ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

കളമശ്ശേരി: സർവിസിനിടെ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തിൽ വീട്ടിൽ അനീഷ് പീറ്ററാണ് (25) കൊല്ലപ്പെട്ടത്. ഉച്ചക്ക് 12.30ഓടെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ്-എച്ച്.എം.ടി ജങ്ഷൻ റൂട്ടിൽ സർവിസ് നടത്തിയിരുന്ന അസ്ത്ര ബസിലാണ് സംഭവം. കുത്തിയ ശേഷം ഓടിമറഞ്ഞ പ്രതി കളമശ്ശേരി ഗ്ലാസ് കോളനി ചാമപ്പറമ്പിൽ മിനൂബിനെ (തൊപ്പി -35) ആലുവ മുട്ടത്ത് നിന്ന് വൈകീട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയുടെ ഭാര്യയുമായുള്ള അനീഷിന്‍റെ സൗഹൃദമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. എച്ച്.എം.ടി ജങ്ഷനിലേക്ക് യാത്രക്കാരുമായി വരും വഴി ആളെ ഇറക്കാൻ ജുമാമസ്ജിദിന് മുന്നിൽ നിർത്തിയ സമയം കാത്തുനിൽക്കുകയായിരുന്ന പ്രതി പിൻവാതിലിലൂടെ കയറി ആദ്യം നെഞ്ചിൽ കുത്തി. കുത്തേറ്റ അനീഷ് പ്രതിയുടെ കൈയിൽ കയറിപ്പിടിച്ചു. ഇതിനിടെ, അനീഷിന്‍റെ കൈക്കും കഴുത്തിനും മുറിവേറ്റു. സംഭവശേഷം ഒരു യാത്രക്കാരിയെ തള്ളിവീഴ്ത്തി പ്രതി ഇറങ്ങിയോടി. വീഴ്ചയിൽ യാത്രക്കാരിക്കും പരിക്കേറ്റു.

കുത്തേറ്റ് വീണ അനീഷിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി എറണാകുളം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

പ്രതി എത്തിയതെന്ന് കരുതുന്ന ബൈക്ക് എച്ച്.എം.ടി ജങ്ഷനിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നാണ് പൊലീസ് നൽകുന്ന വിവരം. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് ബസിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. ബസിലെ യാത്രക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യത്തിനുശേഷം പ്രതി ഓടിപ്പോകുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വികളിൽനിന്ന് ശേഖരിച്ച് നടത്തിയ അേന്വഷണത്തിലാണ് മിനൂബ് പിടിയിലായത്.

Tags:    
News Summary - Bus conductor stabbed to death; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.