കാൺപൂർ: കോവിഡ് 19െന തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 61കാരനായ ഡോക്ടർ. ഉത്തർപ്രദേശിലെ കല്യാൺപൂരിലാണ് സംഭവം.
സ്വകാര്യ മെഡിക്കൽ കോളജിൽ ഫോറൻസിക് മെഡിസിൻ വകുപ്പിന്‍റെ തലവനാണ് സുഷീൽ കുമാർ. വെള്ളിയാഴ്ച വൈകിട്ട് സുഷീൽ തന്‍റെ ഇരട്ട സഹോദരനായ സുനിലിന് ഒരു സന്ദേശം അറിയിച്ചിരുന്നു. കൊലപാതക വിവരം പൊലീസിൽ അറിയിക്കണമെന്നായിരുന്നു സന്ദേശം.
മെസേജ് ലഭിച്ച ഉടൻതന്നെ സുനിൽ സഹോദരന്‍റെ വീട്ടിലെത്തി. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്. അപാർട്ട്മെന്റിന്റെ സെക്യൂരിറ്റിയുടെ സഹായത്തോടെ പൂട്ട് പൊളിച്ച് വീടിന് അകത്ത് കടന്നപ്പോൾ സഹോദരന്‍റെ ഭാര്യയെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
48കാരിയായ ചന്ദ്രപ്രഭ, എൻജിനീയറിങ് വിദ്യാർഥിയായ ശിഖർ സിങ്, ഹൈസ്കൂൾ വിദ്യാർഥിയായ ഖുഷി സിങ് എന്നിവരാണ് മരിച്ചത്. ഉടൻ തന്നെ സുനിൽ കൊലപാതക വിവരം പൊലീസിനെ അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് സുശീൽ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി സുനിൽ പറഞ്ഞു. മൂന്നുപേർക്കും ലഹരി കലർത്തിയ ചായ നൽകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ചുറ്റികക്ക് അടിച്ചാണ് ചന്ദ്രപ്രഭയെ കൊലപ്പെടുത്തിയത്. ശിഖറിനെയും ഖുഷിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കമീഷണർ അസിം അരുൺ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് മൂവരും കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്തുനിന്ന് സുശീലിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തു. താൻ വിഷാദരോഗിയാണെന്നും കുടുംബത്തെ മുഴുവൻ ബുദ്ധിമുട്ടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ ഒറ്റ നിമിഷം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും അവസാനിക്കുമെന്നും കോവിഡ് 19ൽനിന്ന് ആരും മോചിതരാകാൻ പോകുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, പ്രതിയെ കണ്ടെത്താൻ അന്വേഷണം ഉൗർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.