ഗുവാഹത്തി: നാലു ലക്ഷം രൂപക്ക് വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ 11 ദിവസം പ്രായമായ പെൺകുഞ്ഞിനെ പിതാവ് കൊന്നു. അസാമിലെ ബജാലി ജില്ലയിലാണ് ദാരുണ സംഭവം. ദൂബി മലിപാര സ്വദേശിയായ നിരഞ്ജൻ മലക്കറി (35) നെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ഡോക്ടർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നാല് ലക്ഷം രൂപക്ക് കുഞ്ഞിനെ വിൽക്കാമെന്ന് നിരഞ്ജൻ പ്രദേശത്തെ ദമ്പതികൾക്ക് വാക്കു നൽകിയിരുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയിലെ ഡോക്ടർ ദിഗാന്തയാണ് ഇതിന് ഒത്താശ ചെയ്തത്. കുഞ്ഞ് ജനിച്ച ആഗസ്റ്റ് ഏഴിന് തന്നെ പിതാവ് വിൽക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ തടഞ്ഞു.
പിന്നാലെ ഇയാൾ കുഞ്ഞുമായി കടന്നു കളഞ്ഞു. ബന്ധുക്കൾ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. ഇതിനിടെ നിരഞ്ജൻ തന്നെ ആശുപത്രിയിലേക്ക് വിളിച്ച് കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. കുഞ്ഞിനെ സംസ്‌കരിച്ചതെവിടെയാണെന്നും ഇയാൾ വെളിപ്പെടുത്തി. തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയും ബിസനാല നദിക്ക് സമീപത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനയച്ചിരിക്കുകയാണ്. കുഞ്ഞിനെ വിൽക്കുന്ന കാര്യം നിരഞ്ജൻ സംസാരിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. പണം വാങ്ങിയതിനാൽ കുഞ്ഞിനെ കൊടുക്കാതിരിക്കാൻ കഴിയില്ലെന്നായിരുന്നു ഇയാളുടെ വാദം. നിലവിൽ കുട്ടിയുടെ പിതാവും ഡോക്ടറും ഒളിവിലാണ്. ഇരുവർക്കുമായി അന്വേഷണം ഊർജിതമാക്കിയതായി ബജാലി പൊലീസ് മേധാവി സിദ്ധാർഥ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.