പട്ടിമറ്റം (കൊച്ചി): ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം സ്വദേശികളായ താമരച്ചാലിൽ അഖിൽ മോഹൻ (34), പുഞ്ഞിപ്പാറയിൽ പി.എ. അനീഷ് (39), ആലപ്പുഴ സ്വദേശി ഇല്ലത്ത് തെക്കേതിൽ ശ്യാംലാൽ (27), മാവേലിക്കര സ്വദേശി വലിയതറയിൽ അനീഷ് കുമാർ (42) എന്നിവരാണ് പിടിയിലായത്.
നിലമ്പൂരിൽനിന്ന് ലഭിച്ച ആനക്കൊമ്പ് അഞ്ചുലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വിൽക്കാനായിരുന്നു ശ്രമം. പട്ടിമറ്റത്തെ വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. വനംവകുപ്പ് ഇന്റലിജൻസ് വിഭാഗം, പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡ്, മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് നാലുപേരും കുടുങ്ങിയത്. പിടിയിലായ അനീഷിന്റെ തറവാട്ട് വീട്ടിൽ വെച്ച് ആലപ്പുഴ സ്വദേശികൾക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു പദ്ധതി. അഖിൽ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്. അന്വേഷണങ്ങൾക്കൊടുവിലാണ് ആലപ്പുഴയിൽനിന്ന് ഇടപാടുകാരെ കണ്ടെത്തി അഞ്ചുലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചത്. കൊമ്പ് വാങ്ങാൻ ആലപ്പുഴയിൽനിന്ന് കാറിലാണ് ശ്യാംലാലും അനീഷും എത്തിയത്. ഇടപാടുകാരെത്തിയ കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കാറിൽ ചന്ദനം കടത്തിയ കേസിൽ പട്ടിമറ്റം സ്വദേശി അനീഷ് വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.