ന്യൂഡൽഹി: ഓടിക്കളിച്ച് തളർന്നപ്പോൾ പതിവ് പോലെ ഇത്തിരി ദാഹജലം കുടിക്കാൻ വീടിനടുത്തുള്ള ശ്മശാനത്തിലെ കൂളറിന് മുന്നിലെത്തിയതായിരുന്നു ആ ഒമ്പതുകാരി. തണുത്ത വെള്ളം കുടിച്ച് ദാഹമകറ്റുന്നതിനിടെ, ശ്മശാനത്തിലെ പുരോഹിതൻ രാധേശ്യാം അടക്കമുള്ള നാല് മനുഷ്യ കഴുകൻമാർ അവളെ റാഞ്ചിയെടുത്ത് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ശ്മശാനത്തിനുള്ളിൽ വെച്ച് തന്നെയായിരുന്നു ഈ ക്രൂരത. പിന്നീട്, ഹാഥറസ് മോഡലിൽ മൃതദേഹം ബലംപ്രയോഗിച്ച് ദഹിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ഡൽഹിയിലെ പുരാനാ നങ്കൽ ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഡൽഹി കേന്റാൺമെന്റ് പ്രദേശത്തെ ശ്മശാനത്തോട് ചേർന്നുള്ള വാടകവീട്ടിലാണ് ദലിത് ജാതിക്കാരായ കുട്ടിയുടെ നിർധന കുടുംബം കഴിഞ്ഞിരുന്നത്. വെള്ളം കുടിക്കാൻ പോയ ആ മോൾ പിന്നീട് തിരിച്ചുവന്നില്ല. മകളെ കാണാതെ പരിഭ്രാന്തിയിലായ മാതാവ് പലയിടത്തും തിരക്കി. ഒടുവിൽ ശ്മശാനത്തിലെ പുരോഹിതന്‍റെ കൂട്ടാളികൾ തന്നെ ചലനമറ്റ മകളുടെ ശരീരം ആ അമ്മയ്ക്ക് കാണിച്ചുകൊടുത്തു. കൂളറിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടി ഷോക്കടിച്ച് മരിച്ചുവെന്ന പച്ചക്കള്ളമാണ് അവർ പറഞ്ഞത്.
പൊലീസിനെ വിവരമറിയിച്ചാൽ അവർ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്നും അവയവങ്ങൾ മോഷണം പോകുമെന്നും പുരോഹിതൻ അമ്മയോട് പറഞ്ഞു. കുടുംബത്തിനുമേൽ സമ്മർദം ചെലുത്തി മൃതദേഹം ഉടൻ ദഹിപ്പിക്കുകയും ചെയ്തു.
എന്നാൽ, കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളും ചുണ്ട് നീല നിറമായി മാറിയതും മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. അരുതാത്തത് എന്തോ നടന്നുവെന്ന സംശയം ഇവരുടെ മനസ്സിൽ തീക്കോരിയിട്ടു. ഒടുവിൽ, തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്കരിച്ച വിവരം അയൽക്കാരോട് പറഞ്ഞതോടെയാണ് പുറംലോകം ഈ ക്രൂരകൃത്യം അറിയുന്നത്. ഇതോടെ ശ്മശാനത്തിന് സമീപം നാട്ടുകാർ ഒത്തുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
കുട്ടിയെ ശ്മശാനത്തിൽ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രാധേശ്യാമിനെയും ശ്മശാനം ജീവനക്കാരായ സാലിം, ലക്ഷ്മിനാരായൺ, കുൽദീപ് എന്നിവരെയും അറസ്റ്റ് ചെയ്തു. പോക്സോ, എസ്.സി/എസ്.ടി നിയമങ്ങൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണിൽചോരയില്ലാത്ത ക്രൂരകൃത്യത്തിെനതിരെ സോഷ്യൽമീഡിയയിലും പുറത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾക്കെതിരെ കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യവുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.