തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണച്ചുമതല ഫോർട്ട് അസി.കമീഷണർക്ക് കൈമാറി. കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുരിക്കറ വീട്ടിൽ എസ്. ഗായത്രി (24) പട്ടികജാതിക്കാരിയായതിനാലാണ് പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം അന്വേഷണം തമ്പാനൂർ സി.ഐയിൽനിന്ന് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറി സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ ഉത്തരവിറക്കിയത്.
പ്രതി കൊല്ലം പരവൂർ കോട്ടപ്പുറം ചെമ്പൻതൊടിയിൽ ജെ. പ്രവീണിനെ (31) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഫോർട്ട് അസി.കമീഷണർ എസ്. ഷാജി പറഞ്ഞു.
ഞായറാഴ്ച പുലർച്ചയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിലെ ചോള സാമ്രാട്ട് ഹോട്ടലിലെ 107ാം നമ്പർ മുറിയിൽ ഗായത്രിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഗായത്രിയുടെ ഫോണുമായാണ് പ്രവീൺ കടന്നുകളഞ്ഞത്.
ഈ ഫോണിൽ നിന്ന് ഞായറാഴ്ച 12.30ഓടെ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് അറിയിക്കുന്നത്.
തുടർന്ന്, ജീവനക്കാർ പൂട്ട് തകർത്ത് മുറി തുറന്നപ്പോഴാണ് വായിൽനിന്ന് നുരയും പതയും വന്ന നിലയിൽ ഗായത്രിയുടെ മൃതദേഹം കണ്ടത്. ബന്ധത്തിൽനിന്ന് പിന്മാറാത്തപക്ഷം ഗായത്രിയെ വകവരുത്താൻ മുൻകൂട്ടി തന്നെ പ്രവീൺ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. കസ്റ്റഡിയിൽ ലഭിച്ച് കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ പുറത്തൂവരൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു.
കൊലപാതകത്തിനുശേഷം പ്രതി പ്രവീണുമായി ഗായത്രിയുടെ ബന്ധു നടത്തിയ ഫോണ്‍ സംഭാഷണവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഗായത്രിയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നത്.
തുടർന്ന്, രാത്രി ഏഴു മണിയോടെ, പത്തനംതിട്ടയിലെ ബന്ധുവാണ് ഗായത്രിയുടെ മൊബൈലിലേക്ക് വിളിക്കുന്നത്. ഫോൺ എടുത്ത പ്രവീണ്‍, ബന്ധു ആവശ്യപ്പെട്ടിട്ടും ഗായത്രിക്ക് ഫോണ്‍ കൈമാറാന്‍ വിസമ്മതിച്ചു.
ആരാണ് സംസാരിക്കുന്നതെന്ന ചോദ്യത്തിന് ഗായത്രിയെ വിവാഹം കഴിച്ചയാൾ എന്ന മറുപടിയാണ് പ്രവീൺ നൽകിയത്. ഇവർ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോണ്‍ ഗായത്രിക്ക് കൈമാറാന്‍ പ്രവീണ്‍ തയാറായില്ല. ഗായത്രിയുടെ അമ്മയും സഹോദരിയും വിളിച്ചപ്പോഴും ഗായത്രിയുടെ ഫോണിൽ സംസാരിച്ചത് പ്രവീണായിരുന്നു.
തിരുവനന്തപുരം: ഗായത്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പ്രവീണിന്റെ ഭാര്യയിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രവീൺ കൊല നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് ഐശ്വര്യ തമ്പാനൂർ പൊലീസിനോട് പറഞ്ഞു.
ലോക്ഡൗണ്‍ കഴിഞ്ഞ് ജ്വല്ലറി തുറന്നപ്പോള്‍ ജീവനക്കാരെ വാഹനത്തില്‍ ജോലിക്ക് എത്തിക്കുകയും മടക്കിക്കൊണ്ടുപോവുകയും ചെയ്തിരുന്നത് പ്രവീണായിരുന്നു. അക്കാലത്താണ് ജ്വല്ലറിയിലെ റിസപ്ഷനിസ്റ്റായ ഗായത്രിയും ഡ്രൈവറായ പ്രവീണും അടുക്കുന്നത്. അടുപ്പം മനസ്സിലാക്കിയതിനെ തുടർന്ന് ഐശ്വര്യ പ്രവീണിനെതിരെ പരവൂർ പൊലീസിൽ പരാതി നൽകി. ഇത് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു പരിഹരിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ബന്ധമുള്ളതായി അറിയില്ലെന്ന് ഐശ്വര്യ മൊഴി നൽകി.
പരവൂർ സ്റ്റേഷനിൽ ഐശ്വര്യ പ്രവീണിനെതിരെ നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഉൾപ്പെടെ മൊഴിയായി രേഖപ്പെടുത്തും. കൊലപാതകത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഐശ്വര്യ രണ്ടാമതും ഗർഭിണിയായതോടെ പ്രവീൺ ഗായത്രിയെ ഒഴിവാക്കാൻ ശ്രമിെച്ചന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.