ആലുവ: ഭർത്താവും ആലുവ സി.ഐക്കും എതിരെ കുറിപ്പെഴുതിയ നിയമ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മൂഫിയ പര്‍വീണിന്‍റെ സഹപാഠി രംഗത്ത്. ഭര്‍തൃവീട്ടില്‍വെച്ച് കൊടിയ പീഡനങ്ങളാണ് മൂഫിയ ഏറ്റുവാങ്ങിയിരുന്നതെന്ന് സഹപാഠി ജോവിൻ വെളിപ്പെടുത്തി.
സ്ത്രീധനം ആവശ്യപ്പെട്ട് മൂഫിയയെ ഭര്‍ത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് മൂഫിയ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഭര്‍ത്താവ് സുഹൈലിന് ഗള്‍ഫില്‍ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹ ശേഷം ഗള്‍ഫിലെ ജോലി ഒഴിവാക്കിയെന്നും പറഞ്ഞു. സിനിമ മേഖലയിലേക്ക് ഇറങ്ങാന്‍ പോകുകയാണെന്നും തിരക്കഥ എഴുതി ജീവിക്കാനുള്ള തയാറെടുപ്പിലാണെന്നുമാണ് മൂഫിയായോട് സുഹൈൽ പറഞ്ഞത്. ഭർത്താവിന്‍റെ തീരുമാനത്തെ മൂഫിയ പിന്തുണച്ചു.
ഒരു ജോലിക്കും പോകാതിരുന്ന സുഹൈല്‍, മൊബൈല്‍ ഫോണിലാണ് മുഴുവന്‍ സമയം ചിലവഴിച്ചിരുന്നത്. മൂഫിയായോട് സംസാരിക്കാനോ വിശേഷങ്ങള്‍ തിരക്കാനോ തയാറായില്ല. ഇത് ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങള്‍ ഉടലെടുക്കാൻ വഴിവെച്ചു. ഭർത്താവിന്‍റെ സമീപനം മൂഫിയയെ മാനസികമായി തളര്‍ത്തി.
ഇതിനിടയിൽ ശാരീരിക പീഡനങ്ങളും ഉണ്ടായി. ശരീരത്തില്‍ പച്ച കുത്തണമെന്ന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, മൂഫിയക്ക് അതിന് താൽപര്യമുണ്ടായിരുന്നില്ല. പുറത്ത് പറയാന്‍ സാധിക്കാത്ത പല കാര്യങ്ങള്‍ക്കും തന്നെ ഭർത്താവ് നിര്‍ബന്ധിച്ചതായി മൂഫിയ പറഞ്ഞിട്ടുണ്ട്.
ഭൂമി വാങ്ങുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈലിന്‍റെ മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ മാത്രം ആയതിനാല്‍ മൂഫിയയുടെ വീട്ടുകാർ പണം നൽകിയില്ല. മാനസിക പീഡനങ്ങളെ കുറിച്ച് വീട്ടുകാരെ മൂഫിയ അറിയിക്കുമെന്ന് അറിയാവുന്നതിനാലാണ് അവളെ മാനസിക രോഗിയാക്കാനുള്ള ശ്രമവും ഭർതൃവീട്ടുകാർ നടത്തിയത്.
വലിയ പ്രതീക്ഷയോടെയാണ് മൂഫിയ ആലുവ പൊലീസ് സ്റ്റേഷനില്‍ പോയത്. എന്നാല്‍, സി.ഐയില്‍ നിന്നുള്ള മോശം പെരുമാറ്റം അവളെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാകാം. സി.ഐ ഒന്ന് മയത്തില്‍ സംസാരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മൂഫിയ തങ്ങള്‍ക്കൊപ്പം ഇന്ന് ക്ലാസില്‍ ഇരിക്കുമായിരുന്നുവെന്നും ജോവിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.