മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാൻ വൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തി; കവർച്ച കേസിലെ പരാതിക്കാരനായ വ്യവസായി പിടിയിൽ

നിലമ്പൂർ: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാൻ വൈദ്യനെ ഒന്നരവർഷം തടവിലിട്ട് കൊലപ്പെടുത്തി ചാലിയാറിൽ തള്ളിയ കേസിലെ വിവരങ്ങൾ പുറത്ത്. മറ്റൊരു കേസിന്‍റെ അന്വേഷണത്തിനിടെയാണ് പരാതിക്കാരനെ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ബന്ദിയാക്കി ഏഴംഗ സംഘം ലക്ഷങ്ങൾ കവർച്ച നടത്തിയെന്ന് പരാതി നൽകിയ ആളെയാണ് കൊലപാതകക്കേസിലെ പ്രധാന പ്രതിയെന്ന സൂചനയെത്തുടർന്ന്​ പൊലീസ്​ കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 24ന് മുക്കട്ടയിലെ വീട്ടിൽ ആക്രമിക്കപ്പെട്ടതായി നിലമ്പൂർ പൊലീസിൽ പരാതി നൽകിയ പ്രവാസി വ‍്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്​റഫിനെയാണ്​ (40) കസ്റ്റഡിയിലെടുത്തത്​.

ഇയാളുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ ബത്തേരി സ്വദേശി തങ്ങളകത്ത് അഷറഫ് എന്ന മുത്തു (47) ദിവസങ്ങൾക്കുമുമ്പ്​ നിലമ്പൂർ പൊലീസിന്‍റെ പിടിയിലായിരുന്നു. മറ്റ്​ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതോടെ പ്രധാന പ്രതി നൗഷാദുൾപ്പെടെ അഞ്ചംഗ സംഘം സെക്രട്ടേറിയറ്റിന്​ മുന്നിൽ ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. പരാതിക്കാരനായ ഷൈബിനെതിരെ ഗുരുതര ആരോപണമുന്നയിച്ചായിരുന്നു ആത്മഹത‍്യശ്രമം. തുടർന്ന്​ തിരുവനന്തപുരം കന്‍റോൺമെന്‍റ്​ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പൊലീസിന് കൈമാറിയിരുന്നു. ഇവരെ ചോദ‍്യം ചെയ്തതോടെയാണ് പ്രതികളിലൊരാളായ നൗഷാദിൽനിന്ന്​ പരാതിക്കാരനായ ഷൈബിൻ നടത്തിയ കൊലപാതക വിവരം ലഭിക്കുന്നത്.



(ഷൈബിനെതിരെ ആരോപണമുന്നയിച്ചുകൊണ്ട് കവർച്ച കേസ് പ്രതികൾ സെക്രട്ടറിയറ്റിന് മുന്നിൽ നടത്തിയ ആത്മഹത‍്യശ്രമം)

കൊലപാതകം തെളിയിക്കുന്ന പെൻഡ്രൈവ് ഉൾപ്പെടെ പൊലീസിന് ലഭിച്ചു

മൈസൂരു രാജീവ് നഗർ സ്വദേശിയും പാരമ്പര്യ ചികിത്സവൈദ്യനുമായ ഷാബാ ശെരീഫ് (60) എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഒന്നര വർഷത്തോളം നിലമ്പൂരിലെ വീട്ടിൽ ഷൈബിൻ ഇയാളെ തടങ്കലിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് നൗഷാദിന്‍റെ മൊഴി. മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാർ പുഴയിൽ എറിഞ്ഞതായും പറയുന്നു. 2019 ആഗസ്റ്റ് മുതൽ ഷാബാ ശെരീഫിനെ കാണാനില്ലെന്ന പരാതിയിൽ മൈസൂരു സരസ്വതീപുര പൊലീസിൽ കേസുണ്ട്. നൗഷാദിന്‍റെയും കൂട്ടാളികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കേസ്​ രജിസ്റ്റർ ചെയ്ത ശേഷം നിലമ്പൂർ പൊലീസ് ഷൈബിൻ അഷറഫിനെ കസ്റ്റഡിയിലെടുക്കുകയാരുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ‍്യം ചെയ്തുവരുകയാണ്.

ഒറ്റമൂലി പറഞ്ഞുകൊടുക്കാത്തതിന്​ ക്രൂര കൊലപാതകമെന്ന്​ മൊഴി

നിലമ്പൂർ: പൈൽസ് ചികിത്സക്ക് പേരുകേട്ട ഷാബാ ശെരീഫിനെ ആ മരുന്നിന്‍റെ ഒറ്റമൂലിയെക്കുറിച്ച് അറിയാനാണ് ഷൈബിൻ തടങ്കലിൽ പാർപ്പിച്ചതെന്ന്​ മൊഴി. പറഞ്ഞുകൊടുക്കാൻ തയാറാകാതെ വന്നതോടെ ഇയാളെ ഷൈബിന്‍റെ വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് നൗഷാദ് പൊലീസിന് നൽകിയ മൊഴി.

ഒന്നേകാൽ വർഷം ഇയാളെ ഷൈബിനും കൂട്ടാളികളും പുറംലോകമറിയാതെ തടവിൽ പാർപ്പിച്ചു. ക്രൂരപീഡനത്തിനിടെ ഇയാൾ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ഷൈബിനും മാനേജറും താനും ഉൾപ്പെടെയുള്ള സംഘം ഷൈബിന്‍റെ ആഡംബര കാറിൽ മൃതദേഹം ചാലിയാറിൽ തള്ളിയെന്ന്​ നൗഷാദ് പൊലീസിനോട് പറഞ്ഞു.

മൃതദേഹം ബാത്റൂമിൽ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കിയാണ് കാറിൽ കൊണ്ടുപോയത്. തുടർന്ന് തിരികെ വീട്ടിലെത്തി തെളിവുകൾ നശിപ്പിച്ചു. മൈസൂരുവിലെ ലോഡ്ജിൽ താമസിക്കുന്ന വയോധികനായ രോഗിയെ ചികിത്സിക്കാനെന്ന വ്യാജേനയാണ്​ ഷൈബിന്‍റെ നിർദേശ പ്രകാരം ഷാബാ ശെരീഫിനെ എത്തിച്ചത്​.

ഇയാളെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെൻഡ്രൈവിൽനിന്ന്​ പൊലീസിന് ലഭിച്ചതായാണ് സൂചന. ദൃശ്യത്തിൽനിന്ന്​ ബന്ധുക്കൾ ഇയാളെ തിരിച്ചറിഞ്ഞു.

കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാനും തെളിവുകൾ ശേഖരിക്കാനുമായി ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐമാരായ നവീൻഷാജ്, എം. അസൈനാർ, എ.എസ്.ഐമാരായ റെനി ഫിലിപ്, അനിൽകുമാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

Tags:    
News Summary - baba sherif murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.