നിനച്ചിരിക്കാതെയായിരുന്നു ദുബൈ ഭരണാധികാരിയുടെ ആ മറുചോദ്യം: ‘‘എന്തുകൊണ്ടാണ് തൊഴിൽ തേടി ഇത്രമാത്രം മലയാളികൾക്ക് ഇങ്ങോട്ട് വരേണ്ടിവരുന്നത്?’’ അതിനും ഒരു ചിരി മാത്രമായിരുന്നു ഉമ്മൻ ചാണ്ടിക്കും മറ്റുള്ളവർക്കുമുള്ള മറുപടി
2005ൽ യു.ഡി.എഫ് മന്ത്രിസഭയുടെ സമയത്താണ് കൊച്ചിയിൽ സ്മാർട്ട് സിറ്റി പദ്ധതി എന്ന ആശയം നാമ്പിടുന്നത്. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ദുബൈ അധികൃതരുമായി നടത്തിയ ചർച്ചയോടെയാണ് തുടക്കം. ദുബൈയിൽ ഇന്റർനെറ്റ് സിറ്റിയുടെ ലോകം അന്ന് കുഞ്ഞാലിക്കുട്ടിയും ഉദ്യോഗസ്ഥ സംഘവും നടന്നുകണ്ടു. സമാന മാതൃകയിൽ ഒന്ന് കേരളത്തിലും വരണം എന്ന ആഗ്രഹത്തിനു പുറത്താണ് സ്മാർട്ട് സിറ്റിയിലേക്കുള്ള യാത്ര. ലോകത്തുടനീളമുള്ള വൻകിട ഐ.ടി സ്ഥാപനങ്ങൾ ദുബൈയിൽ വേരു പടർത്തിയ സമയംകൂടിയായിരുന്നു അത്. വിവിധ രാജ്യങ്ങളിൽ സ്മാർട്ട് സിറ്റി പദ്ധതികൾ നടപ്പാക്കാൻ ദുബൈ ശ്രമം ആരംഭിച്ചതും കേരളത്തിനു തുണയായി. മലയാളി വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി, സാബീൽ പാലസിലെ ഉന്നത ഉദ്യോഗസ്ഥരായ എ.പി. അസ്ലം ബിൻ മുഹ്യുദ്ദീൻ, ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിവെച്ച ഇടപെടലുകൾ കേരളത്തിനും ദുബൈക്കും ഇടയിൽ പദ്ധതി ചർച്ചകൾക്ക് ആക്കം കൂട്ടി.
ഐ.ടി മേഖലയിൽ തൊഴിൽ സാധ്യത തേടി നൂറുകണക്കിന് മലയാളികൾ ദുബൈയിലേക്ക് ചേക്കേറിയ അക്കാലത്ത് ബംഗളൂരുവിനെയും ഹൈദരാബാദിനെയും വെല്ലുന്ന രൂപത്തിൽ കൊച്ചി സ്മാർട്ട് സിറ്റി യാഥാർഥ്യമാകുന്ന ഒരു നാളെയായിരുന്നു എല്ലാവരുടെയും മനസ്സിൽ. ദുബൈ ടീകോം തലപ്പത്തുള്ളവരും വൻ ആവേശത്തിൽ. അന്ന് ടീകോമിൽ ഉന്നത പദവിയിൽ ഉണ്ടായിരുന്നവരിൽ പ്രധാനിയാണ് ബാജു ജോർജ്. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്കു വേണ്ടി അദ്ദേഹം ഏറെ താൽപര്യമെടുത്തു. ദുബൈയിലെ മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം തേടി നിത്യവും ബാജു ജോർജിനെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ബാജുവിലൂടെ ടീകോം തലപ്പത്തുള്ളവരിലേക്കും എളുപ്പം എത്താനായി. നിത്യവും മാധ്യമ പ്രവർത്തകർ നിരന്തരം ഫോണിൽ വിളിച്ചാലും ഒട്ടും മുഷിയാതെ ആവശ്യമായ എല്ലാ വിവരങ്ങളും കൈമാറാൻ അവർ തയാറായി. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെ അത്രമാത്രം ആവേശത്തിലാണ് ടീകോം വിഭാവനം ചെയ്തത്.
എന്നാൽ, കേരളത്തിൽ ചർച്ച വഴിമുട്ടിയ ഘട്ടത്തിൽ മാൾട്ടയിൽ ടീകോം സ്മാർട്ട് സിറ്റി യാഥാർഥ്യമായി. ഹൈദരാബാദിലും ബംഗളൂരുവിലും സന്ദർശനം നടത്തി ബദൽ സാധ്യതകളും ആരാഞ്ഞ ടീകോം സംഘം കൊച്ചിതന്നെയാണ് മികച്ച കേന്ദ്രമെന്ന നിർദേശമാണ് കൈമാറിയത്. അങ്ങനെയാണ് കൊച്ചി സ്മാർട്ട് സിറ്റിയിൽ മുതൽമുടക്കാൻ ദുബൈ തീരുമാനമെടുക്കുന്നത്. പ്രത്യേക സാമ്പത്തിക സോൺ പദവി ലഭിച്ചില്ലെങ്കിൽ പദ്ധതി പ്രായോഗികമായി വിജയിക്കില്ലെന്ന് ടീകോം തീർത്തുപറഞ്ഞു. അതിനുവേണ്ടിയും കുറെ സമയം നഷ്ടമായി. ദുബൈ ഇന്റർനെറ്റ് സിറ്റിയിൽ ചേക്കേറിയ അസംഖ്യം കമ്പനികളിൽ കുറച്ചുപേരെ കൊച്ചിയിൽ എത്തിക്കാനുള്ള ചർച്ചയും ഇതിനിടയിൽ നടന്നു. 2006ൽ വി.എസ് മന്ത്രിസഭ അധികാരത്തിൽ വന്നതോടെ പദ്ധതി സംബന്ധിച്ച അവ്യക്തത ഉണ്ടായി. തുടക്കത്തിൽ നിഷേധാത്മകം ആയിരുന്നു സർക്കാർ നിലപാട്. ഒടുവിൽ 2007 മേയിലാണ് കൊച്ചി സ്മാർട്ട് സിറ്റി കരാർ പിറക്കുന്നത്. 240 ഏക്കർ സ്ഥലത്ത് ലോകോത്തര ഐ.ടി കെട്ടിടങ്ങളും ആദ്യഘട്ടത്തിൽ 90,000 തൊഴിലവസരങ്ങളുമെന്ന വലിയ സ്വപ്നം ഗൾഫ് മേഖലയിലെ പ്രവാസി മധ്യവർഗത്തിൽ വലിയ പ്രതീക്ഷ പകർന്നു.
ഐ.ടി രംഗത്ത് നാട്ടിൽതന്നെ ഏറ്റവും മികച്ച തൊഴിലവസരം ലഭ്യമാകും എന്നുവന്നതോടെ പദ്ധതിയോടുള്ള പ്രവാസി താൽപര്യവും വർധിച്ചു. ഉമ്മൻ ചാണ്ടി സർക്കാറിനു കീഴിൽ സ്മാർട്ട് സിറ്റിക്ക് വീണ്ടും ജീവൻവെച്ചു. 2015 ജൂലൈ 28ന്റെ ദുബൈ അനുഭവം മറക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ദുബൈ ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി എമിറേറ്റ്സ് ഹോട്ടലിൽ ആണ് കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. യാദൃച്ഛികമായാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ഹോട്ടലിലെ ഓഫിസ് സമുച്ചയത്തിനു പുറത്ത് ഉമ്മൻ ചാണ്ടിയെയും സംഘത്തെയും കാണുന്നത്. സ്മാർട്ട് സിറ്റി പദ്ധതി നിർമാണം 18 മാസങ്ങൾകൊണ്ട് പൂർത്തീകരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻ ചാണ്ടി അദ്ദേഹത്തോട് വിശദീകരിച്ചു. അതു കേൾക്കെ, ശൈഖ് മുഹമ്മദ് ചോദിച്ചു.
‘‘എന്തിന് 18 മാസം? ഒരു മാസംതന്നെ ധാരാളമല്ലേ?’’ ഇതായിരുന്നു ദുബൈ ഭരണാധികാരിയുടെ ചോദ്യം. നോക്കിനിൽക്കെ, കൂറ്റൻ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുന്ന ദുബൈയുടെ ശീലം മുന്നിൽ നിർത്തിയായിരുന്നു ശൈഖ് മുഹമ്മദിന്റെ ആ ചോദ്യം. ഉമ്മൻ ചാണ്ടി അപ്പോൾ വെറുതെ ചിരിച്ചതേയുള്ളൂ. തുടർന്ന് ഓഫിസിനുള്ളിൽ വിശദമായ കൂടിക്കാഴ്ച. കേരളവുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കായി ദുബൈ ഭരണാധികാരി ഇത്രമാത്രം സമയം ചെലവിട്ടത് അന്നും ഇന്നും അത്ഭുതകരമായ ചോദ്യമായി ഉള്ളിലുണ്ട്. എം.എ. യൂസുഫലിയാണ് കൂടിക്കാഴ്ചയിൽ കൂടുതലും സംസാരിച്ചത്. മലയാളികളുടെ യു.എ.ഇയിലേക്കുള്ള വരവിനെക്കുറിച്ചും അവരുടെ വർധിച്ച സാന്നിധ്യത്തെക്കുറിച്ചും ശൈഖ് മുഹമ്മദിന് മുമ്പാകെ യൂസുഫലി ആവേശംകൊണ്ടു.
എന്നാൽ, നിനച്ചിരിക്കാതെയായിരുന്നു ദുബൈ ഭരണാധികാരി ഒരു മറുചോദ്യമെറിഞ്ഞു: ‘‘എന്തുകൊണ്ടാണ് തൊഴിൽ തേടി ഇത്രമാത്രം മലയാളികൾക്ക് ഇങ്ങോട്ട് വരേണ്ടിവരുന്നത്?’’ അതിനും ഒരു ചിരി മാത്രമായിരുന്നു ഉമ്മൻ ചാണ്ടിക്കും മറ്റുള്ളവർക്കുമുള്ള മറുപടി. കേരളത്തിനു മുമ്പാകെ ഒരു അറബ് ഭരണാധികാരി ഉന്നയിച്ച സംശയം ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ ചോദ്യംകൂടിയായി ഇന്നും ബാക്കിനിൽക്കുന്നു. അതിന് തൃപ്തികരമായ ഒരു മറുപടി നൽകാൻ ഇന്നും കേരളത്തിന് കഴിഞ്ഞിട്ടില്ല.
2016ൽ സ്മാർട്ട് സിറ്റി പദ്ധതി പേരിനെങ്കിലും യാഥാർഥ്യമായി. അപ്പോഴും പ്രതീക്ഷയിലായിരുന്നു പ്രവാസലോകം. ചുരുങ്ങിയ സമയംകൊണ്ട് കൂടുതൽ ഐ.ടി കമ്പനികളെ കൊണ്ടുവരാനും പദ്ധതി ലക്ഷ്യത്തിലേക്ക് അടുപ്പിക്കാനും കഴിയും എന്നായിരുന്നു ഉദ്ഘാടനവേളയിൽ സർക്കാറും ഉദ്യോഗസഥരും പറഞ്ഞത്. അന്നത്തെ ദുബൈ ഹോൾഡിങ്സ് ചെയർമാൻ കൂടിയായ യു.എ.ഇ മുൻ മന്ത്രി മുഹമ്മദ് അൽ ഗർഗാവിയും വലിയ പ്രതീക്ഷയിൽ ആയിരുന്നു. താൽക്കാലിക സി.ഇ.ഒ ആയി ബാജു ജോർജ് വന്നു. ചില നീക്കങ്ങൾ ആരംഭിച്ചെങ്കിലും അതും അധികമൊന്നും മുന്നോട്ടുപോയില്ല. തുടർ ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ലോകോത്തര ഐ.ടി പദ്ധതിയായി കൊച്ചി സ്മാർട്ട് സിറ്റി മാറും എന്നുമായിരുന്നു കണക്കുകൂട്ടൽ. 2020ഓടെ പദ്ധതി പൂർണ സ്വഭാവത്തിൽ നടപ്പാക്കും എന്നും ഉറപ്പിച്ചതാണ്. കാര്യമായ മുന്നേറ്റമൊന്നും കൊണ്ടുവരാതെയാണ് പദ്ധതി അവസാനിക്കുന്നത്. പുറംരാജ്യങ്ങളിൽ സ്മാർട്ട് സിറ്റി പദ്ധതികളോടുള്ള താൽപര്യക്കുറവ് ദുബൈക്കും ഉണ്ട്. 2017ൽതന്നെ ദുബൈയിലെ ഓഫിസ് സംവിധാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചതും ഇതിന്റെ ഭാഗം. യു.എ.ഇക്കും കേരളത്തിനും ഇടയിൽ വലിയ ഇഴയടുപ്പത്തിനുള്ള മികച്ച അവസരംകൂടിയാണ് ഇതോടെ ഇല്ലാതാകുന്നതെന്ന സങ്കടം ബാക്കി. ഏറെക്കാലത്തിനു ശേഷം ബാജു ജോർജുമായി ഫോണിൽ സംസാരിക്കെ, അതേ പ്രതികരണംതന്നെയാണ് ധ്വനിച്ചുനിന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.