കുറെ നാളുകളായി കേരളത്തിലെ സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അനുഭവിച്ചു ഒരു വിഷമാവസ്ഥക്ക് വിരാമമിടാൻ നിർദേശിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സാമ്പത്തികം ഇല്ല എന്ന കാരണത്താൽ ഒരു കുട്ടിയെയും സ്കൂൾ വിനോദയാത്രാ പരിപാടികളിൽനിന്ന് ഒഴിവാക്കരുതെന്നാണ് മന്ത്രി പറഞ്ഞുവെച്ചത്. വിനോദയാത്രാ പരിപാടിയുടെ സ്കൂൾ നോട്ടീസ് വരരുതേ എന്ന് കണ്ണടച്ച് പ്രാർഥിക്കുന്ന കുഞ്ഞുങ്ങൾ നമ്മുടെ ചുറ്റുമുള്ള ഓരോ സ്കൂളിലും ഓരോ ക്ലാസ് മുറികളിലുമുണ്ടാവും.
ചരിത്ര-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാനും ആസ്വദിക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, രക്ഷിതാക്കൾ എത്ര ശ്രമിച്ചാലും ടൂറിനു നൽകാനുള്ള തുക സ്വരൂപിക്കാൻ സാധിക്കില്ലെന്ന് അവർക്ക് നന്നായി അറിയാം. കൂട്ടുകാരെല്ലാം പോകുന്ന യാത്രക്ക് ഒപ്പം ചേരാൻ കൊതിക്കുന്ന കുഞ്ഞുങ്ങളുടെ ആഗ്രഹം സഫലമാക്കി നൽകാൻ സാധിക്കാത്ത മാതാപിതാക്കൾ അനുഭവിക്കുന്ന സങ്കടം അതിലുമിരട്ടിയാണ്. പി.ടി.എ സംവിധാനമോ മറ്റേതെങ്കിലും രീതിയിലെ സഹായഹസ്തങ്ങളോ ഉപയോഗപ്പെടുത്തി ഇത്തരം കുട്ടികളെ കൂടി ചേർത്തുപിടിക്കാൻ കുറെയേറെ വിദ്യാലയങ്ങൾക്ക് സാധിച്ചെന്നിരിക്കും. എന്നിരിക്കിലും സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല.
പണ്ട് പഠനയാത്രകൾ എന്ന പേരിലാണ് സ്കൂൾ ടൂറുകൾ നടന്നിരുന്നതെങ്കിൽ ഇപ്പോഴത് തികച്ചും വിനോദയാത്രകൾതന്നെയായി മാറിയിരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അമ്യൂസ്മെന്റ് പാർക്കുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ്-ചരിത്ര കേന്ദ്രങ്ങളിലേക്കും മറ്റുമാണ് ഒട്ടുമിക്ക സ്കൂളുകളും യാത്ര സംഘടിപ്പിക്കുന്നത്. ആയിരങ്ങളിൽ കുറഞ്ഞ ഫീസ് ഒരിടത്തുമില്ല. സ്കൂൾ പഠന കാലത്ത് ഇത്ര ആർഭാടകരമായ യാത്രകൾ വേണ്ടതുണ്ടോ എന്ന് അധ്യാപകരും വിദ്യാർഥികളും പുനർവിചിന്തനം നടത്താൻ സമയമായിരിക്കുന്നു.
അമ്യൂസ്മെന്റ് പാർക്കുകളിൽ പോയി ആഹ്ലാദിച്ച് പൊട്ടിച്ചിരിക്കുന്നതിന് പകരം സമീപ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങൾ, വയോജന കേന്ദ്രങ്ങൾ, പാലിയേറ്റിവ് പരിചരണ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലേക്ക് സന്ദർശനങ്ങൾ ഒരുക്കി ജീവിതത്തിലെ കയ്പും മധുരവും മനസ്സിലാക്കി നൽകാൻ അധ്യാപകർ ശ്രദ്ധിക്കണം. ഇക്കാലത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കാനും ഇതു സഹായകമാവും.
സാമ്പത്തികം ഇല്ലെന്ന കാരണത്താൽ ടൂറിൽനിന്ന് ഒഴിവാക്കപ്പെടുന്നതുപോലെ ഭയാനക മാനസികാവസ്ഥയാണ് വിവിധ ആവശ്യങ്ങൾക്കായി ചുമത്തുന്ന ഫീസ് യഥാ സമയം അടക്കാൻ കഴിയാത്ത കുട്ടികളുടേതും. എഴുന്നേൽപ്പിച്ച് നിർത്തുന്നതും വീട്ടിലേക്ക് തിരിച്ചയക്കുന്നതും തടയാൻ കർശന നിർദേശങ്ങൾ അത്യാവശ്യമാണ്. കുട്ടികളെ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെക്കുറിച്ച് ബോധ്യപ്പെടുത്തി നൽകുമ്പോൾതന്നെ എല്ലാവിധ അപകർഷതാ ബോധങ്ങളിൽനിന്ന് മോചിപ്പിക്കാനും അധ്യാപകർക്കും വിദ്യാലയങ്ങൾക്കും സാധിക്കണം.
(സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.