ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കുന്നതിനായി വിദ്യാർഥികളെ മേൽക്കൂരയിൽ ബന്ദികളാക്കി അധ്യാപകർ. 24ഓളം വിദ്യാർഥികളെ രണ്ട് അധ്യാപകർ ചേർന്ന് സ്‌കൂളിന്റെ മേൽക്കൂരയിൽ പൂട്ടിയിട്ടതായാണ് പരാതി. കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ അധ്യാപകരായ മനോരമ മിശ്ര, ഗോൾഡി കത്യാർ എന്നിവരാണ് വിദ്യാർഥികളെ മണിക്കൂറുകളോളം ബന്ദികളാക്കിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് സ്കൂൾ അധികൃതരും പൊലീസും സ്ഥലത്തെത്തി വിദ്യാർഥികളെ മോചിപ്പിക്കുകയായിരുന്നു.
ഇരുവരും തങ്ങളുടെ സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് റദ്ദാക്കാൻ ജില്ലാ അധികാരികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്നും അത് നടക്കാതെ വന്നതിനാലാണ് ഇത്തരം തന്ത്രങ്ങൾ പ്രയോഗിച്ചതെന്നും ലഖിംപൂർ ഖേരിയിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ ലക്ഷ്മികാന്ത് പാണ്ഡെ പറഞ്ഞു. പാണ്ഡെയെയും ഗേൾ എജ്യുക്കേഷൻ ജില്ലാ കോ-ഓഡിനേറ്റർ രേണു ശ്രീവാസ്തവിനെയും ഹോസ്റ്റൽ വാർഡൻ ലളിത് കുമാരിയാണ് വിവരം അറിയിച്ചത്.
സംഭവത്തിൽ രണ്ട് അധ്യാപകർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിൽ അധ്യാപകർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്നും നീക്കുന്നത് ഉൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.