളുണ്ടാവുമെന്നല്ലാതെ സ്ത്രീസമൂഹത്തിന് അതുകൊണ്ട് ഒരു നേട്ടവുമില്ല. മത-വർഗീയ-ഫാഷിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്ന പുരുഷനേതാക്കളെക്കൊണ്ടും അനുയായികളെക്കൊണ്ടും ഒരു മതേതര രാജ്യത്തിനുണ്ടാകുന്നത് ഉപകാരമല്ല, ഉപദ്രവമാണ് എന്നതുപോലെ. അവരുടെ പാർട്ടിക്ക് അധികാരത്തിൽനിന്ന് കൈയാളുന്ന എല്ലാ നേട്ടങ്ങളുമുണ്ടാകും. ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടിയിൽ ശോഭ സുരേന്ദ്രൻ എന്ന വനിത നേതാവ് പുരുഷ നേതൃത്വത്തിൽനിന്ന് നേരിടുന്ന അവഗണനക്കെതിരെ പുറത്തുപറയുമ്പോഴും കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ലതിക സുഭാഷ് അവരുടെ പാർട്ടിക്കുള്ളിലെ വിവേചനത്തെക്കുറിച്ച് പറയുമ്പോഴും ഒരുപോലെയല്ല അതിലുള്ള ലിംഗരാഷ്ട്രീയം. ശോഭ സുരേന്ദ്രൻ ഈ സമൂഹത്തിലെ സ്ത്രീകളെ കൂടുതൽ അരക്ഷിതമാക്കുകയും അസ്വാതന്ത്ര്യത്തിെൻറ തടവറയിലാക്കുകയും അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ഇരുട്ടിലേക്ക് ആനയിക്കുകയും ചെയ്യുന്ന രാഷ്ട്രീയവിശ്വാസത്തിെൻറ നേതാവാണ്. വൈയക്തികനേട്ടങ്ങൾക്കപ്പുറം സമൂഹത്തിലെ സ്ത്രീകളുടെ അതിജീവനവും സാമൂഹികചലനാത്മകതയും സ്വാതന്ത്ര്യവും അവരുടെ താൽപര്യമല്ല. മാത്രവുമല്ല, സ്ത്രീകൾ രാഷ്ട്രീയാധികാരത്തിൽ വരണം എന്നുപറയുന്ന ലിംഗരാഷ്ട്രീയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്, എല്ലാ തരം അസമത്വങ്ങളേയും അനീതികളേയും ഇല്ലാതാക്കാനുള്ള സ്ത്രീകളുടെ നിയമനിർമാണ രാഷ്ട്രീയ, ഭരണനിർവഹണ പ്രവർത്തനം എന്നതാണ്. പുരുഷാധിപത്യ രാഷ്ട്രീയ സംസ്കാരത്തിെൻറ അഴുക്കുകളെ നീക്കി രാഷ്ട്രീയമണ്ഡലത്തെ വൃത്തിയാക്കിയെടുക്കുക എന്ന വലിയ ദൗത്യംകൂടി അതിനുള്ളിലുണ്ട്.
കേരളത്തിെൻറ തദ്ദേശ ഭരണനിർവഹണരംഗത്ത് ഇന്ന് സ്ത്രീസംവരണ സീറ്റുകൾക്കുമപ്പുറം 50 ശതമാനത്തിലധികം സ്ത്രീകളുണ്ട്. കൂടുതൽ സ്ത്രീകളെ മത്സരിപ്പിച്ചും നേതൃത്വത്തിലേക്കുയർത്തിയും ഇടതു ജനാധിപത്യപാർട്ടികൾ തദ്ദേശഭരണ തെരഞ്ഞെടുപ്പുരംഗത്ത് കാണിച്ച മാതൃക ഇനി അടുത്ത നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിലും കൊണ്ടുവരണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട്. സ്ത്രീസംവരണത്തെ അനുകൂലിക്കുന്ന പാർട്ടികൾക്ക് അത് സംഘടനതലത്തിൽതന്നെ നടപ്പിലാക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ഭരണാധികാരത്തിൽ അത്തരത്തിലുള്ള നീതിപൂർവകമായ പങ്കുവെക്കൽ കാണാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അതുവരെയും സ്ത്രീകൾ അവരുടെ നേതൃത്വശക്തിയും അറിവും ശേഷികളും കൂടുതൽ കൂടുതൽ ഉയർത്തിപ്പിടിച്ച് പോരാടട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.